എല്ലാ വർഷവും മാർച്ച് മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ഉറക്കത്തിൻറെ പ്രാധാന്യം വിളിച്ചോതി വേൾഡ് സ്ലീപ് ഡേ ആചരിക്കുന്നത്. ലോകമെമ്പാടും ഉറക്കത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിടുന്ന ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ വേൾഡ് സ്ലീപ്പ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് വേൾഡ് സ്ലീപ് ഡേ ആചരിച്ചുതുടങ്ങിയത്. ഈ കാലഘട്ടത്തിലെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ് ഉറക്കമില്ലായ്മ. രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ഒഴിവാക്കിയാൽ നന്നായി ഉറങ്ങാൻ സാധിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.
കഫീൻ:
കോഫിയിലും ചായയിലും അടങ്ങിയിട്ടുള്ള കഫീൻ ഉണർന്നിരിക്കാനും ഉറക്കം നഷ്ടപ്പെടുത്താനും ഇടയാക്കുന്ന ഒരു ഉത്തേജകമാണ്. ഒരു തവണ നമ്മൾ കഫീൻ അടങ്ങിയ പാനീയം കുടിച്ചാൽ അത് ശരീരത്തിൽനിന്ന് പുറന്തള്ളാൻ ആറ് മണിക്കൂർ എടുക്കുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് മുമ്പ് കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
മദ്യം:
മദ്യപിച്ചയുടൻ മയക്കം അനുഭവപ്പെടുമെങ്കിലും, അത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും രാത്രിയിൽ ഇടയ്ക്കിടെ ഉണരാനും കാരണമാകും. അതുകൊണ്ടുതന്നെ ഉറങ്ങുന്നതിന് മുമ്പ് ഒരുകാരണവശാലും മദ്യപിക്കരുത്.
എരിവും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ:
ഈ ഭക്ഷണങ്ങൾ നെഞ്ചെരിച്ചിൽ, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും, ഇത് ഉറക്കത്തെ തടസപ്പെടുത്തും.
Also Read: World Sleep Day: കൂർക്കംവലി ഉണ്ടാകുന്നതെങ്ങനെ? എങ്ങനെ മാറ്റാം?
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ:
ഇത്തരം ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ, ഉറങ്ങാൻ പോകുന്നതിന് മുമ്പ് മധുരമുള്ളതും ബേക്കറി ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ:
പെട്ടെന്ന് ദഹനം നടക്കാത്തതും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നവയാണ് പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ, ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ, കിടക്കാൻ പോകുന്നതിന് മുമ്പ് കൊഴുപ്പും പ്രോട്ടീനും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക.
Content Summary: Avoid these 5 foods before bed time for better sleep.