ഗർഭാശയത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്ത് അഥവാ ഗർഭാശയ മുഖത്ത് ഉണ്ടാകുന്ന കോശവളർച്ചയാണ് സെർവിക്കൽ കാൻസർ. സ്തനാർബുദം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. കഴിഞ്ഞ ദിവസം നടി പൂനം പാണ്ഡെ സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചതായി വാർത്ത വന്നിരുന്നു. എന്നാൽ അത് സെർവിക്കൽ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമാണെന്നും താൻ ജീവിച്ചിരിപ്പുണ്ടെന്നും നടി പിന്നീട് വെളിപ്പെടുത്തി.
ലോകത്തിലെ സെർവിക്കൽ കാൻസർ രോഗികളിൽ കൂടുതലും ഇന്ത്യയിലാണ്. ഓരോ എട്ടുമിനിറ്റിലും രാജ്യത്ത് സെർവിക്കൽ കാൻസർ ബാധിച്ച് ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സെർവിക്കൽ കാൻസർ ഉണ്ടാകാനുള്ള കാരണങ്ങൾ
ഹ്യൂമൻ പാപ്പിലോമാ വൈറസ്
മറ്റ് കാൻസറുകളിൽ നിന്ന് വ്യത്യസ്തമായി, ഹ്യൂമൻ പാപ്പിലോമാ വൈറസ് (HPV) എന്ന വൈറസാണ് സെർവിക്കൽ കാൻസർ ഉണ്ടാകാൻ കാരണമാകുന്നത്. ആക്റ്റീവ് ആയ ലൈംഗിക ബന്ധം ഉള്ള എല്ലാവരിലും ജീവിതത്തിൽ എപ്പോഴെങ്കിലും ഈ അണുബാധ ഉണ്ടാകും. ഭൂരിഭാഗം അണുബാധകളും ഒന്നോ രണ്ടോ വർഷത്തിനകം തനിയെ മാറുകയും ചെയ്യും. നമ്മുടെ ശരീരത്തിന്റെ ശക്തമായ പ്രതിരോധ സംവിധാനമാണ് അണുബാധ തനിയെ മാറാൻ സഹായിക്കുന്നത്. ഇത്തരത്തിൽ ചെറിയ കാലയളവിൽ വന്നു പോകുന്ന അണുബാധ കാൻസർ ഉണ്ടാകാൻ കാരണമാകില്ല.
അണുബാധ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന അവസ്ഥയിൽ, ഗർഭാശയമുഖത്തെ കോശങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുകയും കാൻസർ ആയി മാറുകയും ചെയ്യും.
സാധാരണയായി നമ്മുടെ തൊലിപ്പുറത്ത് ഉണ്ടാകുന്ന അരിമ്പാറകൾ ഹ്യൂമൻ പാപ്പിലോമാ വൈറസ് കാരണമാണ് ഉണ്ടാകുന്നത്. നൂറിലേറെ
വകഭേദങ്ങളുള്ള ഈ വൈറസ് സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്നു. ഇതിൽ ചില വകഭേദങ്ങൾ അപകടകാരികളാണ്.
ഹ്യൂമൻ പാപ്പിലോമാ വൈറസിനെതിരെ ഇപ്പോൾ വാക്‌സിൻ ലഭ്യമാണ്. സുരക്ഷിതമായ ലൈംഗികബന്ധവും ഇടയ്ക്കിടെയുള്ള പരിശോധനകളും വാക്‌സിനും സെർവിക്കൽ കാൻസറിനെതിരെ എടുക്കാവുന്ന മുൻകരുതലുകളാണ്.
