തലച്ചോർ ഭക്ഷിക്കുന്ന അമീബ; എന്താണ് നെയ്ഗ്ലേരിയ ഫൗളറി?

ഒരൊറ്റ കോശം മാത്രമുള്ള സൂക്ഷ്മജീവികളാണ് അമീബകൾ. മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രമേ ഇവയെ കാണാൻ സാധിക്കൂ. 1965 ലാണ് മനുഷ്യന്റെ തലച്ചോർ ഭക്ഷിക്കുന്ന ഒരുതരം അമീബയെ കണ്ടെത്തുന്നത്. ഇതിന്റെ പേര് നെയ്ഗ്ലേരിയ ഫൗളറി എന്നാണ്. ചൂടുള്ള ശുദ്ധജല സ്രോതസ്സുകളിലോ മലിനജലത്തിലോ ഇവയെ കണ്ടേക്കാം. മനുഷ്യ ശരീരത്തിൽ കടന്നാൽ തലച്ചോറിനെ ബാധിക്കുന്ന ഇവ അതീവ അപകടകാരികളാണ്. മൂക്കിലൂടെയാണ് ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. ഇവ തലച്ചോറിൽ അണുബാധയും വീക്കവും ഉണ്ടാക്കും.പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (PAM) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.

ഉറവിടം

ഓസ്‌ട്രേലിയയിലാണ് ആദ്യമായി നെയ്ഗ്ലേരിയ ഫൗളറി എന്ന അമീബയെ കണ്ടെത്തുന്നത്. എന്നാൽ അമേരിക്കയിൽ നിന്നാണ് ഈ സൂക്ഷ്മജീവിയുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. ചൂടുവെള്ളത്തിലാണ് ഇവ വളരുക. ഉപ്പുവെള്ളത്തിലും ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിലും ഇവയ്ക്ക് അതിജീവിക്കാനാകില്ല.

പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്

ചൂടുള്ള സമയത്താണ് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് അണുബാധ വരാൻ കൂടുതൽ സാധ്യത അമീബ മൂക്കിലൂടെ പ്രവേശിക്കുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.

ലക്ഷണങ്ങൾ

അണുബാധയേറ്റ് അഞ്ചുദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുക. തലവേദന, പനി, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവയാണ് ആദ്യ ഘട്ടത്തിലെ ലക്ഷണങ്ങൾ. കഴുത്ത് ഞെരുക്കം, ആശയക്കുഴപ്പം, ആളുകളിലേക്കും ചുറ്റുപാടുകളിലേക്കും ശ്രദ്ധിക്കാൻ പറ്റാതെ വരിക തുടങ്ങിയവയാണ് തുടർന്ന് കാണിക്കുന്ന ലക്ഷണങ്ങൾ. രോഗിയെ കോമയിലേക്ക് നയിക്കാനും ഈ അണുബാധ കാരണമാകുന്നു.

പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് അണുബാധ വളരെ വിരളമായേ സംഭവിക്കാറുള്ളൂ. പക്ഷേ അസുഖം ബാധിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്. 97 ശതമാനത്തിനും മുകളിലാണ് മരണ നിരക്ക്. ലക്ഷണങ്ങൾ ആരംഭിച്ചതിന് ശേഷം രോഗം അതിവേഗം പുരോഗമിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

മുൻകരുതലുകൾ

പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് അണുബാധയ്ക്ക് ഇത് വരെ കൃത്യമായ ചികിത്സയോ പ്രതിരോധ മരുന്നുകളോ ലഭ്യമല്ല. മുൻകരുതലുകൾ മാത്രമാണ് രോഗം തടയാനുള്ള വഴി. അമീബയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നീന്തൽ ഒഴിവാക്കുക. നീന്തുന്ന സമയത്ത് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുക. അണുവിമുക്തമാക്കിയ ജലം മാത്രം ഉപയോഗിക്കുക.