ആസ്തമയോട് ഏറെ സാമ്യമുള്ളതും എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനം തടസപ്പെടുമ്പോൾ ഉണ്ടാകുന്നതുമായ അസുഖമാണ് കാർഡിയാക് ആസ്ത്മ. പലപ്പോഴും ഇത് ആസ്ത്മയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കാർഡിയാക് ആസ്ത്മ വാസ്തവത്തിൽ ബ്രോങ്കിയൽ ആസ്ത്മയല്ല. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ ആസ്ത്മയുടേതിന് സമാനമാണ്.
എന്താണ് കാർഡിയാക് ആസ്ത്മ?
ഹൃദയസ്തംഭനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് കാർഡിയാക് ആസ്ത്മ. ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുകയും ശ്വാസതടസ്സം, ശ്വാസംമുട്ടൽ, ചുമ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് ബ്രോങ്കിയൽ ആസ്ത്മയുടെ ലക്ഷണങ്ങളോട് സാമ്യമുള്ളതാണ്, എന്നാൽ ഈ അവസ്ഥയെ കാർഡിയാക് ആസ്ത്മ എന്നാണ് വിളിക്കുന്നത്. കാരണം ഈ അവസ്ഥ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്.
Also Read: ആസ്ത്മ ചികിത്സയിൽ പ്രതീക്ഷയേകുന്ന പുതിയ മുന്നേറ്റങ്ങൾ
എങ്ങനെ അറിയാം
കാർഡിയാക് ആസ്ത്മയിലേക്ക് നയിക്കുന്ന കാരണങ്ങൾ വ്യത്യസ്തമാണ്. അലർജിയുള്ളവരിലും ചെറുപ്പത്തിലേ ആസ്ത്മയുള്ളവരിലും ബ്രോങ്കിയൽ ആസ്ത്മയുടെ ലക്ഷണങ്ങളാകാം. ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുള്ളവരിൽ ഇവ കാർഡിയാക് ആസ്മയുടെ ലക്ഷണങ്ങളാകാം.
പിങ്ക് നിറത്തിലുള്ള കഫം കാർഡിയാക് ആസ്ത്മയെ സൂചിപ്പിക്കുന്നു.
കാർഡിയാക് ആസ്ത്മ സാധാരണയായി ബ്രോങ്കോഡിലേറ്ററുകളോട് പ്രതികരിക്കാറില്ല. ബ്രോങ്കോഡിലേറ്ററുകൾ ചിലപ്പോൾ അൽപ്പം ആശ്വാസം നൽകിയേക്കാം എന്ന് മാത്രം.
കാർഡിയാക് ആസ്ത്മയുള്ളവരിൽ ഹൃദ്രോഗത്തെക്കുറിച്ച് ഇസിജി ഒരു സൂചന നൽകിയേക്കാം. എന്നാൽ രോഗം സ്ഥിരീകരിക്കാൻ ചില രക്തപരിശോധനകൾക്കൊപ്പം 2D എക്കോകാർഡിയോഗ്രാഫിയും ചെയ്യേണ്ടതായി വന്നേക്കാം.
Also Read: അഗ്യൂറോക്ക് വില്ലനായ കാർഡിയാക് അരിത്മിയ; എന്താണ് ഈ രോഗം?
എങ്ങനെ പ്രതിരോധിക്കാം?
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുക.
ശ്വാസകോശത്തിലെ അണുബാധ തടയാൻ സീസണൽ ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾ എടുക്കണം.
എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കിയാൽ കാർഡിയാക് ആസ്ത്മയെ ചെറുക്കാൻ സാധിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണശീലവും ജീവിതരീതിയും പിന്തുടരുന്നത് കാർഡിയാക് ആസ്ത്മ വരാതിരിക്കാൻ സഹായകരമാണ്.
Content Summary: Cardiac Asthma – Causes, treatment and precautions