പ്രധാനമായും സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് മൂത്രത്തിലെ അണുബാധ. ഇന്ന് ലോകത്താകമാനം 25 ശതമാനം സ്ത്രീകളെ ഇത് ബാധിക്കുന്നുണ്ട്. മൂത്രത്തിലെ അണുബാധ സാധാരണയായി അപകടകരമായ ആരോഗ്യപ്രശ്നമല്ല, എന്നാൽ ചിലരിൽ ഇത് രൂക്ഷമായേക്കാം. മൂത്രമൊഴിക്കുമ്പോൾ വേദന, വയറുവേദന, വിറയലോടുകൂടിയ പനി എന്നിവയൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ. സാധാരണഗതിയിൽ ആൻറിബയോട്ടിക് ചികിത്സയാണ് ഇതിന് ഡോക്ടർമാർ നിർദേശിക്കുന്നത്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത് അനുസരിച്ച്, ആൻറിബയോട്ടിക്കുകൾ ബാക്ടീരിയ അണുബാധയെ ചികിത്സിക്കാൻ സഹായിക്കുമെങ്കിലും, അവ പാർശ്വഫലങ്ങൾക്കും കാരണമാകും. അണുബാധ അനുഭവപ്പെട്ടാൽ ഉടൻ ചില കാര്യങ്ങൾ വീട്ടിൽവെച്ച് ചെയ്താൽ രോഗം ഗുരുതരമാകില്ല. മൂത്രത്തിലെ അണുബാധയെ വീട്ടിൽവെച്ച് തന്നെ ചെറുക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ ചുവടെ നൽകുന്നു.
1. ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നത് മൂത്രത്തലെ അണുബാധ ഉണ്ടാകാതിരിക്കാനും അത് ശരിയായി ചികിത്സിക്കാനും സഹായിക്കും. കൂടുതൽ വെള്ളം കുടിക്കുന്നത് മൂത്രത്തെ നേർപ്പിക്കാനും കൂടുതൽ തവണ മൂത്രമൊഴിക്കുന്നതിലൂടെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ അകറ്റാനും കഴിയും.
2. ബെറി വിഭാഗത്തിലെ പഴങ്ങൾ
മധുരമില്ലാത്ത ക്രാൻബെറി ജ്യൂസ്, ക്രാൻബെറി സപ്ലിമെന്റുകൾ അല്ലെങ്കിൽ ക്രാൻബെറിയുടെ ഡ്രൈഫ്രൂട്ട്സ് എന്നിവ മൂത്രത്തിലെ അണുബാധയെ ചെറുക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കാരണം, ക്രാൻബെറിയിൽ മൂത്രനാളിയിലെ പാളിയിൽ ബാക്ടീരിയകൾ പറ്റിനിൽക്കുന്നത് തടയുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടത്രെ.
3. പ്രോബയോട്ടിക്സ്
പ്രോബയോട്ടിക്സ് ദഹനത്തെയും രോഗപ്രതിരോധ സംവിധാനത്തെയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. ദോഷകരമായ ബാക്ടീരിയകളെ നല്ല ബാക്ടീരിയകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനാൽ അവ മൂത്രത്തിലെ അണുബാധയെ ചികിത്സിക്കാനും തടയാനും സഹായിക്കും.
4. വിറ്റാമിൻ സി
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിൻ സി രോഗങ്ങൾ തടയാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. വിറ്റിമാൻ സി കൂടുതലായി കഴിക്കുന്നത് മൂത്രത്തിൽ അസിഡിറ്റി വർദ്ദിപ്പിക്കാനും അതുവഴി അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ ഓറഞ്ച്, മുന്തിരി, കിവി, നാരങ്ങ, എന്നിവ ഉൾപ്പെടുന്നു.
5. യഥാസമയം മൂത്രമൊഴിക്കുക
മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്നത് അണുബാധയുണ്ടാകാൻ കാരണമാകും. ഏറെ നേരം മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്നത്. ബാക്ടീരിയകൾ വളരാനും അണുബാധ കൂടുതൽ വഷളാക്കുകാനും കാരണമാകും.
(Disclaimer- മുകളിൽ നൽകിയിട്ടുള്ള വിവരങ്ങൾ ചില പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടുക)
Content Summary: If you experience a urinary tract infection, you can do some things immediately at home. Then the infection will not become severe. Here are 5 home remedies for urinary tract infections.