ആരോഗ്യം വേണോ? ഈ പ്രഭാതഭക്ഷണങ്ങൾ കഴിക്കരുത്!

ഒരു ദിവസത്തിലെ പ്രധാന ഭക്ഷണമാണ് പ്രഭാതഭക്ഷണം. അതുകൊണ്ടുതന്നെ അനാരോഗ്യകരമായ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടില്ല. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്താൻ പാടില്ല എന്നത് അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ്.

പ്രഭാതഭക്ഷണം ആരോഗ്യകരമാകാൻ ഭക്ഷണത്തിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്തണം. ഉച്ചഭക്ഷണ സമയം വരെ ഊർജ്ജം നിലനിർത്തുന്നതിന് മിതമായ അളവിൽ ശുദ്ധീകരിക്കാത്ത കാർബോഹൈഡ്രേറ്റുകളും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

സാധാരണ നമ്മൾ കഴിക്കുന്ന പല പ്രഭാതഭക്ഷണങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇത്തരം ഭക്ഷണങ്ങൾ കഴിച്ചയുടൻ വിശപ്പ് തോന്നുകയോ അല്ലെങ്കിൽ അസുഖകരമായ രീതിയിൽ വയർ നിറഞ്ഞിരിക്കുകയോ ചെയ്യും.

എന്തൊക്കെ ഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണമായി കഴിക്കാൻ പാടില്ലാത്തത് എന്ന് നോക്കാം.

  1. മധുരം ചേർന്നതും ശുദ്ധീകരിച്ചതുമായ ധാന്യങ്ങൾ

ഇത്തരം ധാന്യങ്ങളിൽ പഞ്ചസാര കൂടുതലും പ്രോട്ടീൻ കുറവുമായിരിക്കും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കും.

പഞ്ചസാര നിറഞ്ഞതും പ്രോട്ടീൻ കുറവുമായ ധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിപ്പിക്കും.

ചോളം പോലുള്ള മധുരമില്ലാത്ത ധാന്യങ്ങളിലും പ്രോട്ടീൻ കുറവാണ്. ഇത്തരം ധാന്യങ്ങളും പ്രഭാതഭക്ഷണമായി കഴിക്കുന്നത് ഉചിതമല്ല.

  1. പാൻകേക്കുകൾ

പാൻകേക്കുകളും വാഫിളുകളും വളരെ രുചികരമാണെങ്കിലും, നിങ്ങളുടെ പ്രഭാതത്തിന് ഊർജം പകരാനുള്ള പോഷകപ്രദമായ മാർഗമല്ല. ശുദ്ധീകരിച്ച വെളുത്ത മാവ് ഉപയോഗിച്ചാണ് ഈ ഭക്ഷണങ്ങൾ നിർമ്മിച്ചിരിക്കുന്നത്, കൂടാതെ വെണ്ണയും പഞ്ചസാര സിറപ്പും ചേർക്കുന്നു.

ഉയർന്ന കലോറി, കൊഴുപ്പ്, പഞ്ചസാര എന്നിവ നിറഞ്ഞ പാൻകേക്കുകളിൽ പ്രോട്ടീനും നാരുകളും ഇല്ല. വിശപ്പ് തൽക്കാലത്തേക്ക് മാറുമെങ്കിലും പെട്ടെന്നുതന്നെ വീണ്ടും വിശക്കാൻ തുടങ്ങും.

  1. വെണ്ണ പുരട്ടിയ ടോസ്റ്റ്

പ്രഭാതഭക്ഷണങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് വെണ്ണ പുരട്ടിയ ടോസ്റ്റ്. പ്രോട്ടീൻ ഇല്ലാത്തതിനാൽ ഈ ഭക്ഷണവും പെട്ടെന്ന് വീണ്ടും വിശപ്പ് ഉണ്ടാകാൻ ഇടയാക്കും. ബട്ടർ ടോസ്റ്റിലെ കലോറിയുടെ ഭൂരിഭാഗവും വരുന്നത് ബ്രെഡിലെ കാർബോഹൈഡ്രേറ്റിൽ നിന്നും വെണ്ണയിൽ നിന്നുള്ള കൊഴുപ്പിൽ നിന്നുമാണ്.

എന്നാൽ ഗോതമ്പ് പോലുള്ള ശുദ്ധീകരിക്കാത്ത ധാന്യം ഉപയോഗിച്ച് ഉണ്ടാക്കുന്ന ബ്രെഡ് എടുക്കുകയും അതിനൊപ്പം പ്രോട്ടീൻ സമ്പുഷ്ടമായ മുട്ടകൾ അല്ലെങ്കിൽ ചിക്കൻ ബ്രെസ്റ്റ് പോലുള്ളവ ചേർക്കുകയും ചെയ്താൽ ബ്രെഡും വെണ്ണയും ഉചിതമായ പ്രഭാതഭക്ഷണ ഓപ്ഷനായിരിക്കും. പോഷകങ്ങൾ വർദ്ധിപ്പിക്കുന്നതിന്, തക്കാളി, വെള്ളരി അല്ലെങ്കിൽ ഇലക്കറികൾ പോലെ അരിഞ്ഞ പച്ചക്കറികൾ ചേർക്കുക.

