പഞ്ചസാരയാണോ ശർക്കരയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?

പ്രധാനപ്പെട്ട ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. ഭക്ഷണത്തിലൂടെ അമിതമായ അളവിൽ പഞ്ചസാര ശരീരത്തിൽ എത്തുന്നത് പൊണ്ണത്തടിക്ക് കാരണമാകും. അതുകൊണ്ടുതന്നെ ഇക്കാലത്ത് ആരോഗ്യപൂർണമായ ഭക്ഷണശീലത്തിനായി പഞ്ചസാര ഉപേക്ഷിക്കാനാണ് പ്രമുഖ ഡയറ്റീഷ്യൻമാർ നിർദേശിക്കാറുള്ളത്. ഇതിന് പകരമായി ശർക്കര, കൽക്കണ്ട്, ബ്രൗൺ ഷുഗർ എന്നിവ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ശർക്കര ശരിക്കും ആരോഗ്യത്തിന് ഗുണകരമാണോ? മുംബൈയിലെ പ്രശസ്ത ഡയറ്റീഷ്യനായ ഡോ. റിതിക ശർമ്മ പഞ്ചസാരയെയും ശർക്കരയെയും താരതമ്യം ചെയ്യുന്നത് നോക്കൂ.

1) ശർക്കര ഒരിക്കലും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന വസ്തുവല്ല

2) ശർക്കരയുടെയും പഞ്ചസാരയുടെയും ഉപയോഗം ഭക്ഷണ സംയോജനത്തെയും കാലത്തെയും ആശ്രയിച്ചിരിക്കുന്നു.

3) ശൈത്യകാലത്ത് ശർക്കരയും വേനൽക്കാലത്ത് പഞ്ചസാരയും ഉപയോഗിക്കുന്നത് നല്ലതാണ്.

4) പായസം, അരി പലഹാരങ്ങൾ, ഹൽവ, ലഡു എന്നിവ തയ്യാറാക്കാൻ ശർക്കര ഉപയോഗിക്കാം

5) ചായ, കാപ്പി, ജിലേബി മുതലായവ തയ്യാറാക്കാൻ പഞ്ചസാര ഉപയോഗിക്കുക.

ശർക്കര സാവധാനത്തിൽ ആഗിരണം ചെയ്യുന്നത് ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമാക്കുന്നു, എന്നാൽ പഞ്ചസാര അതിവേഗം ആഗിരണം ചെയ്യപ്പെടുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു.

ശർക്കരയിൽ ധാതുക്കളും വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ഉണ്ട്, ഇത് ശരീരത്തിന്റെ ആരോഗ്യത്തിനും
പ്രതിരോധശേഷിക്കും സഹായകരമാണ് കൂടാതെ ശർക്കരയ്ക്ക് അലർജി വിരുദ്ധ ഗുണങ്ങളുമുണ്ട്. മാത്രമല്ല, ആസ്ത്മ പോലുള്ള വിവിധ ശ്വസന വൈകല്യങ്ങളുടെ ചികിത്സയിലും ശർക്കര സഹായിക്കുന്നു. ചുമ, ജലദോഷം, നെഞ്ചിലെ കഫക്കെട്ട് എന്നിവയുള്ളവർ ഭക്ഷണത്തിന് ശേഷം അൽപ്പം ശർക്കര കഴിക്കുന്നത് ശരീരത്തിൽ നിന്ന് അധിക വിഷവസ്തുക്കളെ നീക്കം ചെയ്ത് ദഹനം എളുപ്പമാക്കാൻ സഹായിക്കും.

എന്നാൽ പഞ്ചസാരയും ശർക്കരയും കൂടുതൽ ഊർജ ഉൽപാദനം നടത്തുകയും അതുവഴി കലോറി വർദ്ധിപ്പിക്കുകയും ചെയ്യും. കലോറി കൂടുതലാണെങ്കിലും ശർക്കര ശീലമാക്കിയാൽ ശരീരത്തിന് ഗുണകരമായ ചില പോഷണങ്ങൾ ലഭിക്കും. അതേസമയം ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് മധുരമല്ലാതെ മറ്റൊരു ഗുണവുമില്ല.

പഞ്ചസാര അമിതമായി കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് വളരെ വർദ്ധിപ്പിക്കുകയും പ്രമേഹം, കരൾ വീക്കം, കുടലിൽ ദ്വാരം എന്നീ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. ശർക്കരയിൽ പഞ്ചസാരയും ഉണ്ടെങ്കിലും ഇത് ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് തുല്യമല്ല. മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ അധിക പോഷകങ്ങൾ ശർക്കര നൽകുന്നുണ്ടെങ്കിലും ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അമിതമായി ശർക്കരയോ പഞ്ചസാരയോ ഉപയോഗിക്കുന്നത് ഇൻസുലിൻ പ്രതിരോധം എന്ന അവസ്ഥ സൃഷ്ടിക്കും. ശരീരഭാരം വർദ്ധിക്കുക, ഹോർമോൺ അസന്തുലിതാവസ്ഥ, ഹാഷിമോട്ടോസ് തൈറോയ്ഡ് പോലുള്ള സ്വയം രോഗപ്രതിരോധ രോഗങ്ങൾ എന്നിവ വരാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്ന് അമിതമായി പഞ്ചസാര ഉപയോഗിക്കുന്നതാണ്.

Summary: Is jaggery better than sugar? Is it healthy to replace sugar with jaggery?