Also Read: എന്താണ് ക്യാൻസർ? ലക്ഷണങ്ങളും ചികിത്സയും- പ്രാഥമിക വിവരങ്ങൾ
പ്രതിരോധശേഷിയില്ലായ്മ
ലൈംഗിക ജീവിതം നയിക്കുന്ന എല്ലാവരിലും ഏതെങ്കിലും ഘട്ടത്തിൽ ഹ്യൂമൻ പാപ്പിലോമാ വൈറസ് ബാധ ഉണ്ടാകാം എന്ന് പറഞ്ഞല്ലോ. നമ്മുടെ
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനമാണ് ഈ അണുബാധയെ മാറ്റുന്നത്. അതുകൊണ്ട് പ്രതിരോധശേഷി കുറവുള്ളവരിൽ അണുബാധ മാറാതെ കാൻസർ ആയി മാറാൻ സാധ്യതയുണ്ട്.
പുകവലി
പുകവലിക്കുന്നവരിലും സെർവിക്കൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുകവലി ശരീരത്തിന്റെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും.
സെർവിക്കൽ കാൻസർ ലക്ഷണങ്ങൾ
തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കാത്ത അസുഖമാണിത്. അതുകൊണ്ടുതന്നെ നേരത്തെ കണ്ടെത്താൻ, പതിവായ ഇടവേളകളിൽ പരിശോധനകൾ ആവശ്യമാണ്. അസുഖം മൂർച്ഛിക്കുന്നതിനനുസരിച്ച് ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും.
- അസാധാരണമായ രക്തസ്രാവം (ലൈംഗിക ബന്ധത്തിന് ശേഷമോ പീരീഡ് സമയം അല്ലാത്തപ്പോഴോ ആർത്തവവിരാമത്തിന് ശേഷമോ)
- രക്തം കലർന്ന ഡിസ്ചാർജ്
- ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന
സെർവിക്കൽ കാൻസർ എങ്ങനെ കണ്ടെത്താം
വിദഗ്ദർ പറയുന്നത് 21 വയസിന് ശേഷം പതിവായി കാൻസർ പരിശോധനകൾ നടത്തണം എന്നാണ്. തുടക്കത്തിലേ അസുഖം കണ്ടെത്താൻ ഇത് സഹായിക്കും. യോനീ സ്രവത്തിൽ വൈറസ് സാന്നിധ്യം പരിശോധിക്കുകയാണ് ചെയ്യുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ തുടർ പരിശോധനകൾ നടത്തും. എച്ച്.പി.വി. 16, 18 എന്നീ വകഭേദങ്ങളാണ് കാൻസർ ഉണ്ടാക്കുന്നത്.
സെർവിക്കൽ കാൻസർ ചികിത്സ
ഓരോരുത്തരുടെയും രോഗാവസ്ഥയും ആരോഗ്യസ്ഥിതിയും അനുസരിച്ചായിരിക്കും ചികിത്സ നിർണ്ണയിക്കുന്നത്. ചിലപ്പോൾ ഒന്നിലധികം രീതികൾ പിന്തുടരേണ്ടി വന്നേക്കാം.
കാൻസർ ആദ്യ ഘട്ടത്തിലാണെങ്കിൽ സർജറിയിലൂടെ നീക്കം ചെയ്യാൻ സാധിക്കും. അസുഖം അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെങ്കിൽ കീമോ തെറാപ്പിയോ റേഡിയോ തെറാപ്പിയോ ആയിരിക്കും ഡോക്ടർ നിർദേശിക്കുക. കാൻസർ സുഖപ്പെടുത്താൻ മരുന്നുകളും കഴിക്കേണ്ടി വരും.
ഇമ്മ്യൂണോ തെറാപ്പിയിലൂടെ രോഗപ്രതോരോധശേഷി വർദ്ധിപ്പിച്ച് കാൻസർ ചികിത്സിക്കുന്ന രീതിയും നിലവിലുണ്ട്.
കാൻസർ തുടക്കത്തിൽ കണ്ടെത്തുന്നത് രോഗം ഫലപ്രദമായി ചികിത്സിക്കാൻ സഹായകരമാണ്. ലക്ഷണങ്ങൾ കാണിക്കും മുൻപേ ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നത് നല്ലൊരു മാർഗമാണ്.
അവലംബം:
മയോ ക്ലിനിക്
യു എസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്
Content Summary: Cervical cancer- causes, symptoms and treatment.