രാത്രി എട്ടു മണിക്ക് ശേഷം ആഹാരം കഴിക്കുന്നത് നല്ല ശീലമല്ല; കാരണമറിയാം

രാത്രിയിലെ ഭക്ഷണം പരമാവധി നേരത്തെ കഴിക്കണമെന്ന് പോഷകാഹാരവിദഗ്ദർ പറയാറുണ്ട്. ഏഴ് മണിക്ക് മുമ്പ് രാത്രി ഭക്ഷണം കഴിക്കുന്നതാണ് ഉത്തമമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. എട്ടുമണിക്ക് ശേഷം ഒരു കാരണവശാലും ഭക്ഷണം കഴിക്കരുതെന്നും പറയപ്പെടുന്നു. എന്തുകൊണ്ടാണ് ഭക്ഷണം നേരത്തെ കഴിക്കണമെന്ന് പറയുന്നത്?

നമ്മൾ മലയാളികൾ സാധാരണയായി മൂന്നു നേരമായാണ് ഭക്ഷണം കഴിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും. രാവിലെ ഏതെങ്കിലും പ്രാതലോ ഉച്ചയ്ക്ക് ഊണ് പോലെയുള്ള ഭക്ഷണമോ രാത്രിയിലോ ചോറോ അല്ലെങ്കിൽ ചപ്പാത്തി പോലെയുള്ള ബ്രഡ് വിഭാഗം ഭക്ഷണങ്ങളുമാണ് കൂടുതൽപേരും കഴിക്കുന്നത്. നമ്മുടെ ഭക്ഷണക്രമത്തിൽ ഏറ്റവും പ്രധാനം രാവിലത്തെ ഭക്ഷണമാണ്. കാരണം മസ്തിഷ്ക്കത്തിൻറെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിലും ഒരു മുഴുവൻ ദിവസത്തേക്ക് വേണ്ട ഊർജ്ജം പ്രദാനം ചെയ്യുന്നതിനും രാവിലത്തെ പ്രാതലിന് ഏറെ പങ്കുണ്ട്. അതുകൊണ്ട് ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. രാവിലെ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കുകയും ചെയ്യണം.

സാധാരണഗതിയിൽ നമ്മൾ കൂടുതൽ ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പകൽസമയങ്ങളിലാണ്. അതുകൊണ്ടുതന്നെ ഊർജ്ജ ഉൽപാദനം കൂടുതൽ നടക്കുന്നതും പകലായിരിക്കും. രാവിലെയും ഉച്ചയ്ക്കും കഴിക്കുന്ന ഭക്ഷണം ശരീരത്തിനു ആവശ്യമുള്ള ഊർജ്ജം നൽകും. എന്നാൽ രാത്രി ഏഴ് മണിക്ക് ശേഷം മിക്കവരും കഠിനമായ ശാരീരികപ്രവർത്തനങ്ങളിലൊന്നും ഏർപ്പെടാറില്ല. അതുകൊണ്ടുതന്നെ മിതമായ ഭക്ഷണമാണ് രാത്രിയിൽ കഴിക്കേണ്ടതെന്നും വിദഗ്ദർ പറയുന്നു.

രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ അത് ശരീരത്തിൽ പഞ്ചസാരയുടേയും ഇൻസുലിന്റേയും അളവ് വർധിപ്പിക്കും. രാത്രി ശരീരം വിശ്രമിക്കേണ്ടതിനു പകരം പഞ്ചസാരയും ഇൻസുലിനും ശരീരത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കും. ഇത് പൊണ്ണത്തടിക്കും അമിതവണ്ണത്തിനും പ്രമേഹത്തിനും ഹൃദ്രോഗത്തിനും വരെ കാരണമായേക്കാം. രാത്രി ഏഴ് മണിക്ക് ശേഷം വയറുനിറച്ച്‌ ചോറുണ്ണുന്നവരിൽ പ്രമേഹത്തിനുള്ള സാധ്യത കൂടുതലായിരിക്കും.

Also Read: അത്താഴം കഴിക്കേണ്ടത് എപ്പോൾ? കഴിക്കുന്നത് വൈകിയാൽ എന്ത് സംഭവിക്കും?

അതുപോലെ രാത്രിയിലെ അമിത ഭക്ഷണം ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഉപാപചയപ്രവർത്തനങ്ങളെ താളംതെറ്റിക്കുകയും ചെയ്യും. രാത്രി കഴിക്കുന്ന ഭക്ഷണം ഊർജം ഉൽപാദിപ്പിക്കുന്നില്ല. അത് ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടി കൊളസ്ട്രോൾ വർദ്ധിക്കാനും ഇടയാക്കും. രാത്രി ഭക്ഷണം കഴിക്കുന്നവരിൽ രക്തസമ്മർദം വർദ്ധിക്കുന്നതായും അടുത്തിടെ നടത്തിയ ചില പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നവരിൽ ഓർമശക്തി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Content Summary: Why eating after eight o’clock at night is not a good habit