ആരോഗ്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് ഡയറ്റിനുള്ളത്. അതുകൊണ്ടുതന്നെ ആശുപത്രികളിൽ ഡയറ്റീഷ്യൻ, ന്യൂട്രീഷ്യൻ വിഭാഗങ്ങളിലുള്ള ഡോക്ടർമാർക്ക് തിരക്കേറുകയാണ്. ഇക്കാലത്ത് ഏറ്റവും ജനപ്രിയമായ ഭക്ഷണരീതിയാണ് മെഡിറ്ററേനിയൻ ഡയറ്റ്. പ്രധാനമായും ഭക്ഷണത്തിൻറെ അളവിനേക്കാൾ ഗുണനിലവാരത്തിനാണ് മെഡിറ്ററേനിയൻ ഡയറ്റ് പ്രാധാന്യം നൽകുന്നത്. ഗ്രീസ്, ഇറ്റലി, ലെബനൻ, ക്രൊയേഷ്യ, തുർക്കി, മൊണാക്കോ എന്നിവയുൾപ്പെടെ മെഡിറ്ററേനിയൻ കടലിന്റെ അതിർത്തിയിലുള്ള 21 രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണരീതിയെ അടിസ്ഥാനമാക്കിയുള്ളതാണ് മെഡിറ്ററേനിയൻ ഡയറ്റ്.
മെഡിറ്റേനിയൻ ഡയറ്റിൽ പ്രധാനമായും സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ, ധാരാളം പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങൾ, ബീൻസ്, പരിപ്പ്, കടൽ മൽസ്യം, കൊഴുപ്പില്ലാത്ത ചിക്കൻ, വെർജിൻ എണ്ണയിൽ(ഒലിവ് ഓയിൽ, സോയാബീൻ ഓയിൽ, കടുകെണ്ണ, നിലക്കടല എണ്ണ) നിന്നുള്ള അപൂരിത കൊഴുപ്പ് എന്നിവ ഉൾപ്പെടുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവ പോലുള്ള ചില വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
മെഡിറ്ററേനിയൻ ഭക്ഷണത്തിന്റെ പോഷക ഗുണങ്ങളെക്കുറിച്ചുള്ള ഒരു പഠനം ആദ്യമായി പ്രസിദ്ധീകരിച്ചത് സെവൻ കൺട്രീസ് സ്റ്റഡി (എസ്‌സിഎസ്) എന്ന ജേർണലിലാണ്. 1958 മുതൽ 1999 വരെ ഗ്രീസ്, ഇറ്റലി, ജപ്പാൻ, ഫിൻലൻഡ്, മുൻ യുഗോസ്ലാവിയ, നെതർലാൻഡ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ താമസിക്കുന്ന 13,000 പുരുഷന്മാർക്കിടയിൽ ഭക്ഷണവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം ആഴത്തിൽ വിശകലനം ചെയ്താണ് ഈ പഠനറിപ്പോർട്ട് തയ്യാറാക്കിയത്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഒരു വ്യക്തി ഉപയോഗിക്കുന്ന കൊഴുപ്പിന്റെ തരം (പൂരിതം, മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ്) എന്നിവ പ്രധാനമാണെന്ന് പഠനം തെളിയിച്ചു. കൊഴുപ്പ് അപൂരിതമാണെങ്കിൽ, കൊഴുപ്പിൽ നിന്നുള്ള മൊത്തം കലോറിയുടെ 40 ശതമാനം വരെ ഹൃദയത്തിന് ആരോഗ്യകരമായിരിക്കും.
ചരിത്രം
മെഡിറ്ററേനിയൻ ഭക്ഷണത്തിന്റെ ഉത്ഭവം മധ്യകാലഘട്ടത്തിലെ ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ പുരാതന റോമൻ പാരമ്പര്യം, ഗ്രീക്ക് മാതൃകയിലുള്ള റൊട്ടി, വീഞ്ഞ്, എണ്ണ ഉൽപന്നങ്ങൾ തുടങ്ങിയവ ആ നാടുകളിലെ ഗ്രാമീണ സംസ്കാരത്തിന്റെയും കൃഷിയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. പച്ചക്കറികൾ, ചെറിയ മാംസം, മത്സ്യവും സമുദ്രവിഭവങ്ങളും ഭക്ഷണക്രമത്തിൽ അക്കാലത്ത് തന്നെ ഒഴിച്ചുകൂടാനാവാത്തതായിരുന്നു.
മെഡിറ്ററേനിയൻ ഡയറ്റ് എങ്ങനെ?
മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ, ദിവസവും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ബീൻസ്, പരിപ്പ്, പയർവർഗ്ഗങ്ങൾ, ഒലിവ് ഓയിൽ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുന്നു. കൂടാതെ കോഴിയിറച്ചി, മുട്ട, ചീസ്, തൈര് എന്നിവ മിതമായ അളവിൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും കഴിക്കണം. കൂടാതെ മത്സ്യ ഉൽപന്നങ്ങൾ ആഴ്ചയിൽ 4 ദിവസമെങ്കിലും കഴിക്കണം. വളരെ കുറഞ്ഞ അളവിൽ വല്ലപ്പോഴും മാത്രമെ ചുവന്ന മാംസവും(ബീഫ്, മട്ടൻ, പോർക്ക്) മധുരപലഹാരങ്ങളും ഉപയോഗിക്കാൻ പാടുള്ളൂ. മദ്യപാനം കർശനമായും നിയന്ത്രിക്കണമെന്നും മെഡിറ്ററേനിയൻ ഡയറ്റ് പറയുന്നു. മാസത്തിൽ ഒരിക്കലോ മറ്റോ ഒരു ഗ്ലാസ് വൈൻ കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
അതേസമയം മലയാളികൾ ഉൾപ്പടെ ഇന്ത്യക്കാർ പൂർണമായ രീതിയിൽ മെഡിറ്ററേനിയൻ ഡയറ്റ് സ്വീകരിക്കുന്നത് ഗുണകരമാകില്ലെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. മെഡിറ്ററേനിയൻ ഡയറ്റ് നിർദേശിക്കുന്ന വെർജിൻ ഓയിൽ പ്രധാനമായും ഒലിവ് ഓയിലാണ്. എന്നാൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന ഒലിവ് ഓയിലിൻറെ ഗുണനിലവാരം മികച്ചതാകണമെന്നില്ല. അതുകൊണ്ടുതന്നെ ലഭ്യമാകുന്ന കൊഴുപ്പ് ചിലപ്പോഴെങ്കിലും അനാരോഗ്യകരമായിരിക്കും. മെഡിറ്ററേനിയൻ ഡയറ്റ് മുന്നോട്ടുവെക്കുന്ന പ്രധാന പോഷകം ഒമേഗ -3 ഫാറ്റി ആസിഡാണ്. ഇത് ലഭിക്കാൻ മത്സ്യമാണ് പ്രധാനമായും ദക്ഷിണേന്ത്യക്കാരും ബംഗാളികളുമൊക്കെ ഉപയോഗിക്കുന്നത്. എന്നാൽ നട്‌സ്, പച്ച ഇലക്കറികൾ, എള്ള്, മത്തങ്ങ, ഫ്ളാക്സ് സീഡ് എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. മെഡിറ്ററേനിയൻ ഡയറ്റ് സ്വീകരിക്കുന്നവർ പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ ഉപയോഗിക്കുക. എന്നാൽ ബ്രഡ് ഒരു കാരണവശാലും പ്രഭാതഭക്ഷണമായി കഴിക്കരുത്.