ശരീരഭാരം കുറയ്ക്കാൻ ഈ 5 കാര്യങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ

അനാരോഗ്യത്തിലേക്കും ജീവിതശൈലി രോഗങ്ങളിലേക്കും നയിക്കുന്ന പ്രശ്നമാണ് അമിത ശരീരഭാരം. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്കെല്ലാം അമിതവണ്ണവും ശരീരഭാരവും കാരണമാകും. അതുകൊണ്ടുതന്നെ ഇക്കാലത്ത് ശരീരഭാരം കുറയ്ക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി പല മാർഗങ്ങളും നിലവിലുണ്ട്. എന്നാൽ തെറ്റായ കാര്യങ്ങൾ പിന്തുടരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഈ പുതുവർഷത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വളരെ ഫലപ്രദമായ 5 കാര്യങ്ങൾ.

തീരുമാനം ഉറച്ചതാകണം, ഉറ്റവരോട് പങ്കുവെക്കണം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതേക്കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാക്കുക. ഈ വിവരം അടുത്ത കുടുംബാഗങ്ങളോടോ ഉറ്റ സുഹൃത്തുക്കളോടോ പങ്കുവെക്കണം. ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതി ഉത്തരവാദിത്തത്തോടെ തുടരാൻ ഇത് നിങ്ങളെ സഹായിക്കും. നിങ്ങൾ സജീവമായി സോഷ്യൽ മീഡിയയിൽ ഇടപെടുന്നവരാണെങ്കിൽ അവിടെ അത് പങ്കിടുന്നതും നല്ലതാണ്.

എന്തുകൊണ്ട് ശരീരഭാരം കുറയ്ക്കണം?

ശരീരഭാരം കുറയ്ക്കുന്നതിന് വ്യക്തമായ കാരണം ഉണ്ടാകണം. അതേക്കുറിച്ച് മനസിൽ ഒരു ധാരണവേണം. ഓരോരുത്തർക്കും അവരവുടെ പ്രായത്തിനും ഉയരത്തിനും അനുസരിച്ച് നിശ്ചിതമായ ശരീരഭാരം ആവശ്യമുണ്ട്. അതിൽ ഉയർന്നതാണെങ്കിൽ ഭാരം കുറയ്ക്കണം. അതുപോലെ പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങളുള്ളവരും ശരീരഭാരം കുറയ്ക്കുന്നതാണ് നല്ലത്. കാൽമുട്ട് വേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങളുള്ളവരും ശരീരഭാരം കുറയ്ക്കുന്നത് നല്ലതാണ്.

ശരീരഭാരം കുറയ്ക്കുന്നത് യാഥാർഥ്യബോധത്തോടെ വേണം

ശരീരഭാരം കുറയ്ക്കുന്നതിന് പലതരം എളുപ്പവഴികൾ ഓൺലൈനിലും മറ്റും ലഭ്യമാണ്. എന്നാൽ പലതും അത്ര എളുപ്പം പ്രായോഗികമായ കാര്യങ്ങളാകണമെന്നില്ല. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും അനുയോജ്യമായ രീതികൾ വേണം തെരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് ഡയറ്റുകളുടെ കാര്യം നോക്കുക. നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന ഭക്ഷണരീതികളാണ് പിന്തുടരേണ്ടത്. അതുപോലെ ഓരോരുത്തരുടെയും ആരോഗ്യത്തിന് അനുസരിച്ചുള്ള വ്യായാമരീതികളാണ് പിന്തുടരേണ്ടത്. അതിന് ഡോക്ടറുടെ നിർദേശം ഏറെ പ്രധാനമാണ്.

പൂർണതയ്ക്കായി പരിശ്രമിക്കേണ്ട

കുറച്ചുദിവസം കൊണ്ട് ലക്ഷ്യം നേടുന്നതിന് പകരം, കൂടുതൽ ദിവസമെടുത്ത് ഭാരം കുറയ്ക്കൽ പദ്ധതി നടപ്പാക്കുന്നതാണ് അഭികാമ്യം. അതുപോലെ ഭാരം കുറയ്ക്കുന്ന പദ്ധതി പൂർണതയിലെത്താൻ പരിശ്രമിക്കുകയും വേണ്ട. നമ്മുടെ ലക്ഷ്യത്തിന് തൊട്ടരികിൽ എത്തുന്നതിനെ പോരായ്മയായി കരുതേണ്ട. ക്ഷമയാണ് ഇവിടെ പ്രധാനം. കൂടുതൽ സമയമെടുത്ത് പദ്ധതികൾ പൂർണമായി നടപ്പാക്കുന്നത് ശരീരഭാരം അനുയോജ്യമായ അളവിൽ നിലനിർത്താൻ സഹായിക്കും. വളരെ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചാൽ പിൽക്കാലത്ത് വീണ്ടും ശരരീഭാരം കൂടുന്ന സ്ഥിതിവിശേഷമുണ്ടായേക്കാം.

ഇഷ്ടപ്പെടുന്ന ശാരീരിക പ്രവർത്തനങ്ങൾ

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ് വ്യായാമവും ശാരിരികപ്രവർത്തനങ്ങളും. ഇത് കലോറി കത്തിച്ചുകളയാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ആസ്വാദ്യകരമായ ശാരീരിക പ്രവർത്തനങ്ങൾ പരിശീലിക്കുന്നത് തീർച്ചയായും വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഓരോരുത്തരുടെയും ആരോഗ്യം, പ്രായം, മറ്റേതെങ്കിലും രോഗാവസ്ഥ എന്നിവ അടിസ്ഥാനമാക്കിയുള്ള വ്യായാമരീതികളാണ് തെരഞ്ഞെടുക്കേണ്ടത്.