പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത 3 പച്ചക്കറികൾ

ആരോഗ്യകരമായ ജീവിതത്തിന് പച്ചക്കറികളും പഴങ്ങളും അടങ്ങിയ ഭക്ഷണശീലം പിന്തുടരണമെന്നാണ് ഡയറ്റീഷ്യൻമാർ നിർദേശിക്കുന്നത്. ചില പച്ചക്കറികൾ പാകം ചെയ്തുകഴിക്കുമ്പോൾ അതിലെ പോഷകഗുണം നഷ്ടമാകാറുള്ളതുകൊണ്ട് അവ പച്ചയ്ക്ക് തന്നെ കഴിക്കണമെന്നും പറയാറുണ്ട്. ചില പച്ചക്കറികൾ ഇത്തരത്തിൽ പച്ചയ്ക്ക് കഴിക്കുന്നത് കൂടുതൽ ഊർജം ലഭിക്കാനും ചർമ്മ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അതുവഴി ഹൃദ്രോഗവും ക്യാൻസറും ചെറുക്കാനുമാകും. എന്നാൽ ചില പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കും. അത്തരം പച്ചക്കറികളിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയകൾ, വിഷവസ്തുക്കൾ, പരാന്നഭോജികൾ എന്നിവ ശരീരത്തിൽ എത്തുന്നത് ഏറെ അപകടകരമാണ്.

ചില പച്ചക്കറികളിലും പഴങ്ങളിലും പരാന്നഭോജികളുടെയും ഇ.കോളി പോലുള്ള ബാക്ടീരിയകളുടെയും സാന്നിധ്യമുണ്ട്. അവ നമ്മുടെ കുടലിലേക്കും രക്തപ്രവാഹത്തിലേക്കും പ്രവേശിക്കുകയോ തലച്ചോറിലേക്ക് പ്രവേശിക്കുകയോ ചെയ്താൽ സിസ്റ്റിസെർകോസിസ്, അപസ്മാരം, തലവേദന, കരളിന് കേടുപാടുകൾ, പേശികളിലെ സിസ്റ്റുകൾ എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് കൊച്ചിയിലെ ഡയറ്റീഷ്യനായ ഡോ. ജോർജ് തോമസ് പറയുന്നു. പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം…

  1. കാബേജ്

നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ വിരകളും അവയുടെ മുട്ടകളും ധാരാളം അടങ്ങിയ പച്ചക്കറിയാണിത്. ഈ വിരകളിൽ ചിലത് ഏറ്റവും കഠിനമായ കീടനാശിനികളെ അതിജീവിക്കാൻ കഴിയുന്നവയാണ്. അതിനാൽ കാബേജ് ഇനത്തിലുള്ള പച്ചക്കറി നല്ലതുപോലെ കഴുകിയാലും ഈ വിരകൾ പോകില്ല. ഇത് പച്ചയ്ക്ക് കഴിച്ചാൽ നേരത്തെ പറഞ്ഞ വിരകൾ ശരീരത്തിലെത്തുകയും അപകടകാരിയായി മാറുകയും ചെയ്യും. ഇത് ഒഴിവാക്കാൻ കാബേജ് ചൂടുവെള്ളത്തിൽ ഇട്ടുവെച്ചശേഷം നന്നായി കഴുകുകയും നന്നായി വേവിക്കുകയും ചെയ്യുക.

  1. കാപ്സിക്കം

ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാപ്സിക്കം. ധാരാളം ആൻറി ഓക്സിഡൻറുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ കാപ്സിക്കത്തിൽ നഗ്നനേത്രങ്ങൾകൊണ്ട് കാണാനാകാത്ത ടേപ്പ് വേം ഇനത്തിൽപ്പെട്ട് വിരകൾ ധാരാളമുണ്ട്. ആയതിനാൽ നല്ലരീതിയിൽ വേവിച്ചു മാത്രമേ കാപ്സിക്കം കഴിക്കാൻ പാടുള്ളൂ.

  1. വഴുതന

വഴുതനയിലും ടേപ്പം വേം വിരകളും അവയുടെ മുട്ടകളുടെയും സാന്നിധ്യമുണ്ടാകാം. വഴുതന പച്ചയ്ക്ക് കഴിച്ചാൽ ഈ വിരകൾ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും അത് ആരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വഴുതന നന്നായി വേവിച്ച് വേണം കഴിക്കാൻ.

Also Read: കർക്കിടകത്തിൽ കഴിക്കാൻ പാടില്ലാത്ത 5 പച്ചക്കറികൾ

Content Summary: These 3 vegetables should never be consumed raw