ആരോഗ്യത്തെക്കുറിച്ച് ബോധവാനായ ഒരാൾ തീർച്ചയായും ഒരു പ്രായത്തിനുശേഷം ഇടയ്ക്കിടെ കൊളസ്‌ട്രോൾ പരിശോധന നടത്തും. കൊളസ്‌ട്രോളിന്റെ ഏറ്റക്കുറച്ചിലുകൾ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്.
എന്താണ് കൊളസ്‌ട്രോൾ?
ശരീരകോശങ്ങളിൽ കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുത്ത പദാർത്ഥമാണ് കൊളസ്‌ട്രോൾ. ദഹനത്തിനും ഹോർമോണുകൾ, വൈറ്റമിൻ ഡി എന്നിവയുടെ നിർമ്മാണത്തിനും ശരീരത്തിന് അൽപ്പം കൊളസ്‌ട്രോൾ ആവശ്യമാണ്. ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോൾ ശരീരത്തിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. മുട്ടയുടെ മഞ്ഞക്കരു, മാംസം, വെണ്ണ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിലൂടെയും കൊളസ്‌ട്രോൾ ശരീരത്തിലെത്തുന്നു.
രക്തത്തിൽ ആവശ്യത്തിലധികമുള്ള കൊളസ്‌ട്രോൾ മറ്റ് പദാർത്ഥങ്ങളുമായി കൂടിച്ചേർന്ന് ധമനീഭിത്തികളിൽ പറ്റിപ്പിടിച്ച് തടസ്സമുണ്ടാക്കും. ഹൃദയഭിത്തിയിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനിയിൽ തടസമുണ്ടാകുന്നത് ഹൃദയാഘാതത്തിന് കാരണമാകുന്നു.
HDL, LDL, VLDL ഇവയൊക്കെ എന്താണ്?
പരിപൂർണ്ണമായ കൊളസ്‌ട്രോൾ പരിശോധനയാണ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്. കൊളസ്ട്രോളിലെ ഘടകങ്ങൾ വേർതിരിച്ച് അറിയാൻ സാധിക്കുന്ന രക്തപരിശോധനയാണിത്. ഈ പരിശോധനയിലൂടെ നമുക്ക് HDL, LDL, VLDL എന്നിവയുടെ അളവ് പ്രത്യേകം മനസിലാക്കാൻ സാധിക്കും. കൊഴുപ്പും പ്രോട്ടീനും ചേർന്ന ലിപ്പോപ്രോട്ടീനുകളാണ് ഇവ.
ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനാണ് HDL. നല്ല കൊളസ്‌ട്രോൾ എന്നും ഇത് അറിയപ്പെടുന്നു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് കൊളസ്ട്രോളിനെ കരളിലേക്ക് തിരികെകൊണ്ടുപോകുന്നത് HDL ആണ്. പിന്നീട് കരൾ ശരീരത്തിൽ നിന്ന് കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു.
സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീനാണ് LDL. LDL ലെവൽ ഉയർന്നാൽ ധമനികളിൽ അടിഞ്ഞുകൂടി തടസ്സം സൃഷ്ടിക്കുന്നതിനാൽ ഇതിനെ ചീത്ത കൊളസ്‌ട്രോൾ എന്നും പറയുന്നു.
വളരെ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനാണ് VLDL. ധമനികളിൽ അടിഞ്ഞുകൂടുന്നതിനാൽ ഇതും മോശം കൊളസ്ട്രോളായാണ് പരിഗണിക്കപ്പെടുന്നത്. VLDL-ൽ അടങ്ങിയിരിക്കുന്ന പ്രധാനഘടകമാണ് ട്രൈഗ്ലിസറൈഡ്. എന്നാൽ LDL-ലെ പ്രധാനഘടകം കൊളസ്ട്രോളാണ്.
കൊളസ്‌ട്രോൾ നില ഉയരുന്നതെങ്ങനെ?
അനാരോഗ്യകരമായ ജീവിതശൈലിയാണ് കൊളസ്‌ട്രോൾ ഉയരാൻ കാരണം.
ഭക്ഷണശീലമാണ് ഇതിലൊന്ന്. സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ, ചില മാംസങ്ങൾ, പാലുൽപ്പന്നങ്ങൾ, ചോക്ലേറ്റ്, തുടങ്ങിയവ LDL വർദ്ധിക്കാൻ കാരണമാകുന്നു.
മതിയായ വ്യായാമമില്ലാത്തതതാണ് HDL കുറയാൻ കാരണം. HDL കൂടിയിരിക്കുന്നതാണ് നല്ലത്.
പുകവലി പോലുള്ള ശീലങ്ങൾ HDL കുറയാനും LDL കൂടാനും കാരണമാകുന്നു.
പാരമ്പര്യവും കൊളസ്‌ട്രോൾ ഉയരാൻ കാരണമാകാറുണ്ട്. ഫാമിലിയൽ ഹൈപ്പർ കൊളസ്ട്രോളീമിയ (എഫ്എച്ച്) എന്ന രോഗം ജനിതകമായി കൊളസ്‌ട്രോൾ ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ്. മറ്റ് ചില രോഗങ്ങളും മരുന്നുകളും കാരണവും കൊളസ്‌ട്രോൾ ഉയരാറുണ്ട്.
കൊളസ്‌ട്രോൾ സാധ്യത എങ്ങനെ മുൻകൂട്ടി അറിയാം
പ്രായവും കൊളസ്ട്രോളും തമ്മിൽ ബന്ധമുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് കൊളസ്‌ട്രോൾ വരാനുള്ള സാധ്യത കൂടുതലാണ്. എങ്കിലും കുട്ടികളും കൗമാരക്കാരും ഉൾപ്പെടെയുള്ള ചെറുപ്പക്കാർക്കും കൊളസ്‌ട്രോൾ വരാം.
പാരമ്പര്യമായി കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ ഒരാൾക്ക് കൊളസ്‌ട്രോൾ വരാനുള്ള സാധ്യത കൂടുതലാണ്.
അമിതഭാരം ഉള്ളവരിലും ഉയർന്ന കൊളസ്‌ട്രോൾ
ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നെഞ്ചുവേദനക്കും ഹൃദയാഘാതത്തിനും കാരണമാകുന്നു.
തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് കൊഴുപ്പ് അടിഞ്ഞതെങ്കിൽ സ്ട്രോക്ക് പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം.
കൊളസ്‌ട്രോൾ നിർണ്ണയം
സാധാരണയായി ഉയർന്ന കൊളസ്ട്രോളിന് മറ്റ് ലക്ഷണങ്ങൾ കാണാറില്ല. എങ്കിലും അവരവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് കൃത്യമായ ഇടവേളകളിൽ കൊളസ്‌ട്രോൾ ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.
19 വയസ്സോ അതിൽ താഴെയോ ഉള്ളവർ
ഒൻപത് വയസ്സിനും പതിനൊന്ന് വയസ്സിനുമിടയിൽ ആദ്യ പരിശോധന നടത്താം. ഓരോ അഞ്ചുവർഷത്തിലും പരിശോധന ആവർത്തിക്കണം.
പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോളും ഹൃദയാഘാതവും ഉള്ള കുടുംബത്തിലെ കുട്ടികൾക്ക് 2 വയസ്സ് മുതൽ കൊളസ്‌ട്രോൾ പരിശോധന നടത്താം.
20 മുതൽ പ്രായമുള്ളവർക്ക്
ചെറുപ്പക്കാർ ഓരോ അഞ്ചുവർഷം കൂടുമ്പോഴും 45 നും 65 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരും 55 നും 65 നും ഇടയിൽ പ്രായമുള്ള സ്ത്രീകളും ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ കൊളസ്‌ട്രോൾ പരിശോധിക്കണം.
കൊളസ്‌ട്രോൾ കുറക്കുന്നതെങ്ങനെ?
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ കൊളസ്‌ട്രോൾ നിയന്ത്രിക്കാം. ഹൃദയാരോഗ്യത്തിന് യോജിച്ച ഭക്ഷണങ്ങൾ, വ്യായാമം, ഭാരനിയന്ത്രണം എന്നിവയാണിത്.
ഇതുകൊണ്ട്മാത്രം കൊളസ്‌ട്രോൾ കുറയുന്നില്ലെങ്കിൽ മരുന്ന് കഴിക്കുകയാണ് അടുത്ത ഘട്ടം. മരുന്ന് കഴിക്കുമ്പോഴും ആരോഗ്യകരമായ ജീവിതശൈലി തുടരേണ്ടതുണ്ട്.
രക്തത്തിൽ നിന്ന് LDL കൊളസ്‌ട്രോൾ ഒരു ഉപകരണത്തിന്റെ സഹായത്തോടെ നീക്കം ചെയ്യുന്ന ലിപ്പോപ്രോട്ടീൻ അഫെറെസിസ് എന്ന ചികിത്സാരീതിയും ലഭ്യമാണ്. മറ്റ് ചികിത്സകൾ ഫലിക്കാത്തവരിലാണ് ഈ രീതി ഉപയോഗപ്പെടുത്തുന്നത്. സാധാരണയായി ഫാമിലിയൽ ഹൈപ്പർ കൊളസ്ട്രോളീമിയ (എഫ്എച്ച്) എന്ന പാരമ്പര്യരോഗമുള്ളവരിലാണ് ലിപ്പോപ്രോട്ടീൻ അഫെറെസിസ് വഴി കൊളസ്‌ട്രോൾ നീക്കം ചെയ്യുന്നത്.