ഇക്കാലത്ത് ഏവരും ഭയപ്പാടോടെ നോക്കിക്കാണുന്ന ആരോഗ്യപ്രശ്നമാണ് ക്യാൻസർ. തുടക്കത്തിലേ കണ്ടെത്താനായാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാകുന്ന അസുഖമാണ് ക്യാൻസർ. എന്നാൽ രോഗം കണ്ടെത്താനും തിരിച്ചറിയാനും വൈകുന്നതാണ് അപകടകരമാക്കുന്നത്. ഇപ്പോഴിതാ, ക്യാൻസർ രോഗനിർണയത്തിൽ പ്രധാനപ്പെട്ട ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ്. ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പമായ PredOmix എന്ന കമ്പനിയാണ് 98 ശതമാനം കൃത്യതയോടെ, പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകുന്ന 32 തരം ക്യാൻസറുകൾ കണ്ടെത്താൻ കഴിയുന്ന ഒരു അത്യാധുനിക രക്തപരിശോധന വികസിപ്പിച്ചെടുത്തത്.
OncoVeryx-F എന്ന മെറ്റബോളോമിക്‌സും (ചെറിയ തന്മാത്രകളുടെ പഠനം), ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) സംയോജിപ്പിച്ച് ഒരു ടെസ്റ്റിൽ ഒന്നിലധികം ക്യാൻസറുകളുടെ മെറ്റാബോലൈറ്റ് സിഗ്നേച്ചറുകൾ തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തത്.
“മെറ്റബോളിക് റീപ്രോഗ്രാമിംഗ് ക്യാൻസർ കോശങ്ങളുടെ പ്രധാന സവിശേഷതയാണ്. കാൻസർ കണ്ടുപിടിക്കുന്നതിനുള്ള ഒരു പ്രത്യേക സാങ്കേതികതയാണ് മെറ്റബോളോമിക്സ്. ഉചിതമായ ഡാറ്റ അൽഗോരിതങ്ങൾ ഉപയോഗിക്കുന്നതിലൂടെ, സെറം മെറ്റബോളിമിൽ നിന്ന് ക്യാൻസറിന്റെ മെറ്റാബോലൈറ്റ് അസിഗ്നേച്ചറുകളുടെ സ്വഭാവം കൃത്യമായി വേർതിരിച്ചെടുക്കാൻ കഴിയും,” പ്രെഡോമിക്സ് സഹസ്ഥാപകനും ചീഫ് സയന്റിഫിക് ഓഫീസറുമായ (സിഎസ്ഒ) ഡോ. കാനൂരി റാവു വി.എസ്. ഐഎഎൻഎസിനോട് പറഞ്ഞു.
2022-ലാണ് ഈ പരിശോധന ആദ്യമായി ആരംഭിച്ചത്, ഒറ്റ രക്തപരിശോധനയിൽ സ്ത്രീകളിലുണ്ടാകുന്ന സ്തന, എൻഡോമെട്രിയം, സെർവിക്സ്, അണ്ഡാശയം എന്നീ നാല് പ്രധാന ക്യാൻസറുകൾ കണ്ടെത്തി. കൂടുതൽ ഗവേഷണങ്ങൾക്കൊടുവിൽ കമ്പനി ഇപ്പോൾ പുരുഷൻമാരിലെയും സ്ത്രീകളിലെയും 32 തരം ക്യാൻസറുകൾ മുൻകൂട്ടി കണ്ടെത്തുന്ന തരത്തിലേക്ക് ഈ രക്തപരിശോധനയെ മാറ്റിയിട്ടുണ്ട്.