  1. പൂരി

വറുത്ത ഭക്ഷണങ്ങൾ പൊതുവെ പ്രഭാതഭക്ഷണത്തിന് നല്ലതല്ല. ഇത് അസിഡിറ്റിക്കും ഹൃദയാഘാതത്തിനും കാരണമാകും. വറുത്ത ഭക്ഷണത്തിൽ വളരെക്കുറച്ച് പ്രോട്ടീനും ധാരാളം കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാൽ, ഒഴിവാക്കേണ്ട അനാരോഗ്യകരമായ ഇന്ത്യൻ പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് പൂരി.

  1. ജ്യൂസ്

ഫ്രൂട്ട് ജ്യൂസിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ടെങ്കിലും, അതിൽ ഉയർന്ന പഞ്ചസാരയും നാരുകൾ കുറവുമാണ്. അതുകൊണ്ടുതന്നെ ഇത് വിശപ്പ് മാറ്റുകയില്ല. പ്രഭാതഭക്ഷണമായി ജ്യൂസ് കഴിക്കുന്നത് നല്ല തിരഞ്ഞെടുപ്പല്ല.

  1. മധുരമുള്ള, കൊഴുപ്പില്ലാത്ത തൈര്

തൈര് പ്രോട്ടീനുകളുടെയും പ്രോബയോട്ടിക്കുകളുടെയും നല്ല ഉറവിടമാണ്. പ്രോബയോട്ടിക്സ് നിങ്ങളുടെ ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന ലൈവ് ബാക്ടീരിയയാണ്. എന്നാലും മധുരമുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ തൈര് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മികച്ച രീതിയല്ല.

  1. ഫാസ്റ്റ് ഫുഡ്

തിരക്കേറിയ ജീവിതത്തിൽ പലരും പ്രഭാതഭക്ഷണത്തിന് ആശ്രയിക്കുന്നത് ഫാസ്റ്റ് ഫുഡ് ആണ്. ഇവ രുചികരവുമാണ്. പ്രഭാതഭക്ഷണം പോലെ വളരെ ആകർഷകമാണ്. സാൻഡ്‌വിച്ചുകൾ, ബേക്കൺ, സോസേജ്, ചീസ്, ഹാഷ് ബ്രൗൺ പാറ്റി തുടങ്ങിയ മിക്ക ഫാസ്റ്റ് ഫുഡ് ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനുകളും കലോറി, കൊഴുപ്പ്, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയതാണ്. ഇത് ഒട്ടും ആരോഗ്യകരമല്ല.

  1. പൊറോട്ട

മൈദയിൽ നിന്ന് ഉണ്ടാക്കുന്ന പൊറോട്ടകൾ ദഹനവ്യവസ്ഥയ്ക്ക് നല്ലതല്ല. പകരം ജോവർ, റാഗി, ഗോതമ്പ് മുതലായവയിൽ നിന്ന് ഉണ്ടാക്കുന്ന ആരോഗ്യകരമായ പൊറോട്ടകൾ കഴിക്കാവുന്നതാണ്. പൊറോട്ട കഴിക്കുകയാണെങ്കിൽ ഒപ്പം ധാരാളം പച്ചക്കറികളും കഴിക്കുക.

  1. ഇൻസ്റ്റന്റ് നൂഡിൽസ്

മാഗി പോലുള്ള പെട്ടെന്ന് ഉണ്ടാക്കാവുന്ന നൂഡിൽസ് പ്രഭാതഭക്ഷണമായി കഴിക്കുന്നത് നല്ലതല്ല. ഇത് മൈദ പോലുള്ള ശുദ്ധീകരിച്ച മാവുകൊണ്ടാണ് ഉണ്ടാക്കുന്നത്. കൂടാതെ ഇതിനൊപ്പം ലഭിക്കുന്ന മസാലയും ഒട്ടും ആരോഗ്യകരമല്ല. ആരോഗ്യകരമായ ഒരു ഗുണവും ഈ ഭക്ഷണം നൽകുന്നില്ല. ഉയർന്ന കലോറിയും ട്രാൻസ്ഫാറ്റും അടങ്ങിയിട്ടും ഉണ്ട്. മാഗിയിൽ 46 ശതമാനം സോഡിയം അടങ്ങിയിട്ടുണ്ട്. ദിവസേന മാഗി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് ഹൈപ്പർനാട്രീമിയ പോലുള്ള അവസ്ഥകൾക്ക് കാരണമാകും.

Also Read: വേഗത്തിൽ തയ്യാറാക്കാവുന്ന 5 ഹെൽത്തി ബ്രേക്ക് ഫാസ്റ്റുകൾ