ദന്തസംരക്ഷണത്തിന് രാവിലെയും രാത്രിയും പല്ല് തേക്കുന്നത് പ്രധാനമാണ്. മിക്കവരും രാവിലെ പല്ല് തേക്കുമെങ്കിലും രാത്രിയിൽ പല്ല് തേക്കുന്നവരുടെ എണ്ണം കുറവായിരിക്കും. എന്നാൽ രാത്രിയിൽ പല്ല് തേക്കാത്തത് ഹൃദ്രോഗ സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനം പറയുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 20 വയസും അതിൽ കൂടുതലുമുള്ള 1,675 പേരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
രാത്രിയിൽ പല്ല് തേക്കാത്തവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ (കാർഡിയോ വാസ്ക്കുലർ ഡിസീസ്- സിവിഡി) വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. വായുടെ ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാനാണ് ഈ പഠനം നടത്തിയത്. വായുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരിൽ ദന്തക്ഷയം, മോണരോഗം, വായിലെ അൾസർ പോലെയുള്ള അസുഖങ്ങൾ ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
നേച്ചർ ജേണലിലെ റിപ്പോർട്ട് അനുസരിച്ച് 2013 ഏപ്രിലിനും 2016 മാർച്ചിനും ഇടയിൽ ജപ്പാനിലെ ഒസാക്ക യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്കോ പരിശോധനയ്‌ക്കോ ചികിത്സയ്‌ക്കോ വേണ്ടി ഓറൽ കെയർ, ദന്ത ചികിത്സ എന്നിവയ്ക്കായി എത്തിയവരുടെ മെഡിക്കൽ ഹിസ്റ്ററിയാണ് പഠനവിധേയമാക്കിയത്. പഠനത്തിന് വിധേയമാക്കിയ 1,675 പേരെയും നാല് ഗ്രൂപ്പുകളായി തിരിച്ചു. രാവിലെയും രാത്രിയുമായി ദിവസവും രണ്ട് നേരം പല്ല് തേക്കുന്നവരാണ് പ്രധാന ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഈ ഗ്രൂപ്പിൽ 409 പേർ ഉണ്ടായിരുന്നു. രാത്രിയിൽ മാത്രം പല്ല് തേക്കുന്നവരുള്ള രണ്ടാമത്തെ ഗ്രൂപ്പിൽ 751 പേരാണ് ഉണ്ടായിരുന്നത്. രാവിലെ മാത്രം പല്ല് തേക്കുന്നവരുടെ ഗ്രൂപ്പിൽ 164 പേർ ഉണ്ടായിരുന്നു. രാവിലെയും രാത്രിയിലും പല്ല് തേക്കാത്ത 259 പേർ ഉള്ളതാണ് അവസാനത്തെ ഗ്രൂപ്പ്.
രാത്രിയിൽ പല്ല് തേക്കുന്നവരിൽ ഹൃദ്രോഗസാധ്യത കുറയും
വായിൽ ഉണ്ടാകുന്ന ബാക്ടീരിയകൾ ശരീരത്തിലുടനീളം നീർക്കെട്ട് ഉണ്ടാക്കുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്. വായിലെ ബാക്ടീരിയകൾ രക്തതിൽ ചേരുന്നത് കോശജ്വലന പ്രതികരണത്തിന് കാരണമാകുന്നു, ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു.
ദിവസവും രണ്ട് നേരം പല്ല് തേച്ചാൽ പോരാ എന്നും ഗവേഷണം സൂചിപ്പിക്കുന്നു. രാത്രിയിൽ ഒരിക്കൽ മാത്രം ബ്രഷ് ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. കാരണം, പകൽ സമയത്ത് പ്ലാക്ക് അടിഞ്ഞുകൂടുന്നു, രക്തത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് രണ്ടുനേരമോ അതിൽ കൂടുതലോ ലൈറ്റായി പല്ല് തേക്കുന്നതാണ് ഉചിതം. എപ്പോഴൊക്കെ, ഭക്ഷണം കഴിക്കുന്നോ, അപ്പോഴെല്ലാം വായ് നന്നായി വൃത്തിയാക്കണം.
Also Read: പല്ലുകളുടെ ആരോഗ്യം മൊത്തം ആരോഗ്യത്തെ ബാധിക്കുമോ? എങ്ങനെ?
ഫ്ലൂറൈഡ് വിഭാഗത്തിലുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസം രണ്ടുനേരം രണ്ട് മിനിട്ട് വീതം പല്ല് തേക്കണമെന്നാണ് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ നിർദേശിക്കുന്നത്. ഇത്തരത്തിൽ രണ്ടുനേരം പല്ല് തേക്കുന്നത് വായിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ ഇല്ലതാക്കാൻ സഹായിക്കും.
Content Summary: Brush before bed can reduce the risk of cardiovascular disease