കുട്ടികളിലെ മലബന്ധം മാറ്റാൻ 4 ശീലങ്ങൾ

കുട്ടികൾക്കിടയിൽ ഒരു സാധാരണ പ്രശ്നമാണ് മലബന്ധം. ചെറുപ്രായത്തിൽ കുട്ടികളുടെ എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ ഒരു ശ്രദ്ധ വേണം. ഭൂരിഭാഗം കുട്ടികളും മലബന്ധം അനുഭവിക്കുന്നുണ്ട്. മലബന്ധമുണ്ടെങ്കിൽ മലമൂത്രവിസർജ്ജനം ബുദ്ധിമുട്ടായിരിക്കും. മലവിസർജ്ജനം അപൂർവ്വമായി നടക്കുകയോ മലം ഉണങ്ങിയ രീതിയിൽ കാണപ്പെടുകയോ ചെയ്യും.

വയറുവേദന, വിശപ്പില്ലായ്മ, ആഴ്ചയിൽ രണ്ടിൽ താഴെ മലവിസർജ്ജനം എന്നിവ മലബന്ധത്തിന്റെ ലക്ഷണങ്ങളാണ്. ചില കുട്ടികളിൽ മലത്തിൽ രക്തം കാണപ്പെടുകയും ചെയ്യും. ടോയ്‌ലെറ്റിൽ പോകാൻ തോന്നുമ്പോൾ പോകാതിരിക്കുക, തെറ്റായ ഭക്ഷണശീലം, ചില മരുന്നുകളുടെ ഉപയോഗം, ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുന്നത്, അമിതമായി പാലോ പാലുല്പന്നങ്ങളോ കഴിക്കുന്നത് ഒക്കെയാകാം മലബന്ധം വരാനുള്ള കാരണങ്ങൾ. ഇത്തരം പ്രശ്‍നങ്ങൾ അവഗണിക്കാതെ മികച്ച വൈദ്യസഹായം തേടുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.

കുട്ടികളിലെ മലബന്ധം മാറ്റാൻ സഹായിക്കുന്ന 4 ശീലങ്ങൾ

1. കുട്ടിയുടെ ഭക്ഷണ രീതികളിൽ മാറ്റം വരുത്തുക

കുട്ടികൾക്ക് നല്ല സമീകൃതാഹാരം നൽകേണ്ടത് അത്യാവശ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ കൊടുക്കണം. കുട്ടിയുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട്, ബ്രോക്കോളി, കാബേജ്, കാരറ്റ്, ധാന്യങ്ങൾ, ഗ്രീൻ പീസ്, ചീര, അവോക്കാഡോ, ആപ്പിൾ, ഈന്തപ്പഴം, പപ്പായ, ഓറഞ്ച്, പേരക്ക, കിവിസ്, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി, ഉണക്കമുന്തിരി എന്നിവ ഉൾപ്പെടുത്തണം.

2. നാരുകൾ അടങ്ങിയ ഭക്ഷണം

ദഹനം എളുപ്പമാക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. സോഡ, കോള എന്നിവ കുട്ടികൾക്ക് കൊടുക്കുന്നത് പരിമിതപ്പെടുത്തണം. അമിതമായി മസാലകൾ ചേർന്ന ഭക്ഷണങ്ങൾ, എണ്ണമയമുള്ള ഭക്ഷണങ്ങൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കൊടുക്കരുത്. ജലാംശം നിലനിർത്താനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കണം.

3. വ്യായാമം

കുട്ടി ഏതെങ്കിലും ഒരു ശാരീരിക പ്രവർത്തനങ്ങൾ മുടങ്ങാതെ ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കണം. വ്യായാമം ദഹനത്തെ സഹായിക്കുകയും കുട്ടിക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ മലമൂത്ര വിസർജ്ജനത്തിന് സഹായിക്കുകയും ചെയ്യുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും കുട്ടി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. നീന്തൽ, ഓട്ടം, നടത്തം, യോഗ, എയ്റോബിക്‌സ് തുടങ്ങിയ ഏത് പ്രവർത്തനങ്ങളും ചെയ്യാം.

4. ടോയ്‌ലറ്റ് ശീലങ്ങൾ വളർത്തുക

ഭക്ഷണത്തിന് ശേഷം കുട്ടിയെ ദിവസത്തിൽ ഒരിക്കലെങ്കിലും 10 മിനിറ്റെങ്കിലും ടോയ്‌ലറ്റിൽ ഇരുത്തണം. മലമൂത്രവിസർജ്ജനം ചെയ്യാത്തതിന് കുട്ടിയോട് ദേഷ്യപ്പെടരുത്. ഡോക്ടറുടെ ഉപദേശപ്രകാരം ശോധന സുഗമമാക്കാൻ മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്.

Also Read: മോശം രക്ഷാകർതൃത്വം കുട്ടികളിൽ ഉണ്ടാക്കുന്ന 8 നെഗറ്റീവ് ഇഫക്റ്റുകൾ

വിവരങ്ങൾക്ക് കടപ്പാട്: ഇന്ത്യ ഡോട്ട് കോം

Content Summary: Constipation in Children: 4 Habits to get rid of Constipation in Children