ആരോഗ്യത്തോടെ ജീവിക്കാൻ ലളിതമായ 4 കാര്യങ്ങൾ

ഈ തിരക്കേറിയ കാലത്ത് ആരോഗ്യകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

1. ശരീരം ക്ലീനായിരിക്കണം

ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിനുള്ള ഹാനികരമായ വിഷവസ്തുക്കൾ എത്താറുണ്ട്. മദ്യപാനം, പുകവലി, മയക്കുമരുന്ന്, അനാരോഗ്യകരമായ ഭക്ഷണശീലം, ചിലതരം മരുന്നുകൾ എന്നിവയൊക്കെ ശരീരത്തിൽ വിഷവസ്തുക്കൾ എത്താൻ ഇടയാക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാൻ മേൽപ്പറഞ്ഞ എല്ലാം ജീവിതത്തിൽ ഉപേക്ഷിക്കേണ്ടതുണ്ട്. ഒപ്പം പാക്ക് ചെയ്ത ഭക്ഷണങ്ങൾ ഫാസ്റ്റ് ഫുഡ്, മധുരമേറിയ കൂൾ ഡ്രിങ്ക്സ് എന്നിവയും ഒഴിവാക്കുക. ട്രാൻസ് ഫാറ്റ് അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും ഒഴിവാക്കുക. ഹാനികരമായ വിഷവസ്തുക്കൾ ധാരാളമായി ശരീത്തിൽ എത്തുന്നത് പലതരം രോഗങ്ങൾക്ക് ