പോളിസിസ്റ്റിക് ഓവറി സിൻഡ്രോം; പ്രമേഹ സാധ്യതയും ഡയറ്റും 

സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഹോർമോൺ പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. സ്ത്രീ വന്ധ്യതയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ അഞ്ചിൽ ഒരു സ്ത്രീ പിസിഒഎസ് ബാധിതയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 70% വരെ കേസുകൾ നിർണയിക്കപ്പെടാതെ പോകുന്നു.

എന്താണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം?

അണ്ഡാശയങ്ങൾ പതിവിൽ കൂടുതൽ ആൻഡ്രോജൻ ഉൽപ്പാദിപ്പിക്കുന്ന അവസ്ഥയാണിത്. പുരുഷ ഹോർമോണാണ് ആൻഡ്രോജൻ. സാധാരണ സ്ത്രീകളിൽ വളരെക്കുറച്ച് അളവിൽ മാത്രമാണ് ആൻഡ്രോജൻ ഉൽപ്പാദിപ്പിക്കുക. 

മെലിഞ്ഞവർക്ക് പിസിഒഎസ് സാധ്യതയുണ്ടോ?

പിസിഒഎസ് തടിയുള്ളവരിൽ മാത്രം കാണുന്ന പ്രശ്നമായി കരുതാറുണ്ട്. എന്നാൽ മെലിഞ്ഞവരിലും പിസിഒഎസ് സാധ്യതയുണ്ട്. മെലിഞ്ഞവരിൽ രോഗം കണ്ടുപിടിക്കാൻ പ്രയാസമാണ്. രോഗികളിൽ കൂടുതലും തടിയുള്ളവരായതാണ് കാരണം. ഹോർമോൺ തകരാറുകൾ, മാനസിക സമ്മർദ്ദം, ഭക്ഷണക്രമക്കേടുകൾ, വ്യായാമക്കുറവ്, ക്രമരഹിതമായ ജീവിതശൈലി എന്നിവ മെലിഞ്ഞവരിൽ പിസിഒഎസ് സാധ്യത കൂട്ടുന്നു. 

പിസിഒഎസ് ലക്ഷണങ്ങൾ 

– ക്രമരഹിതമോ അമിതമോ ആയ രക്തസ്രാവം, അല്ലെങ്കിൽ  ആർത്തവസമയത്ത് രക്തസ്രാവം തീരെയില്ലാത്തത്. 

– അമിതമായ മുഖക്കുരു 

– നെഞ്ച്, തുട, മുഖം തുടങ്ങിയ ശരീരഭാഗങ്ങളിൽ അമിത രോമവളർച്ച.

– അമിതമായ പകൽ ഉറക്കം, കൂർക്കം വലി, ഉറക്കമില്ലായ്മ. 

– വിഷാദം 

അപകട സാധ്യത 

പിസിഒഎസ് ഉള്ളവരിൽ കാണുന്ന ഒരു അവസ്ഥയാണ് ഇൻസുലിൻ പ്രതിരോധം. ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഉപയോഗപ്പെടുത്താനാകാത്ത അവസ്ഥയാണിത്. വളരെച്ചെറിയ പ്രായത്തിൽ തന്നെ പ്രമേഹം വരാൻ ഇത് കാരണമാകുന്നു. 

പിസിഒഎസ്  ഉള്ളവരിൽ ഗർഭാശയസ്തര കാൻസർ വരാനുള്ള സാധ്യതയും കൂടുതലാണ്. 

എങ്ങനെ നേരിടാം?

പിസിഒഎസ് ഒരു ഹോർമോൺ വ്യതിയാനമാണ്. മരുന്ന് കഴിച്ച് മാറ്റാവുന്ന അസുഖമല്ല. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. അതാണ് ഏറ്റവും മികച്ച മാർഗം. 

  • ഭക്ഷണ ക്രമീകരണമാണ് ഒന്ന്. കലോറി കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. പോഷകസമൃദ്ധമായ ബദാം, പഴങ്ങൾ തുടങ്ങിയവ ലഘുഭക്ഷണങ്ങളായി കഴിക്കാം. 
  • കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള ഭക്ഷണങ്ങൾ കഴിക്കുക. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ, പഴങ്ങൾ, അന്നജം അടങ്ങിയ പച്ചക്കറികൾ, കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ എന്നിവയിൽ  ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായിരിക്കും. 
  • മത്സ്യം കഴിക്കുക. ഒപ്പം ബീഫ്, പന്നിയിറച്ചി പോലുള്ള ചുവന്ന മാംസങ്ങൾ ഒഴിവാക്കണം. 
  • പതിവായി വ്യായാമം ചെയ്യേണ്ടതുമുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധം കുറക്കുന്നു.  
  • ആവശ്യത്തിന് ഉറങ്ങേണ്ടതും അത്യാവശ്യമാണ്. ഉറക്കക്കുറവ് അമിതമായ വിശപ്പും വിഷാദവും വരാൻ കാരണമാകും. 

PCOS ഒരു ജീവിതശൈലീ രോഗമായതിനാൽ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്ന്, ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ച്, ഈ അവസ്ഥയെ വിജയകരമായി കൈകാര്യം ചെയ്യാം.

Also Read | പിസിഒഎസ് ഉള്ളവർ പാൽ പൂർണ്ണമായി ഉപേക്ഷിക്കേണ്ടതുണ്ടോ? വിദഗ്ദർ പറയുന്നത് കേൾക്കൂ