മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബർ, പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ മധുരക്കിഴങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്. തണുപ്പ് കാലത്ത് കഴിക്കാൻ അനുയോജ്യമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്. അന്നജം അടങ്ങിയ മധുരമുള്ള കിഴങ്ങാണ് ഇത്. മധുരക്കിഴങ്ങ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
മധുരക്കിഴങ്ങിൽ ധാരാളം നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കും. പർപ്പിൾ നിറത്തിൽ കാണുന്ന മധുരക്കിഴങ്ങിൽ ഉയർന്ന ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് നിരവധി ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രമേഹ രോഗികൾക്കും കഴിക്കാം
പ്രമേഹ രോഗികൾക്ക് മധുരക്കിഴങ്ങ് കഴിക്കാമോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. അന്നജം അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടും. മധുരക്കിഴങ്ങിന് മധുരമുണ്ട്. എന്നാൽ, ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. മാത്രമല്ല, നിറയെ നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നില്ല. പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി മധുരക്കിഴങ്ങ് കഴിക്കാം.
ചർമ്മത്തിനും മുടിക്കും ആരോഗ്യം
വിവിധ തരത്തിലുള്ള മധുരക്കിഴങ്ങുകൾ ഉണ്ട്. ഇവയെല്ലാം പോഷകങ്ങളാൽ സമ്പന്നമാണ്. ഇവയിലെ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി, ഇ എന്നിവ ചർമ്മത്തിനും മുടിക്കും ആരോഗ്യം നൽകും.
മനസികാരോഗ്യത്തിന്
മധുരക്കിഴങ്ങ് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ പറയുന്നു. പർപ്പിൾ നിറമുള്ള മധുരക്കിഴങ്ങിന് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിവുണ്ട്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
ഉയർന്ന രോഗപ്രതിരോധ ശേഷി
ഇളം ഓറഞ്ച് നിറത്തിൽ കാണുന്ന മധുരക്കിഴങ്ങിൽ ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിൻ കാണപ്പെടുന്നു. ശരീരം ഈ ബീറ്റാ കരോട്ടിനെ വിറ്റാമിൻ എ ആക്കി മാറ്റുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും വിറ്റാമിൻ എ സഹായിക്കുന്നു. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യവും സംരക്ഷിക്കുന്നു.
കാഴ്ച മെച്ചപ്പെടുത്തുന്നു
വിറ്റാമിൻ എ കണ്ണുകൾക്ക് നല്ലതാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഇളം ഓറഞ്ച് നിറത്തിൽ കാണുന്ന മധുരക്കിഴങ്ങ് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ദഹനം എളുപ്പമാക്കുന്നു
മധുരക്കിഴങ്ങിലെ നാരുകൾ ദഹനം എളുപ്പമാക്കുന്നു. കുട്ടികളിലും മുതിർന്നവരിലും മലബന്ധം ഇല്ലാതാക്കാൻ മധുരക്കിഴങ്ങിന് സാധിക്കും. ദഹനവ്യവസ്ഥയെ സംരക്ഷിക്കാൻ കഴിവുള്ള ഫൈറ്റോസ്റ്റെറോൾ എന്ന സംയുക്തവും മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് അൾസർ പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും.