എന്താണ് കോവിഡ് ബിഎഫ്. 7? കേരളം ആശങ്കപ്പെടണോ? അറിയേണ്ടതെല്ലാം

ചൈനയിൽ വീണ്ടും രൂക്ഷമായ കോവിഡ് വ്യാപനത്തിന് കാരണമായ ഒമിക്രോണിന്‍റെ ഉപവകഭേദമായ ബിഎഫ് 7(Omicron BF.7) ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നു. ഗുജറാത്തിൽ രണ്ടുപേരിലും ഒഡീഷയിലും ഒരാളിലുമാണ് അതിവേഗവ്യാപനശേഷിയുള്ള പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ കർശന ജാഗ്രതാ നിർദേശത്തിലാണ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ. ഒമിക്രോൺ ഉപവകഭേദമായ ബിഎഫ്.7 എന്ന വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം…

എന്താണ് ഒമിക്രോൺ ഉപവകഭേദം ബിഎഫ്.7?

ഒമിക്രോണിന്റെ ഒരു ഉപവിഭാഗമാണ്. ബിഎഫ്.7. ഇത് ചൈനയിലെ ഷാങ്ഹായ് ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം അതിവേഗം പടർന്നുപിടിച്ചു. പ്രായമായവരിലും വാക്സിനെടുക്കാത്തവരിലും രോഗം അതിവേഗം രൂക്ഷമാകുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. വാക്സിനെടുത്തവരിലും ഒമിക്രോൺ ബിഎഫ്.7 കണ്ടെത്തുന്നുണ്ട്. ആദ്യ പുറത്തിറങ്ങിയ വാക്സിനുകൾക്ക് പുതിയതായി രൂപപ്പെട്ട ഒമിക്രോൺ ബിഎഫ്.7-നെ ചെറുക്കാൻ കഴിയുന്നില്ല എന്നത് ന്യൂനതയാണ്. നിലവിൽ ചൈനയ്ക്ക് പുറമെ ബെൽജിയം, ജർമ്മനി, ഫ്രാൻസ്, അമേരിക്ക, ഇം​ഗ്ലണ്ട്, ഡെൻമാർക്ക് എന്നീ യൂറോപ്യൻ രാജ്യങ്ങളിലും ബിഎഫ്.7 കണ്ടെത്തിയിട്ടുണ്ട്. ബിഎഫ്.7 വകഭേദം ബാധിച്ച ഒരാൾ ശരാശരി 10 മുതൽ 18.6 വരെ ആളുകളിലേക്ക് വൈറസ് പകരുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. SARS-CoV-2 ന്റെ സ്പൈക്ക് പ്രോട്ടീനിലെ R346T എന്ന ഘടകത്തിന് മ്യൂട്ടേഷൻ സംഭവിച്ചാണ് ബിഎഫ്. 7 ഉണ്ടായത്. ഇതേ മ്യൂട്ടേഷൻ BA.5-ലും കണ്ടെത്തിയിരുന്നു.

എന്താണ് ബിഎഫ്.7 ലക്ഷണങ്ങൾ?

ലോകത്ത് ഇതുവരെ കണ്ടെത്തിയ മറ്റ് ഒമിക്രോൺ വകഭേദങ്ങൾക്ക് സമാനമായ ലക്ഷണങ്ങളാണ് ബിഎഫ്.7 ബാധിച്ചവരിലും കണ്ടുവരുന്നത്. പനി, ക്ഷീണം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയവയെല്ലാം അവയിൽ ഉൾപ്പെടുന്നു. ചിലരിൽ ഛർദ്ദി, വയറിളക്കം പോലെയുള്ള ലക്ഷണങ്ങളും ഉണ്ടാകാം. പ്രതിരോധശേഷി കുറഞ്ഞവരെ ബിഎഫ്.7 ​ഗുരുതരമായി ബാധിച്ചേക്കാമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബിഎഫ്.7 കേരളം ആശങ്കപ്പെടേണ്ടതുണ്ടോ?

അന്താരാഷ്ട്ര യാത്രകൾക്ക് ഉൾപ്പടെ നിയന്ത്രണമില്ലാത്തതിനാൽ പുറത്തുനിന്ന് എത്തുന്നവരിൽ രോഗം കണ്ടെത്താനുള്ള സാധ്യത കൂടുതലാണ്. ചൈനയിലും യൂറോപ്യൻ രാജ്യങ്ങളിലും വളരെ വേഗം രോഗം വ്യാപിച്ചിട്ടുണ്ട്. ഇതേ കാരണം കൊണ്ടുതന്നെ ഗൾഫ് രാജ്യങ്ങളിലും ഒമിക്രോൺ ബിഎഫ്.7 ബാധ ഉണ്ടായേക്കാം. അതിനാൽ കേരളത്തിലും രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ സംസ്ഥാനത്ത് ഇതിനോടകം പരിശോധന കർശനമാക്കാനുള്ള നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജാഗ്രതയോടെയുള്ള പ്രവർത്തനം തുടരുന്നതിനാൽ പ്രതിരോധ പ്രവർത്തനം ദുഷ്ക്കരമാകില്ലെന്നാണ് സംസ്ഥാനത്തെ ആരോഗ്യവിദഗ്ദരുടെ പ്രതീക്ഷ.

എന്നാൽ രോഗവ്യാപനശേഷി വളരെ വേഗത്താകുമെന്നതാണ് ബിഎഫ്.7-നെ ആശങ്കയോടെ മറ്റു രാജ്യങ്ങൾ കാണുന്നത്. പ്രധാനമായും പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും വാക്സിൻ എടുക്കാത്തവരിലുമാണ് ഒമിക്രോൺ ബിഎഫ്.7 രൂക്ഷമാകുന്നത്. രോഗവ്യാപനമുണ്ടായാൽ രോഗികൾക്ക് ആശുപത്രിവാസവും, ഐസിയു, ഓക്സിജൻ, വെന്‍റിലേറ്റർ തുടങ്ങിയ അടിയന്തരസംവിധാനങ്ങളും ഒരുക്കേണ്ടിവരും. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.