World Health Day 2023: ശരീരത്തിലെ ഈ 5 തരം വേദനകളെ നിസാരമായി കാണരുതേ

ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ വേദനകളുണ്ടകുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം. ചിലരിലെങ്കിലും അത് മാരകമായ അസുഖങ്ങളുടെ സൂചനയുമാകാം. ഇത്തരത്തിൽ അനുഭവപ്പെടുന്ന വേദനകളെ നിസാരമായി തള്ളിക്കളയുന്നവർ ഏറെയാണ്. എന്നാൽ നിസാരമായി കാണാൻ പാടില്ലാത്ത അഞ്ച് തരം വേദനകളെക്കുറിച്ചാണ് ചുവടെ പറയുന്നത്.

1. നെഞ്ചുവേദന

നെഞ്ചിൽ അനുഭവപ്പെടുന്ന വേദന ചിലപ്പോൾ ഹൃദയസംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടതാകാം. എന്നാൽ ചിലരിൽ ഗ്യാസ്ട്രബിൾ മൂലവും നെഞ്ച് വേദന അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ഉണ്ടാകുന്ന നെഞ്ച് വേദന ഗ്യാസ് ആയിരിക്കുമെന്ന് തള്ളിക്കളയുന്നത് അപകടകരമായി മാറാറുണ്ട്. നെഞ്ച് വേദനയ്ക്കൊപ്പം ശ്വാസതടസ്സം, വിയർപ്പ് അല്ലെങ്കിൽ ഓക്കാനം എന്നിവയും ഉണ്ടെങ്കിൽ, അത് ഹൃദയാഘാതത്തിൻറെ ലക്ഷണമാകാം. ഹൃദയസംബന്ധമായ കൊറോണറി ആർട്ടറി രോഗം, കൊറോണറി ആർട്ടറി ഡിസെക്ഷൻ, പെരികാർഡിറ്റിസ്, ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി, അയോർട്ടിക് ഡിസെക്ഷൻ
അയോർട്ടിക് അനൂറിസം, മിട്രൽ വാൽവ് പ്രോലാപ്സ് തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണം നെഞ്ച് വേദനയാണ്. നെഞ്ച് വേദന ന്യൂമോണിയയുടെയും ശ്വാസകോശരോഗങ്ങളുടെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ കഠിനമായതും നീണ്ടനിൽക്കുന്നതുമായ നെഞ്ച് വേദന അനുഭവപ്പെടുന്നവർ തീർച്ചയായും വിദഗ്ദനായ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

2. വയറുവേദന

വിവിധ കാരണങ്ങൾകൊണ്ട് വയറുവേദന അനുഭവപ്പെടാം. കഴിച്ച ഭക്ഷണം നല്ലതുപോലെ ദഹിക്കാത്ത പ്രശ്നമുണ്ടെങ്കിൽ വയറുവേദന ഉണ്ടാകാം. അതുപോലെ മലബന്ധം, മൂത്രത്തിൽ കല്ല്, മൂത്രത്തിൽ അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ കാരണവും വയറുവേദന ഉണ്ടാകാം. കുടൽ, ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വയറുവേദനയ്ക്ക് കാരണമാകും. രൂക്ഷമായ വയറുവേദന അനുഭവപ്പെടുന്ന മറ്റൊരു ആരോഗ്യപ്രശ്നം അപ്പെൻഡിസൈറ്റിസാണ്. ക്യാൻസർ പോലെയുള്ള ഗുരുതര രോഗങ്ങളുടെ ലക്ഷണമായും വയറുവേദന അനുഭവപ്പെടാം. കുടലിലെയും ആമാശയത്തിലെയും കരളിലെയും പാൻക്രിയാറ്റിസിലെയും ക്യാൻസറിന് വയറുവേദന ഒരു ലക്ഷണമാണ്. ഏറെ നേരം നീണ്ടുനിൽക്കുന്നതും കഠിനമായതുമായ വയറുവേദനയുണ്ടെങ്കിൽ, എത്രയും വേഗം ഒരു ഡോക്ടറെ കണ്ട് രോഗനിർണയവും ചികിത്സയും നടത്തുക.

