അമിതമായി വെള്ളം കുടിക്കുന്നത് വൃക്കകളെ പ്രതികൂലമായി ബാധിക്കുമോ?

ആരോഗ്യമുള്ള ശരീരത്തിന് ധാരാളം വെള്ളം കുടിക്കണമെന്ന് നമ്മൾ എപ്പോഴും കേൾക്കുന്ന കാര്യമാണ്. നിർജലീകരണം തടയാനും ശരീരത്തിലെ വിഷപദാർത്ഥങ്ങൾ പുറംതള്ളപ്പെടാനും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും ശരിയായ ദഹനപ്രവർത്തനത്തിനും എല്ലാം നന്നായി വെള്ളം കുടിക്കേണ്ടതുണ്ട്. എന്നാൽ അമിതമായി വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. അമൃതായാലും അധികമാവരുത് എന്നാണല്ലോ.

ശരീരഭാരത്തിന്റെ 50 മുതൽ 70 ശതമാനം വരെ വെള്ളമാണ്. അവയവങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ വെള്ളം ആവശ്യത്തിന് കുടിക്കണം. എന്നാൽ അതിന് ഒരു കണക്കുണ്ട്.

അമിതമായി വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും?

ആരോഗ്യമുള്ളവർ ധാരാളം വെള്ളം കുടിച്ചാൽ വലിയ പ്രശ്നങ്ങൾ വരാറില്ല. അത്‌ലറ്റുകൾ വ്യായാമം ചെയ്യുന്നതിനിടക്ക് കൂടുതൽ വെള്ളം കുടിക്കാറുണ്ട്. വെള്ളം കുടിക്കുന്നത് അമിതമായാൽ വൃക്കകൾക്ക് അതെല്ലാം ശരീരത്തിൽ നിന്ന് പുറംതള്ളാൻ കഴിയില്ല. ഇത് ശരീരത്തിൽ ഉപ്പിന്റെ സാന്ദ്രത കുറയ്ക്കും. ഈ അവസ്ഥയെ ഹൈപ്പോനാട്രീമിയ എന്ന് വിളിക്കുന്നു. ഇത് ചിലപ്പോൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

ശ്വാസം, വിയർപ്പ്, മൂത്രം, മലവിസർജ്ജനം എന്നിവയിലൂടെയെല്ലാം ശരീരത്തിൽനിന്ന് ജലാംശം നഷ്ടപ്പെടുന്നുണ്ട്. ശരിയായ ശാരീരികപ്രവർത്തനത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്. വെള്ളം, ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിച്ചുകൊണ്ട് ശരീരത്തിലെ ജലാംശം നിലനിർത്തണം.

ഒരു വ്യക്തി പ്രതിദിനം എത്ര വെള്ളം കുടിക്കണം?

ഒരു വ്യക്തി പ്രതിദിനം എത്ര വെള്ളം കുടിക്കണം എന്നതിന് വ്യക്തമായ നിർദേശങ്ങൾ ഇല്ല. ഓരോരുത്തരും ഏർപ്പെടുന്ന ശാരീരിക പ്രവർത്തനങ്ങളുടെ അളവും ശരീരഭാരവുമാണ് അവരുടെ ശരീരത്തിന് എത്ര വെള്ളം ആവശ്യമാണെന്ന് നിർണ്ണയിക്കുന്നത്. ഇത് ഓരോ ആളുകൾക്കും വ്യത്യസ്തമായിരിക്കും. കാലാവസ്ഥയും ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മഴക്കാലത്ത് താരതമ്യേന കുറച്ച് വെള്ളം കുടിച്ചാൽ മതിയാകും. എന്നാൽ കടുത്ത വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.

ആജ് തക് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് BLK-Max സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ യൂറോളജി ആൻഡ് യൂറോ ഓങ്കോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. യജ്‌വേന്ദ്ര പ്രതാപ് സിംഗ് റാണ പറയുന്നത് ഒരു വ്യക്തി ശരാശരി ദിവസങ്ങളിൽ 3 ലിറ്റർ വെള്ളവും വേനൽക്കാലത്ത് 3.5 ലിറ്റർ വെള്ളവും കുടിക്കുന്നതാണ് ആരോഗ്യകരമെന്നാണ്.

Also Read: ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിച്ചാൽ ആയുസ് വർദ്ധിക്കുമോ?

വെള്ളംകുടി വൃക്കയെ എങ്ങനെ ബാധിക്കുന്നു?

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ കൂടുതൽ വെള്ളം കുടിക്കുന്നത് അത്യാവശ്യമാണെന്ന് പൊതുവെ വിശ്വസിക്കുന്നു. എന്നാൽ ആരോഗ്യവിദഗ്ദർ പറയുന്നതനുസരിച്ച്, ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബുദ്ധിമുട്ടാക്കുമെന്നാണ്. ഇതിന്റെ ഫലമായി നിങ്ങൾക്ക് ഉത്കണ്ഠയും ക്ഷീണവും അനുഭവപ്പെട്ടേക്കാം. ധാരാളം വെള്ളം കുടിച്ചിട്ടും മൂത്രം പോകുന്നില്ല എങ്കിൽ അതിനർത്ഥം നിങ്ങളുടെ വൃക്കകൾ അവയുടെ ശേഷിക്കപ്പുറം അമിതമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ്. സോഡിയവും മറ്റ് ഇലക്‌ട്രോലൈറ്റുകളും നേർപ്പിക്കുന്നതിലൂടെ തലച്ചോറിലെ കോശങ്ങളെ ഉൾപ്പെടെ അപകടത്തിലാക്കാൻ അമിതമായ വെള്ളംകുടി കാരണമാകുമെന്ന് മയോ ക്ലിനിക്ക് പറയുന്നു.

Also Read: വൃക്കയുടെ പ്രവർത്തനം തകരാറിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ

ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം?

  • നിങ്ങൾക്ക് അപൂർവ്വമായേ ദാഹം അനുഭവപ്പെടുന്നുള്ളൂ എങ്കിൽ നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് കരുതാം.
  • നിങ്ങളുടെ മൂത്രം നിറമില്ലാത്തതോ ഇളം മഞ്ഞ നിറമോ ആണെങ്കിൽ നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്നാണ് അർഥം. കടും മഞ്ഞനിറമുള്ള മൂത്രം നിങ്ങൾ വെള്ളം കുടിക്കുന്നത് വളരെ കുറവാണ് എന്നതിന്റെ സൂചനയാണ്.

നിങ്ങളുടെ ആരോഗ്യത്തിനും ശാരീരികപ്രവർത്തനങ്ങൾക്കും അനുയോജ്യമായ രീതിയിൽ ദിവസവും എത്ര വെള്ളം കുടിക്കേണ്ടതുണ്ട് എന്നറിയാൻ ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ സഹായം തേടാവുന്നതാണ്.

Content Summary: Does drinking too much water harm the kidneys? How much water in a day is too much for the kidneys?