കേരളത്തിൽ ഏറ്റവും പോപ്പുലറായ 6 നോൺ വെജ് വിഭവങ്ങൾ

രാജ്യത്ത് തന്നെ ഏറ്റവും രുചികരമായ നോൺ വെജ് വിഭവങ്ങൾക്ക് പേരുകേട്ട നാടാണ് കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സാംപിൾ സർവേ ഓഫീസ് നടത്തിയ സർവേയിൽ മലയാളികളുടെ നോൺ വെജ് ഭ്രമത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ളവരുടെ ഭക്ഷണ ചെലവിന്‍റെ 23.5 ശതമാനം നോൺ വെജിറ്റേറിയനുവേണ്ടിയാണ്. എന്നാൽ നഗരമേഖലയിൽ ഇത് 19.8 ശതമാനമാണ്. കേരളത്തിൽ ഏറ്റവും ജനപ്രിയമായ ആറ് നോൺ വെജ് വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

  1. കേരള ചിക്കൻ കറി

ഏറെ എരിവും പുളിവും നിറഞ്ഞതും തേങ്ങാപാൽ ചേർത്തതോ തേങ്ങാക്കൊത്ത് ഉപയോഗിച്ചുള്ളതോ ആണ് കേരള സ്റ്റൈൽ ചിക്കൻ കറി. കറിവേപ്പില ഉൾപ്പടെ കടുക് വറുത്ത് ചേർക്കുന്നതാണ് ഈ ചിക്കൻകറിക്ക് കൂടുതൽ സ്വാദ് നൽകുന്നത്.

  1. ഫിഷ് മോളി

തെക്കൻ കേരളത്തിൽ ഏറെ പ്രചാരമുള്ള ഒരു നോൺവെജ് വിഭവമാണിത്. പ്രത്യേകിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഏറെ രുചികരമായ ഫിഷ് മോളി ഉണ്ടാക്കുന്നത്. തേങ്ങാപ്പാൽ, മഞ്ഞൾ, പച്ചമുളക്, തക്കാളി എന്നിവ ചേർത്ത് വളരെ കുറുകിയതാണ് ഈ മീൻകറി. അപ്പത്തിനും ചോറിനുമൊപ്പം കഴിക്കാൻ ഇത് വളരെ നല്ലതാണ്.

  1. ചെമ്മീൻ റോസ്റ്റ്

കേരളത്തിൽ എത്തുന്ന വിദേശികൾ ഉൾപ്പടെയുള്ള വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ വിഭവമാണ് ചെമ്മീൻ റോസ്റ്റ്. വിവിധതരം മസാലകളും കൊച്ചുള്ളിയും തക്കാളിയുമൊക്കെയെടിട് വയറ്റിയാണ് ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്നത്.

  1. കേരള മട്ടൻ കറി

തേങ്ങാപ്പാലും വിവിധതരം മസാലകളുമാണ് കേരള സ്റ്റൈൽ മട്ടൻകറിയെ രുചികരമാക്കുന്നത്. അപ്പം, പൊറോട്ട, ഇടിയപ്പം എന്നിവയ്ക്കൊപ്പം നല്ല കോംബിനേഷനാണ് മട്ടൻകറി.

  1. കരിമീൻ പൊള്ളിച്ചത്

വിവിധ മസാലകൾ ഉപയോഗിച്ച് കരിമീൻ മാരിനേറ്റ് ചെയ്ത് വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നതാണ് ഈ വിഭവം. വിദേശികൾക്ക് ഉൾപ്പടെ ഏറെ പ്രിയപ്പെട്ടതാണ് കരിമീൻ പൊള്ളിച്ചത്.

  1. താറാവ് റോസ്റ്റ്

ഏറെ പ്രസിദ്ധമായ ഒരു കുട്ടനാടൻ വിഭവമാണ് താറാവ് റോസ്റ്റ്. കുട്ടനാട്ടിലെ ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും ഈ വിഭവത്തിന് ആവശ്യക്കാർ ഏറെയാണ്.