നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു അസുഖമാണ് മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്). നാഡികളെ സംരക്ഷിക്കുന്ന പാളിയായ മയലിൻ കവചത്തെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തന്നെ ആക്രമിക്കുന്ന അവസ്ഥയാണിത്. തലച്ചോറിലെ നാഡികൾ ഉൾപ്പെടെയുള്ള കേന്ദ്ര നാഡികൾക്ക് ചുറ്റുമുള്ള മയലിൻ കവചമാണ് ആക്രമിക്കപ്പെടുന്നത്. ഇങ്ങനെ നാഡികളുടെ പ്രവർത്തനം തടസപ്പെടുകയും ക്ഷീണം, നടക്കാൻ ബുദ്ധിമുട്ട്, സംസാര പ്രശ്നങ്ങൾ, കാഴ്ച്ച തകരാറുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. പല രോഗികളിലും പല ലക്ഷണങ്ങളായിരിക്കും പ്രകടമാകുന്നത്. പെട്ടെന്നുള്ള മരവിപ്പ്, ബലഹീനത, ബാലൻസ് നഷ്ടപ്പെടൽ, വൈജ്ഞാനിക പ്രവർത്തനങ്ങളിലെ മന്ദത എന്നിവ രോഗിയിൽ വർഷങ്ങളോളം നിലനിൽക്കാം. പൂർണ്ണമായി മാറ്റാൻ നിലവിൽ ചികിത്സകളൊന്നും ലഭ്യമല്ല. എന്നാൽ രോഗലക്ഷണങ്ങളെ ഫലപ്രദമായി നിയന്ത്രിച്ച് നിർത്താൻ വിവിധ ചികിത്സകൾ നിലവിലുണ്ട്.
ഏത് പ്രായത്തിലുള്ളവർക്കും വരാവുന്ന അസുഖമാണിത്. 20 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലും കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് വരാനുള്ള സാധ്യത കൂടുതലാണ്.
വീട്ടിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് എങ്ങനെ കൈകാര്യം ചെയ്യാം?
വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി 3 എന്നിവയുടെ അളവ് കുറയുന്നത് രോഗലക്ഷണങ്ങൾ രൂക്ഷമാകാൻ കാരണമാകും. മയലിൻ കവചത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ വിറ്റാമിനുകളാണിവ. ഈ വിറ്റാമിനുകൾ പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെയും സപ്ലിമെൻറുകളായും ലഭ്യമാകും.
മൾട്ടിപ്പിൾ സ്ക്ലിറോസിസ് അനുഭവിക്കുന്നവരുടെ സാധാരണ പ്രശ്നമായ മലബന്ധം ഒഴിവാക്കാൻ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.
എംഎസ് രോഗികൾ ദിവസവും ശീലമാക്കേണ്ട 7 കാര്യങ്ങൾ
- പതിവായി വ്യായാമം ചെയ്യുക
സ്ഥിരമായി വ്യായാമം ചെയ്യുന്നത് മാനസികവും ശാരീരികവുമായി ഉൻമേഷം നൽകുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് പേശികളെ ശക്തിപ്പെടുത്തുന്നതിനും ശരീരത്തെ ചടുലമായി നിലനിർത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മൂത്രസഞ്ചി, കുടൽ എന്നിവയുടെ പ്രവർത്തനവും നിയന്ത്രണവും ഉറപ്പാക്കുകായും ചെയ്യുന്നു.. എയ്റോബിക് വ്യായാമങ്ങൾ, അക്വാ തെറാപ്പി എന്നിവ എം.എസ് ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. കിടപ്പിലായ രോഗികൾക്ക് ഫിസിയോതെറാപ്പി പോലുള്ള തെറാപ്പികളും ഏറെ ഗുണം ചെയ്യും.
- ഉറക്കം
മലബന്ധം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, തുടർച്ചയായ ലെഗ് സിൻഡ്രോം എന്നിവ എംഎസ് രോഗികളിൽ ഉറക്ക പ്രശ്നങ്ങൾക്ക് കാരണമാകും. ഉറക്കത്തിൽ തലച്ചോറിലെ കോശങ്ങളുടെ പുനരുജ്ജീവനം സംഭവിക്കുന്നതിനാൽ ആരോഗ്യകരമായ ഉറക്കം വളരെ പ്രധാനമാണ്. രാത്രിയിൽ ഉത്തേജക പാനീയങ്ങൾ ഒഴിവാക്കുക, വൈകുന്നേരം മുതൽ ജലാംശം പരിമിതപ്പെടുത്തുക, ലഘുവായ അത്താഴം കഴിക്കുക, രാത്രി സ്‌ക്രീൻ സമയം കുറയ്ക്കുക എന്നിവയിലൂടെ ഉറക്കം മെച്ചപ്പെടുത്താൻ കഴിയും. എന്നിട്ടും ഉറക്കക്കുറവ് തുടരുകയാണെങ്കിൽ വൈദ്യസഹായം തേടണം.
