ഇന്ത്യയിലും എച്ച്എംപിവി; രോഗം എങ്ങനെ തിരിച്ചറിയാം?

ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (HMPV) രോഗം ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുകയാണ്. കോവിഡ് പോലെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവിദഗ്ധർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയിലും ബാംഗ്ലൂരിലും കുട്ടികളിലാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാ ശ്വാസകോശ രോഗങ്ങളെയും പോലെ വ്യാപകമായി പടർന്നുപിടിക്കാനുള്ള സാധ്യത എച്ച്എംപിവി വൈറസിനും ഉണ്ട്.

പാരാമിക്സോവൈറിഡേ കുടുംബത്തിലെ ഒരു വൈറസാണ് എച്ച്എംപിവി. കുട്ടികളെയും വയോജനങ്ങളെയും പ്രതിരോധശേഷി കുറവുള്ളവരെയും പ്രധാനമായും ബാധിക്കുന്നു. വൈറസ് ബാധിതൻ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ അസുഖം മറ്റുള്ളവരിലേക്ക് പകരുന്നു. മാസ്ക് ഉപയോഗിക്കുന്നതിലൂടെ ഇത് ഒരു പരിധിവരെ തടയാനാകും.

ലക്ഷണങ്ങൾ

സാധാരണ ചുമ, മൂക്കൊലിപ്പ്, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളാണ് എച്ച്എംപിവി ബാധിച്ചവരിൽ കാണുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിൽ ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾ ചിലപ്പോൾ ഗുരുതരമായി മാറിയേക്കാം. പ്രത്യേകമായ ആന്റിവൈറൽ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ ലക്ഷണങ്ങൾക്കുള്ള ചികിത്സകളാണ് നൽകുന്നത്.

Also Read | ന്യൂമോണിയ തുടക്കത്തിൽ തിരിച്ചറിയുന്നത് എങ്ങനെ?

Content Summary: HMPV confirmed in India. know the symptoms and risks.