മിഥുൻ രമേശിന് ബാധിച്ച രോഗം എന്ത്? ബെൽസ് പാൾസിയെക്കുറിച്ച് കൂടുതലറിയാം

കഴിഞ്ഞ ദിവസമാണ് അവതാരകനും നടനുമായ മിഥുൻ രമേശ് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. തനിക്ക് ബെൽസ് പാൾസി ബാധിച്ചതായും കുറച്ചുദിവസമായി ചികിത്സയിലാണെന്നും മിഥുൻ വീഡിയോയിൽ പറയുകയുണ്ടായി. മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാൻ സാധിക്കുന്നില്ലെന്നും ഒരു കണ്ണ് പൂർണ്ണമായും അടക്കാൻ പറ്റുന്നില്ലെന്നും വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. പോപ്പ് ഗായകനായ ജസ്റ്റിൻ ബീബറിന് സമാനമായ അവസ്ഥ ഉണ്ടായിട്ടുണ്ട്. അടുത്തിടെ സിനിമ-സീരിയൽ താരം മനോജ് കുമാറിനും ഇതേ അസുഖം ബാധിച്ചിരുന്നു.

എന്താണ് ബെൽസ് പാൾസി?

മുഖത്തിന്റെ ഒരു വശത്തെ പേശികൾക്ക് പെട്ടെന്ന് തളർച്ചയുണ്ടാകുന്ന അവസ്ഥയാണ് ബെൽസ് പാൾസി. മിക്ക രോഗികളിലും അസുഖം ആഴ്ചകൾ കൊണ്ട് ഭേദമാകും. ചിലരിൽ മുഖത്തിന്റെ പകുതി തൂങ്ങിക്കിടക്കുന്നതായി തോന്നും. ചിരിക്കാനും ഒരു കണ്ണ് പൂർണ്ണമായും അടക്കാനും ബുദ്ദിമുട്ടായിരിക്കും.

അക്യൂട്ട് പെരിഫറൽ ഫേഷ്യൽ പാൾസി എന്നും ഈ രോഗം അറിയപ്പെടുന്നു. ഏത് പ്രായത്തിലും ബെൽസ് പാൾസി സംഭവിക്കാം. രോഗം വരാനുള്ള കൃത്യമായ കാരണം അജ്ഞാതമാണ്. മുഖത്തിന്റെ ഒരു വശത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡിക്കുണ്ടാകുന്ന വീക്കമാകാം രോഗകാരണമെന്ന് വിദഗ്ധർ കരുതുന്നു. വൈറൽ അണുബാധയ്ക്ക് ശേഷവും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.

സാധാരണയായി ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ മാറിത്തുടങ്ങും. ഏകദേശം ആറ് മാസത്തിനുള്ളിൽ അസുഖം പൂർണ്ണമായി ഭേദമാകും. വളരെക്കുറച്ച് ആളുകൾക്ക് ബെൽസ് പാൾസിയുടെ ചില ലക്ഷണങ്ങൾ ജീവിതകാലം മുഴുവൻ തുടരും. ബെൽസ് പാൾസി ഒന്നിലധികം തവണ ഉണ്ടാകുന്നത് അപൂർവ്വമാണ്.

രോഗലക്ഷണങ്ങൾ

  • മുഖത്തിന്റെ ഒരുവശം തളർന്നുപോകുക.
  • കണ്ണ് അടക്കാനും പുഞ്ചിരിക്കാനും സാധിക്കാതെ വരിക.
  • വായിലൂടെ ഉമിനീർ ഒലിക്കുക.
  • താടിയെല്ലിന് ചുറ്റും അല്ലെങ്കിൽ ചെവിക്ക് പിന്നിൽ വേദന
  • തലവേദന.
  • രുചി അനുഭവപ്പെടാതിരിക്കുക.
  • കണ്ണുനീരിന്റെയും ഉമിനീരിന്റെയും അളവിൽ മാറ്റങ്ങൾ.

Content Summary: Midhun Ramesh diagnosed with Bell’s Palsy.