പാൻക്രിയാറ്റിക് ക്യാൻസർ, കിഡ്നി കാൻസർ, കരൾ കാൻസർ, മസ്തിഷ്ക കാൻസർ, സാർകോമ എന്നിവ ഉൾപ്പടെയാണ് കണ്ടെത്താനാകുന്നത്. ഇതുകൂടാതെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടാക്കുന്ന ക്യാൻസറുകളായ സ്തനാർബുദം, ഗർഭാശയ അർബുദം, ഉദര കാൻസർ, ശ്വാസകോശ അർബുദം, അന്നനാളത്തിലെ കാൻസർ, ഓറൽ ക്യാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയും ഈ പരിശോധനയിലൂടെ കണ്ടെത്താനാകും.
ക്യാൻസറിന്റെ സാന്നിധ്യമോ അഭാവമോ, ഉത്ഭവത്തിന്റെ അല്ലെങ്കിൽ കാൻസർ തരത്തിന്റെ ടിഷ്യു എന്നിവ നിർണ്ണയിക്കുന്നതിനും ഓങ്കോവെറിക്സ്-എഫ് സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Also Read: എന്താണ് ക്യാൻസർ? ലക്ഷണങ്ങളും ചികിത്സയും- പ്രാഥമിക വിവരങ്ങൾ
“ഈ പരിശോധന സാർവത്രികമായി ഉപയോഗിച്ചുതുടങ്ങിയാൽ കാൻസർ മരണനിരക്ക് ഗണ്യമായി കുറയ്ക്കാനാകും. പ്രത്യേകിച്ച് രോഗം തുടക്കത്തിലേ കണ്ടെത്താനാകുമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമായതിനാൽ. ക്യാൻസർ നേരത്തെ കണ്ടെത്തുന്നതുവഴി കൂടുതൽ ഫലപ്രദമായ ചികിത്സാരീതികളിലേക്ക് ഇത് നയിക്കും. അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും,” റാവു പറഞ്ഞു.
പുതിയ രക്തപരിശോധന ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 4000 പേരിൽ പരീക്ഷിച്ചു. ഇതിൽ മികച്ച പഠനഫലമാണ് ലംഭിച്ചത്. ഈ രക്തപരിശോധനയിലെ കണ്ടെത്തിൽ 98 ശതമാനമാണെന്നും കമ്പനി പറയുന്നു. ഇപ്പോൾ വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിൽ (WIPO) ഒരു താൽക്കാലിക അന്താരാഷ്ട്ര പേറ്റൻറിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ രക്തപരിശോധനയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ 10,000-ത്തിലധികം ആളുകളിൽ ക്ലിനിക്കൽ പരീക്ഷണങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.
സാർവത്രികമായി ആശുപത്രികളിലും ലാബുകളിലും ഈ പരിശോധന നടപ്പാക്കുന്നതിന് അവരുടെ സോഫ്റ്റ്‌വെയറിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ലൈസൻസ് ഉണ്ട്. “നിലവിൽ ഇതൊരു ലബോറട്ടറി അധിഷ്ഠിത പരിശോധനയാണ്, എന്നിരുന്നാലും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ച ക്ലിനിക്കൽ ട്രയൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഞങ്ങൾ പൂർത്തിയാക്കും, ഉടൻ തന്നെ ഡിജിസിഐയുടെ ഔദ്യോഗിക അനുമതി ലഭ്യമാക്കും,” കമ്പനി അറിയിച്ചു.
Also Read: കാൻസർ സാധ്യത കുറക്കാൻ ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കൂ
സ്ത്രീകളുടെ പ്രത്യേക അർബുദങ്ങൾക്കായുള്ള പരിശോധനയ്ക്ക് 12,000 രൂപയാണ് ചെലവ്. പുരുഷന്മാർക്കുള്ള 32 ക്യാൻസറുകൾക്ക് ചിലവ് വ്യത്യസ്തമായിരിക്കും. ഈ വർഷാവസാനത്തോടെ ഈ പരിശോധനകൾ ആശുപത്രികളിലും ലാബുകളിലും ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Summary: Indian company developed a blood test that can detect 32 types of cancer with the help of artificial intelligence