3. തലവേദന

പനി ഉൾപ്പടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായാണ് കൂടുതൽ പേർക്കും തലവേദന അനുഭവപ്പെടുന്നത്. മൈഗ്രേയ്ൻ എന്ന അസുഖത്തിൻറെ ലക്ഷണവും അസഹനീയമായ തലവേദനയാണ്. സൈനസൈറ്റിസ് അണുബാധയുടെ ഫലമായും തലവേദന വരാറുണ്ട്. എന്നാൽ തലച്ചോറുമായി ബന്ധപ്പെട്ട ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായി തലവേദന അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ ഇത് ട്യൂമറിൻറെയോ സ്ട്രോക്കിൻറെയോ(സെറിബ്രൽ ഹെമറേജ്) ലക്ഷണമാകാം. രക്തസമ്മർദ്ദം ക്രമാതീതമായി ഉയരുമ്പോഴും തലവേദന അനുഭവപ്പെടാം. തലവേദനയ്ക്കൊപ്പം തലകറക്കം, കാഴ്ചപ്രശ്നങ്ങൾ, ആശയകുഴപ്പം എന്നിവ അനുഭവപ്പെട്ടാൽ അത് തലച്ചോറ്, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാകാം. ഏറെ നീണ്ടുനിൽക്കുന്നതും കഠിനമായതുമായ തലവേദനയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടുക.

4. നടുവേദന

വിവിധ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായി നടുവേദന അനുഭവപ്പെടാറുണ്ട്. വൃക്കയിലോ മൂത്രത്തിലോ കല്ല്, മൂത്രനാളിയിലെ അണുബാധ, സ്ത്രീകളിൽ ഗർഭാശയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണമായി നടുവേദന അനുഭവപ്പെടാറുണ്ട്. ഇതിന് പുറമെ നട്ടെല്ല്, നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന ഹെർണിയേറ്റഡ് ഡിസ്‌ക്, സ്‌പൈനൽ സ്റ്റെനോസിസ് അല്ലെങ്കിൽ മറ്റ് ഗുരുതരമായ അവസ്ഥകളുടെ ലക്ഷണമായും നടുവേദന വരാറുണ്ട്. അസഹനീയവും നീണ്ടുനിൽക്കുന്നതുമായ നടുവേദന ഉണ്ടെങ്കിൽ, ഉടൻ ഒരു ഡോക്ടറെ സമീപിക്കുക.

5. സന്ധി വേദന

സന്ധി വേദന ആർത്രൈറ്റിസിന്റെയോ മറ്റ് കോശജ്വലന അവസ്ഥകളുടെയോ ഭാഗമായിരിക്കും. വിവിധതരം വാതങ്ങളുടെ ഫലമായി സന്ധിവേദന അനുഭവപ്പെടാം. കംപ്യൂട്ടറിൽ ഉൾപ്പടെ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിലും സന്ധിവേദന അനുഭവപ്പെടാറുണ്ട്. സന്ധി വേദന കഠിനമോ നീണ്ടുനിൽക്കുന്നതോ ആണെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടുക.

ശരീരത്തിൽ ഏത് ഭാഗത്തുണ്ടാകുന്ന വേദനയാണെങ്കിലും, അത് അസഹനീയമോ നീണ്ടുനിൽക്കുന്നതോ ആണെങ്കിൽ നിസാരമായി കാണരുത്. ചിലപ്പോഴെങ്കിലും മാരകരോഗങ്ങളുടെ ലക്ഷണമായിരിക്കാം അത്. ഉടനടി വൈദ്യസഹായം തേടുകയും മതിയായ പരിശോധനകൾ നടത്തി മറ്റ് രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Disclaimer- ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെയും ചില മുൻകാല പഠനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഒരു പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കിലെടുക്കരുത്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് നിർദേശങ്ങൾ തേടുകയോ ചികിത്സ ആരംഭിക്കുകയോ ചെയ്യണം.

Content Summary: 5 Types of body pain you shouldn’t ignore.