തലവേദനയാണോ? മാറ്റാൻ വഴിയുണ്ട്!

എല്ലാ പ്രായത്തിലും ഉള്ള ആളുകളെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് തലവേദന. ടെൻഷൻ മുതൽ മൈഗ്രെയിൻ വരെയുള്ള നിരവധി കാരണങ്ങൾ കൊണ്ട് തലവേദന വരാം.

കാരണങ്ങൾ മനസിലാക്കാം

തലവേദനയുടെ മൂലകാരണങ്ങൾ മനസ്സിലാക്കുക എന്നത് അവയെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള പ്രാഥമിക ഘട്ടമാണ്. ഭക്ഷണവും ജീവിതശൈലിയുമെല്ലാം തലവേദന വരാൻ കാരണമായേക്കാം. മദ്യപാനം, കഫീൻ ലഭിക്കാതെ വരിക, നിർജ്ജലീകരണം, ഉറക്കക്കുറവ്, പോഷകങ്ങളുടെ കുറവ്, കലോറിയുടെ അപര്യാപ്തത എന്നിവയെല്ലാം തലവേദനക്ക് കാരണമാകും.

തലവേദന ചിലപ്പോൾ മറ്റ് അസുഖങ്ങളുടെ സൂചനയുമാകാം. മുഴകൾ, രക്തം കട്ടപിടിക്കൽ, മസ്തിഷ്കാഘാതം തുടങ്ങിയ അസുഖങ്ങളുടെ ഭാഗമായി തലവേദന വരാറുണ്ട്. അമിതമായ മരുന്നുകളുടെ ഉപയോഗവും കേന്ദ്ര നാഡീവ്യൂഹത്തിനുള്ളിലെ അണുബാധകളും തലവേദനയ്ക്ക് കാരണമാകും.

നിങ്ങൾക്ക് പതിവായി തലവേദന അനുഭവപ്പെടുകയും കാരണത്തെക്കുറിച്ച് അറിയുകയുമില്ലെങ്കിൽ ഇതേക്കുറിച്ച് വിവരങ്ങൾ സൂക്ഷിക്കുന്നത് നല്ലതാണ്. തലവേദന എപ്പോൾ ഉണ്ടായി, അത് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ എന്താണ് ചെയ്തിരുന്നത്, നിങ്ങൾ എന്താണ് കഴിച്ചത്, എത്ര വെള്ളം കുടിച്ചു, കൂടാതെ മറ്റെന്തെങ്കിലും അസാധാരണമായ കാര്യങ്ങൾ ഉണ്ടായോ എന്നിങ്ങനെയുള്ള വിവരങ്ങൾ കുറിച്ച് വെക്കാം. ഡോക്ടറെ കാണുന്ന ഘട്ടത്തിൽ ഈ വിവരങ്ങൾ കൈമാറുക.

പ്രകൃതിദത്ത പരിഹാരങ്ങൾ

പലപ്പോഴും നമ്മുടെ അശ്രദ്ധയാകാം തലവേദനക്ക് കാരണമാകുന്നത്. ഇത്തരം തലവേദനകൾ നമുക്ക് തന്നെ മാറ്റാവുന്നതാണ്.

വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ തലവേദന വരാം. ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭ്യമായില്ലെങ്കിൽ തലച്ചോർ പ്രശ്നമുണ്ടാക്കും. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുകയും ജലം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നത് തലവേദനയുടെ സാധ്യതയും ദൈർഘ്യവും തീവ്രതയും കുറയ്ക്കും.

നന്നായി ഉറങ്ങുക

ഉറക്കക്കുറവ് ശരീരത്തിലെ വിവിധ അസന്തുലിതാവസ്ഥകൾക്ക് കാരണമാകും, ഇത് തലവേദനയിലേക്ക് നയിക്കുന്നു. സ്ഥിരവും മതിയായതുമായ ഉറക്ക ദിനചര്യ ഉണ്ടാക്കുന്നത് തലവേദന തടയാനുള്ള സ്വാഭാവിക മാർഗമാണ്. വളരെ കുറഞ്ഞ ഉറക്കവും അമിതമായ ഉറക്കവും തലവേദനയ്ക്ക് കാരണമാകും.

മദ്യപാനം പരിമിതപ്പെടുത്തുക

പതിവായി തലവേദനയുള്ളവരിൽ മൂന്നിലൊന്ന് ആളുകളിലും മദ്യം തലവേദനക്ക് കാരണമാകുമെന്ന് പഠനങ്ങൾ കാണിക്കുന്നു. മദ്യം തലച്ചോറിൽ രാസമാറ്റങ്ങൾ വരുത്തുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ മദ്യപാനം നിർജ്ജലീകരണത്തിനും കാരണമാകും.

ഭക്ഷണക്രമം

നമ്മുടെ ശരീരത്തിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തമാണ് ഹിസ്റ്റമിൻ. ഇത് സെൻസിറ്റീവായ വ്യക്തികളിൽ മൈഗ്രെയിൻ ഉണ്ടാകാൻ കാരണമാകും. മൈഗ്രൈൻ ഉള്ള ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ തലവേദന വരാറുണ്ട്. അത്തരം, ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. സാധാരണ തലവേദനയുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഓരോന്നും താൽക്കാലികമായി നിർത്തി വെക്കുന്നത് തലവേദന ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കും.

എസ്സെൻഷ്യൽ ഓയിൽസ്

പെപ്പർമിൻ്റ്, ലാവെൻഡർ, യൂക്കാലിപ്റ്റസ് തുടങ്ങിയ അവശ്യ എണ്ണകൾ തലവേദനയിൽ നിന്ന് ആശ്വാസം നൽകുന്നു. ഇവയിലെ ആരോമാറ്റിക് സംയുക്തങ്ങൾ മനസിനെ ശാന്തമാക്കുകയും തലവേദന കുറക്കുകയും ചെയ്യും.

ബി-കോംപ്ലക്സ് വിറ്റാമിനുകൾ

വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനാൽ ബി വിറ്റാമിനുകളുടെ കുറവ് തലവേദനയ്ക്ക് കാരണമാകും. തലവേദന ലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ B2 (റൈബോഫ്ലേവിൻ), ഫോളേറ്റ്, B12, B6 എന്നിവയുടെ ഫലപ്രാപ്തി തെളിയിക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ബി-കോംപ്ലക്സ് സപ്ലിമെൻ്റുകൾ തലവേദനയെ നേരിടാൻ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മാർഗമാണ്.

യോഗ, ധ്യാനം

മനസിനെ ശാന്തമാക്കുന്ന യോഗ, ധ്യാനം തുടങ്ങിയ കാര്യങ്ങൾ പരിശീലിക്കുന്നത് സമ്മർദ്ദം കാരണം ഉണ്ടാകുന്ന തലവേദന മാറാൻ സഹായകരമാണ്. മൈഗ്രെയിൻ മാറാൻ യോഗയിൽ പ്രത്യേക ആസനങ്ങളുമുണ്ട്.

Also Read: തലവേദനയാണോ? ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ

Content Summary: Causes and home remedies for continuous headache.