Also Read: നല്ല ഉറക്കം നല്ല ആരോഗ്യത്തിന്
- സൗകര്യപ്രദമായ സാഹചര്യം സൃഷ്ടിക്കുക
രോഗിക്ക് ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സൗകര്യപ്രദമായ സാഹചര്യം സൃഷ്ടിക്കുക. രോഗി ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ കൂടുതൽ സമയം ചെലവഴിക്കാനും ശ്രദ്ധിക്കണം.
- ആശ്വാസകരമായ നടപടികൾ
രോഗാവസ്ഥയിൽ ബുദ്ധിമുട്ടുമ്പോൾ രോഗിയുടെ ശരീര താപനില ഉയരാം. അതുകൊണ്ടുതന്നെ രോഗിക്ക് അനുയോജ്യമായ താപനില ക്രമീകരണവും ഏറെ ആശ്വാസകരമായ സാഹചര്യങ്ങളും ഒരുക്കണം.
- സുരക്ഷയെക്കുറിച്ച് ചിന്തിക്കുക
മേൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോഴും ഏറെ സുരക്ഷിതമായ സാഹചര്യങ്ങളും രോഗിക്ക് ലഭ്യമാക്കണം. ഉദാഹരണത്തിന് ബാത്ത് റൂമിൽ അമിത വേഗത്തിലുള്ള ജലപ്രവാഹം ഒഴിവാക്കുന്ന ബാത്ത്, ഷവർ സുരക്ഷാ സവിശേഷതകൾ ഉണ്ടാകണം. വീടിനുള്ളിൽ തടസമില്ലാതെ സഞ്ചരിക്കാൻ മതിയായ ഇടമുണ്ടെന്ന് ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ എപ്പോൾ വേണമെങ്കിലും രൂക്ഷമാകുകയും വീഴ്ചയിലൂടെയും മറ്റും പരിക്ക് പറ്റാനും സാധ്യതയുണ്ട്. അതിനാൽ വീടും തൊഴിലിടവും എംഎസ് സൌഹാർദപരമായിരിക്കണം.
- ഭക്ഷണ കാര്യം
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, ദൈനംദിന ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ഇത് ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും.
- പ്രിയപ്പെട്ടവരോട് സംസാരിക്കുക
ശാരീരികവും മാനസികവുമായ നിരവധി പ്രത്യാഘാതങ്ങളുള്ളതും വിട്ടുമാറാത്തതും ക്ഷീണിപ്പിക്കുന്നതുമായ രോഗമാണ് മൾട്ടിപ്പിൾ സ്ക്ലിറോസിസ്. രോഗികൾ പൊതുവെ വിഷാദരോഗികളായിത്തീരാൻ സാധ്യതയുണ്ട്. രോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും അവരവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും സപ്പോർട്ട് ഗ്രൂപ്പുകളിൽ ചേരുന്നത് നല്ലതാണ്. ഈ സപ്പോർട്ട് ഗ്രൂപ്പുകൾ രോഗികളെ സഹായിക്കുക മാത്രമല്ല, പരിചരിക്കുന്നവർക്ക് അവരുടെ ആവലാതികൾ പങ്കുവെക്കുന്നതിനുള്ള ഒരു അത്യാവശ്യ ഇടവുമാണ്. രോഗാശ്വാസത്തിന് പുതിയ ആശയങ്ങൾക്കും ഗവേഷണത്തിനും ഇത് അവസരമൊരുക്കുന്നു.
ശീലങ്ങൾ, വീട്, ജോലി, ജീവിതാന്തരീക്ഷം എന്നിവയിൽ മേൽപറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് എം.എസിൻറെ മൊത്തത്തിലുള്ള ആഘാതം കുറയ്ക്കുന്നതിനും ഒരു വ്യക്തിയുടെ സ്വതന്ത്രമായ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനും സഹായിച്ചേക്കാം.
Also Read: മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് മൈൻഡ് ഡയറ്റ്; എന്തൊക്കെ കഴിക്കാം?
(നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന എല്ലാ കാര്യങ്ങളും വിവരദായക ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. ഇതൊരു മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്.)
Content Summary: 7 Things to Do Every Day to Manage Multiple Sclerosis Symptoms.