ദിവസവും പുഴുങ്ങിയ മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും?

നമുക്ക് അറിയാം, പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളുമൊക്കെ അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട. ശരീരവളർച്ചയ്ക്കും ആരോഗ്യത്തിനും ഊർജം ലഭിക്കാനുമൊക്കെ ഏറെ ഫലപ്രദമാണ് മുട്ട. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ കാഴ്ച ശക്തിയ്ക്കും പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. തലച്ചോറിൻ്റെ ആരോഗ്യത്തിന് പ്രധാനമായ കോളിൻ്റെ നല്ല ഉറവിടം കൂടിയാണ് മുട്ട. 

നമ്മുടെ നാട്ടിൽ മുട്ട പല തരത്തിൽ പാകം ചെയ്താണ് ഉപയോഗിക്കാറുള്ളത്. ഓംലെറ്റ്, ബുൾസ്ഐ, എഗ് റോസ്റ്റ്, പുഴുങ്ങിയ മുട്ട എന്നിങ്ങനെ നിരവധി രുചിവൈവിധ്യങ്ങൾ മുട്ടയ്ക്കുണ്ട്. പൊതുവെ നമുക്കിടയിൽ ഒരു പ്രധാനപ്പെട്ട പ്രഭാതഭക്ഷണ വിഭവമാണ് മുട്ട. എന്നാൽ എന്നും മുട്ട കഴിച്ചാൽ എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടാകുമോയെന്ന കാര്യത്തിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. കൊളസ്ട്രോൾ കൂടുമെന്നും മറ്റുമുള്ള പ്രചരണങ്ങളുമുണ്ട്. ദിവസവും ഒരു പുഴുങ്ങിയ മുട്ട കഴിച്ചാൽ നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നോക്കാം. ഇതിന് നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. 

ഗുണങ്ങൾ

1. നല്ല പ്രോട്ടീൻ- വേവിച്ച മുട്ട നല്ല പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ്. പേശികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും ശരീരത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളുമുള്ള പ്രോട്ടീൻ മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് പേശികളുടെ പരിപാലനത്തിനും വികാസത്തിനും സഹായിക്കും.

2. പോഷക സമ്പുഷ്ടം- വിറ്റാമിൻ എ, ഡി, ഇ, ബി കോംപ്ലക്സ് വിറ്റാമിനുകൾ ബി 12, ഫോളേറ്റ് എന്നിവയും ഇരുമ്പ്, ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ ധാതുക്കളും ഉൾപ്പെടെ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി, അസ്ഥികളുടെ ആരോഗ്യം, ഊർജ്ജ ഉൽപ്പാദനം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഈ പോഷകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.

3. ശരീരഭാരം നിയന്ത്രിക്കുന്നു- പുഴുങ്ങിയ മുട്ടയിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതും ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം കഴിക്കാനുള്ള താൽപര്യവും കുറയ്ക്കും.

4. ഹൃദയാരോഗ്യം- കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെങ്കിലും മുട്ടയുടെ മിതമായ ഉപഭോഗം ഹൃദയാരോഗ്യത്തിൽ നിഷ്പക്ഷമോ ഗുണകരമോ ആയ ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളും ആൻ്റിഓക്‌സിഡൻ്റുകളും പോലുള്ള പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മുട്ട കഴിക്കുന്നത് മൂലം ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

5. മസ്തിഷ്ക പ്രവർത്തനം-തലച്ചോറിൻ്റെ ആരോഗ്യത്തിനും വൈജ്ഞാനിക പ്രവർത്തനത്തിനും ആവശ്യമായ കോളിൻ എന്ന പോഷകം മുട്ടയിൽ ധാരാളമുണ്ട്. മുട്ട പതിവായി കഴിക്കുന്നത് ഓർമശക്തി, ഏകാഗ്രത എന്നിവ വർദ്ധിക്കുകയും മൊത്തത്തിലുള്ള മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുത്താനും നല്ലതാണ്. 

പാർശ്വ ഫലങ്ങൾ

1. അലർജി- ചില ആളുകളിൽ ഭക്ഷ്യ അലർജി ഉണ്ടാക്കുന്ന ഒന്നാണ് മുട്ട. അത്തരം ആളുകൾ ദിവസേന അവ കഴിക്കുന്നത് അലർജി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

2. കൊളസ്ട്രോൾ- ചില വ്യക്തികളിൽ, പ്രത്യേകിച്ച് ചില ജനിതക പ്രശ്നങ്ങളോ ഹൃദ്രോഗമോ ഉള്ളവരിൽ കൊളസ്ട്രോൾ വർദ്ധിക്കാൻ മുട്ട കാരണമാകും. നല്ല കൊളസ്ട്രോളാണ് വർദ്ധിപ്പിക്കുന്നതെങ്കിലും ഹൃദ്രോഗമുള്ളവർക്ക് അത് നല്ലതല്ല. 

3. ദഹന പ്രശ്നങ്ങൾ- ചില ആളുകൾക്ക് ദിവസവും മുട്ട കഴിക്കുമ്പോൾ ദഹനസംബന്ധമായ അസ്വസ്ഥത അനുഭവപ്പെടാം. പ്രത്യേകിച്ചും മുട്ടയുടെ വെള്ളയിലെ പ്രോട്ടീനുകൾ പോലെയുള്ള ചില ഘടകങ്ങളാണ് ഇവിടെ പ്രശ്നമാകുന്നത്. 

4. ഭക്ഷ്യവിഷബാധ- നന്നായി പാകം ചെയ്തുവേണം മുട്ട ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ അതിൽ അടങ്ങിയിട്ടുള്ള സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. 

5. പൂരിത കൊഴുപ്പ് ഉള്ളടക്കം- മുട്ടയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും, അവയിൽ ചില പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ഇത് അമിതമായി കഴിക്കുമ്പോൾ, കൊളസ്ട്രോൾ വർദ്ധിക്കാനും ഹൃദ്രോഗ സാധ്യതയുണ്ടാകാനും കാരണമാകും. പൂരിത കൊഴുപ്പ് കൂടുതലുള്ള മറ്റ് ഭക്ഷണത്തിനൊപ്പം മുട്ട കഴിക്കുന്നതാണ് ഇവിടെ പ്രശ്നമായി മാറുന്നത്.

Also Read: കോഴിമുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

Content Summary: Benefits and side effects of eating eggs everyday