ശ്വാസകോശ ആരോഗ്യം ഏറെ പ്രധാനം; എന്താണ് സിഒപിഡി?

ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് അഥവാ സി.ഒ.പി.ഡി ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ മരിക്കാനിടയാകുന്ന രണ്ടാമത്തെ അസുഖവും ലോകത്തിലെ മൂന്നാമത്തെ അസുഖവും COPD ആണ്. വിട്ടുമാറാത്ത ശ്വാസതടസമാണ് രോഗികൾക്ക് അനുഭവപ്പെടുക.

എംഫിസെമയും ക്രോണിക് ബ്രോങ്കൈറ്റിസും സിഒപിഡി ഉണ്ടാകാൻ കാരണമാകുന്ന അസുഖങ്ങളാണ്. കാലക്രമേണ വഷളാകുന്ന ഒരു രോഗമാണെങ്കിലും സിഒപിഡിക്ക് മികച്ച ചികിത്സ ലഭ്യമാണ്. ശരിയായ രീതിയിൽ ചികിത്സിച്ചാൽ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. മറ്റ് അനുബന്ധ അസുഖങ്ങൾ വരാതിരിക്കുകയും ചെയ്യും.

രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ എല്ലാ വർഷവും ലോക COPD ദിനം ആചരിക്കാറുണ്ട്. ‘നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അറിയുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം.

ലക്ഷണങ്ങൾ

ശ്വാസതടസം, ബുദ്ധിമുട്ടേറിയ ജോലികളിൽ ഏർപ്പെടുമ്പോൾ അനുഭവപ്പെടുന്ന അമിതമായ കിതപ്പ്, കഫത്തോട് കൂടിയ വിട്ടുമാറാത്ത ചുമ എന്നിവയൊക്കെയാണ് സി.ഒ.പി.ഡി രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ.

കാരണങ്ങൾ

പുകവലി, അന്തരീക്ഷണ മലിനീകരണം, തൊഴിലിടങ്ങളിലും വീടുകളിലും ഉണ്ടാകുന്ന പുകപടലങ്ങളും പൊടിയും കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരമ്പര്യഘടകങ്ങൾ എന്നിവയൊക്കെയാണ് സി.ഒ.പി.ഡിയുടെ പ്രധാന കാരണങ്ങൾ.

സങ്കീർണമാകരുത്

സി.ഒ.പി.ഡി ഏറെ ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നാണ്. ഈ രോഗം സങ്കീർണമായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് രോഗിയെ കാത്തിരിക്കുന്നത്. ശ്വാസകോശ അണുബാധ, ഹൃദ്രോഗങ്ങൾ, ശ്വാസകോശധമനികളിലെ ഉയർന്ന രക്തസമ്മർദ്ദം, വിഷാദരോഗം, എന്നിവ ഉണ്ടാകാനും സി.ഒ.പി.ഡി കാരണമാകും. രോഗം തുടക്കത്തിലെ കണ്ടെത്തി ശരിയായ ചികിത്സ സ്വീകരിക്കുകയാണ് ഏറ്റവും പ്രധാന കാര്യം. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പുകവലി ഉൾപ്പടെയുള്ള ശ്വാസകോശത്തിന് ഗുരുതരമാകുന്ന ദുശീലങ്ങൾ അവസാനിപ്പിക്കുകയും ശരിയായ ചികിത്സ തേടുകയും വേണം.

പ്രതിരോധം

നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സി.ഒ.പി.ഡി രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകും. പുകവലി പൂർണമായും ഒഴിവാക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പുകവലിക്കുന്നവർക്കൊപ്പം സമയം ചെലവിടുന്നതും നല്ല കാര്യമല്ല. പാസീവ് സ്മോക്കിങ് പുകവലി പോലെ തന്നെ അപകടകരമാണ്. പൊടി, പുക എന്നിവയിൽനിന്ന് അകന്നുനിൽക്കുകയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പുക ശ്വസിക്കേണ്ട ജോലി ചെയ്യുന്നവർ ഉറപ്പായി മാസ്ക്ക് ഉൾപ്പടെയുള്ള സുരക്ഷാകവചങ്ങൾ ഉപയോഗിക്കണം. പാചകം ചെയ്യുന്നതിനായി വിറക് അടുപ്പിന് പകരം പുക കുറവുള്ള എൽപിജി, ബയോ ഗ്യാസ്, സൌരോർജ്ജം, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവ ഉപയോഗിക്കണം.

Content Summary: World COPD Day 2024 – What is COPD and how can we control this