നമ്മുടെ രാജ്യത്ത് വയറ്റിലെ ക്യാൻസർ കൂടാൻ കാരണമെന്ത്?

ലോകത്ത് തന്നെ ഏറ്റവുമധികം കാണപ്പെടുന്ന ക്യാൻസറാണ് ആമാശയത്തിലേത്. നമ്മുടെ രാജ്യത്തും ആമാശയ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യയിൽ പുരുഷൻമാരിൽ ഏറ്റവുമധികം കാണപ്പെടുന്ന നാലാമത്തെയും സ്ത്രീകളിൽ അഞ്ചാമത്തെയും ക്യാൻസറാണിത്. ലോകത്ത് ഏറ്റവുമധികം മരണകാരണമാകുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനമാണ് ആമാശയ അർബുദത്തിനുള്ളത്. 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ ഒരു പഠനമനുസരിച്ച്, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച്, മദ്യത്തോടൊപ്പം മസാല കലർന്നതും സംസ്ക്കരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടാണ് ഇന്ത്യയിൽ ആമാശയ ക്യാൻസർ കൂടാൻ കാരണം. 

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കിടയിൽ ആമാശയ ക്യാൻസർ കൂടുതലായി കണ്ടുവരുന്നു. പുകവലി, മദ്യപാനം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ കാരണം പുരുഷന്മാർക്ക് ഈ ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ സർജൻ ഡോ. പുനീത് ധർ പറഞ്ഞു.

എരിവുള്ള ഭക്ഷണം വയറ്റിലെ ക്യാൻസറിന് കാരണമാകുന്നതെങ്ങനെ?

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, എരിവുള്ള ഭക്ഷണവും ആമാശയ ക്യാൻസറിനുള്ള സാധ്യതയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. ഉപ്പ്, ഉണക്ക മത്സ്യം, മാംസം, പച്ചക്കറികൾ എന്നിവയും സംസ്കരിച്ചതും ഗ്രിൽ ചെയ്തതും കരിയിൽ പാകം ചെയ്തതുമായ മാംസങ്ങൾ കഴിക്കുന്നതും പലരിലും ആമാശയ ക്യാൻസർ വരാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു.

പല ഭക്ഷണങ്ങളിലും മസാലയായി ഉപയോഗിക്കുന്ന മുളകിലെയും ചുവന്ന കുരുമുളകിലെയും സംയുക്തമായ ക്യാപ്‌സൈസിൻ ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.

ക്യാപ്സൈസിൻ അമിതമാകുമ്പോൾ ആമാശയത്തിലെ ആവരണത്തിന് വീക്കത്തിനും കേടുപാടുകൾക്കും ഇടയാക്കും, കാലക്രമേണ ആമാശയ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും. ചികിത്സിച്ചില്ലെങ്കിൽ, ഇവിടെ ട്യൂമർ രൂപപ്പെടുകയും വയറിൻ്റെ ഭിത്തികളിൽ ക്യാൻസറായി ആഴത്തിൽ വളരുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തരം ട്യൂമർ കരൾ, പാൻക്രിയാസ് തുടങ്ങിയ അടുത്തുള്ള അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. 

വയറ്റിലെ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ

ആമാശയ ക്യാൻസർ പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും, നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്…

വിശപ്പില്ലായ്മ

വിഴുങ്ങാൻ ബുദ്ധിമുട്ട്

ക്ഷീണം

ഓക്കാനം

ശരീരഭാരം കുറയുക

തുടർച്ചയായ നെഞ്ചെരിച്ചിലും ദഹനക്കേടും

രക്തം ഛർദ്ദിക്കുക

വയറിൽ അസ്വസ്ഥതയും മലബന്ധവും

കഠിനമായ വയറുവേദന

ഒരു ചെറിയ ഭക്ഷണം കഴിച്ചതിനു ശേഷവും വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു

വയറ്റിലെ ക്യാൻസറിനുള്ള മറ്റ് കാരണങ്ങൾ

ഭക്ഷണമല്ലാത്തെ വയറ്റിലെ ക്യാൻസറിലേക്ക് നയിക്കുന്ന മറ്റ് ചില കാരണങ്ങൾ ചുവടെ പറയുന്നു…

കുടുംബ ചരിത്രം അല്ലെങ്കിൽ ജനിതകശാസ്ത്രം

ആവർത്തിച്ചുള്ള ഹെലിക്കോബാക്റ്റർ പൈലോറി അണുബാധ

വയറ്റിലെ അമ്ലം തിരിച്ചു അന്നനാളത്തിലോട്ടു പോകുന്ന രോഗാവസ്ഥ

ഗ്യാസ്ട്രൈറ്റിസ്

ആമാശയത്തിലെ അൾസർ അല്ലെങ്കിൽ പോളിപ്സിൻ്റെ ചരിത്രം

കൽക്കരി, ലോഹം, റബ്ബർ തുടങ്ങിയ വസ്തുക്കളുമായി ഇടയ്ക്കിടെ ഇടപെടുന്നത്

പുകവലി, പുകയില മുറുക്ക്

മദ്യപാനം

അമിതവണ്ണം

വയറ്റിലെ ക്യാൻസർ എങ്ങനെ തടയാം

1. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക:

പഴങ്ങളും പച്ചക്കറികളും കൂടുതലുള്ളതും ഉപ്പും ചുവന്ന മാംസവും കുറഞ്ഞതുമായ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, കരോട്ടിനോയിഡുകൾ, സിട്രസ് പഴങ്ങൾ, ഇലക്കറികൾ, ക്യാരറ്റ് എന്നിവ പോലുള്ള കരോട്ടിനോയിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ഇവ മിക്ക പ്രധാന പോഷകങ്ങളുടെയും നല്ല ഉറവിടങ്ങളാണ്.

2. പുകവലിയും പുകയില ഉൽപന്നങ്ങളും ഒഴിവാക്കുക:

പുകയില ഉപയോഗം ആമാശയ ക്യാൻസറിനും മറ്റ് പല അർബുദങ്ങൾക്കും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു

3. ശരീരഭാരം നിയന്ത്രിക്കുക:

ആരോഗ്യകരമായ ഭാരം നിലനിർത്താൻ പതിവായി വ്യായാമം ചെയ്യുക. അമിതവണ്ണം ഉണ്ടാക്കുന്ന മോശം ഭക്ഷണശീലം ഉപേക്ഷിക്കുക. ഇത് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

Content Summary: Reasons for increase in stomach cancer in India