പൊറോട്ടയും ബീഫും കഴിച്ചാൽ ക്യാൻസർ വരുമോ? യു.എസിലെ മലയാളി ഡോക്ടർ പറയുന്നത്

Last Updated on November 26, 2023

മലയാളികളുടെ ഇഷ്ടഭക്ഷണമാണ് പൊറോട്ടയും ബീഫും. നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ വൈകുന്നേരങ്ങളിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന വിഭവമാണിത്. സാധാരണക്കാർ മുതൽ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഭക്ഷണമാണിത്. എന്നാൽ പൊറോട്ടയും ബീഫും കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന വാദം വളരെ കാലം മുതൽക്കേ നിലവിലുണ്ട്. ഇതിൽ എത്രത്തോളം ശരിയുണ്ടെന്ന് വ്യക്തമാക്കുകയാണ് അമേരിക്കയിലെ ക്യാൻസർ രോഗവിദഗ്ദനും തോമസ് ജഫേഴ്സൺ സർവകലശാലയിലെ ഓങ്കോളജി പ്രൊഫസറുമായ ഡോ. എം.വി പിള്ള. 

പൊറോട്ടയും ബീഫും ക്യാൻസറിന് കാരണമാകുന്നെവന്ന വാദത്തിൽ ശരിയും തെറ്റുമുണ്ടെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഡോ. എം.വി പിള്ള പറയുന്നു. ‘ഒരു പൊറോട്ടയും ചെറിയ അളവിൽ ചിക്കൻ കറിയോ മട്ടൻ കറിയോ കഴിക്കുന്നതുകൊണ്ട് ഒരു പ്രശ്നവുമുണ്ടാകില്ല. എന്നാൽ മലയാളികളുടെ ശീലം കഴിക്കുന്നതിൽ ഒരു മിതത്വമില്ലാത്തതാണ്. പൊറോട്ട ആ ഒന്നിൽ നിർത്തില്ല. ചിക്കനും മട്ടനും ധാരാളം കഴിക്കുകയും ചെയ്യും. അമിതമായി കഴിക്കുന്ന റെഡ് മീറ്റ്(ബീഫ്, മട്ടൻ, പന്നി) നന്നായി ആഗിരണം ചെയ്യപ്പെടുമെങ്കിലും കുറച്ചുഭാഗം വൻകുടലിന്‍റെ മടക്കുകളിൽ തങ്ങിനിൽക്കും. കുറച്ചുകാലം കഴിയുമ്പോഴേക്കും ആ ഭാഗത്ത് കാർസിനോജെനിക് ആയി മാറുകയും ക്യാൻസർ രൂപപ്പെടുകയും ചെയ്യും’- ഡോ എം.വി പിള്ള പറഞ്ഞു.

Also Read- പൊറോട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? അറിയേണ്ട 4 കാര്യങ്ങൾ

നോൺ വെജ് ഭക്ഷണം കഴിക്കുന്നവരിൽ ക്യാൻസർ കൂടുതലായി കാണപ്പെടുന്നുവെന്നത് സ്ഥിരീകരിക്കുന്ന നിരവധി പഠനങ്ങളുണ്ടെന്ന് ഡോ. എം.വി പിള്ള പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് കേരളത്തിൽ ഒരു പഠനവും നടത്തിയിട്ടില്ല. നമ്മൾ വിദേശ ഗവേഷകരുടെ പഠനഫലങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തിൽ കൃത്യമായ പഠനം നടത്തി ആവശ്യമായ ഡാറ്റ നമ്മൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും ഡോ. എം.വി പിള്ള പറഞ്ഞു.