Last Updated on January 18, 2025
ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കാൻ നാം പലതും ചെയ്യാറുണ്ട്. വ്യായാമങ്ങളിലും വിനോദങ്ങളിലും ഏർപ്പെടുന്നതും യാത്രകൾ പോകുന്നതും ധ്യാനിക്കുന്നതും ഒക്കെ അവയിൽ ചില കാര്യങ്ങളാണ്. ഇഷ്ടഭക്ഷണം കഴിക്കുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ചില പ്രത്യേക ഭക്ഷണങ്ങൾക്ക് നമ്മെ സന്തോഷിപ്പിക്കാനാകുമെന്ന് അറിയാമോ?
ഭക്ഷണങ്ങൾ സന്തോഷിപ്പിക്കുന്നതെങ്ങനെ?
നമ്മുടെ ശരീരത്തിലെ വിവിധ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളാണ് ഹോർമോണുകൾ. ഇവ രക്തത്തിൽ ചേർന്ന് ശരീരഭാഗങ്ങളിൽ എത്തുന്നു. ഈ ഹോർമോണുകൾ സന്ദേശവാഹകരായും ശാരീരിക പ്രവർത്തനങ്ങളിൽ പങ്കാളികളായും നമ്മുടെ ശരീരത്തെ സഹായിക്കുന്നു. നമുക്ക് സന്തോഷം എന്ന വികാരം ഉണ്ടാക്കുന്നതും ഇവയിൽ ചില ഹോർമോണുകളാണ്.ഡോപമിൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻഡോർഫിൻസ് എന്നിങ്ങനെ 4 സന്തോഷഹോർമോണുകളാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്.
- ഡോപമിൻ: “ഫീൽ-ഗുഡ്” ഹോർമോൺ എന്നാണ് ഡോപമിൻ അറിയപ്പെടുന്നത്. സന്തോഷ സംവേദനങ്ങളെ കൈകാര്യം ചെയ്യുന്നത് ഈ ഹോർമോണാണ്. കൂടാതെ പഠനം, ഓർമ്മശക്തി എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു.
- സെറോടോണിൻ: ഇതും ഒരു സംവേദ ഹോർമോണാണ്. മാനസികാവസ്ഥയെയും ഉറക്കം, വിശപ്പ്, ദഹനം എന്നിവയെയും നിയന്ത്രിക്കുന്നത് ഈ ഹോർമോണാണ്.
- ഓക്സിടോസിൻ: “സ്നേഹ ഹോർമോൺ” എന്നറിയപ്പെടുന്ന ഓക്സിടോസിനാണ് ബന്ധങ്ങളിൽ വിശ്വാസം, സഹാനുഭൂതി എന്നിവ അനുഭവപ്പെടാൻ കാരണമാകുന്നത്. പ്രസവത്തിനും മുലയൂട്ടലിനും ശക്തമായ രക്ഷാകർതൃ-ശിശു ബന്ധത്തിനും അത്യന്താപേക്ഷിതമാണ് ഈ ഹോർമോൺ.
- എൻഡോർഫിൻസ്: ശരീരം സമ്മർദ്ധത്തിലോ അസ്വസ്ഥതയിലോ ആകുമ്പോൾ സ്വാഭാവികമായ ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ഹോർമോണാണിത്.
ഈ സന്തോഷ-ഹോർമോണുകളുടെ ഉത്പ്പാദനം കൂട്ടാൻ നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾക്ക് സാധിക്കും. അങ്ങനെയാണ് ഈ ഭക്ഷണങ്ങൾ നമുക്ക് സന്തോഷം നൽകുന്നത്. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്ന് നോക്കാം..
കാപ്പി
കാപ്പി കുടിക്കുന്നത് വിഷാദം കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. കഫീൻ അടങ്ങിയതും കഫീൻ ഇല്ലാത്തതുമായ കാപ്പി ഒരാളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
കറുത്ത ചോക്ലേറ്റ്
കൊക്കോ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ചോക്ലേറ്റിലെ ട്രിപ്റ്റോഫാൻ, തിയോബ്രോമിൻ, ഫെനൈലെതൈലാമൈൻ എന്നീ ഘടകങ്ങൾ സന്തോഷം ഉണ്ടാകാൻ സഹായിക്കുന്നു. നമ്മുടെ മാനസികാവസ്ഥയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ കൊക്കോക്ക് കഴിവുണ്ട്. ഇത് നമുക്ക് കൂടുതൽ ഊർജ്ജം നൽകുന്നു. ചോക്ലേറ്റിലെ ട്രിപ്റ്റോഫാൻ എന്ന ഘടകം ഉപയോഗിച്ചാണ് നമ്മുടെ മസ്തിഷ്‌കം സെറോടോണിൻ ഉത്പാദിപ്പിക്കുന്നത്. ഇത് ഒരു അമിനോ ആസിഡാണ്.
വാഴപ്പഴം
ശരീരത്തിന് സെറോടോണിൻ നിർമ്മിക്കാൻ ആവശ്യമായ വിറ്റാമിൻ ബി 6 വാഴപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബി വിറ്റാമിൻ ഫോളേറ്റിന്റെ നല്ല ഉറവിടം കൂടിയാണ് വാഴപ്പഴം. ഇത് വിഷാദം കുറയ്ക്കാൻ സഹായിക്കും.
തേൻ
തേനിലെ ക്വെർസെറ്റിൻ, കെംഫെറോൾ എന്നീ സംയുക്തങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇത് വിഷാദം അകറ്റി നമ്മെ സന്തോഷിപ്പിക്കുന്നു. തേനിലെ ആന്റി-ബാക്റ്റീരിയൽ ഗുണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കും. അസുഖങ്ങൾ ഇല്ലാതിരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്.
നാളികേരം
നാളികേരത്തിൽ മീഡിയം ചെയിൻ-ട്രൈഗ്ലിസറൈഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കും. തേങ്ങാപ്പാലിൽ നിന്നുള്ള MCT കൾ ഉത്കണ്ഠ കുറയ്ക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് നാളികേരത്തെ നല്ല മൂഡ് നൽകുന്ന ഭക്ഷണമായി പരിഗണിക്കുന്നു.
കൊഴുപ്പുള്ള മത്സ്യം
സാൽമൺ, അയല പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഈ ഫാറ്റി ആസിഡുകൾ സെറോടോണിൻ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
ഫെർമെന്റഡ് ഭക്ഷണങ്ങൾ
തൈര്, കിംചി, കംബുച എന്നിവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും, സെറോടോണിൻ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഓട്സ്
ഓട്സ് ഗ്ലൂക്കോസ് റിലീസ് നിയന്ത്രിച്ച് ഊർജ്ജ നില സ്ഥിരമാക്കാൻ സഹായിക്കുന്നു. ഇത് മാനസികാരോഗ്യത്തിന് ഗുണകരമാണ്.
Also Read | സംഗീതവും ലൈംഗികതയും; സന്തോഷം നൽകുന്ന 8 കാര്യങ്ങൾ
Content Summary: Healthy foods that make people happy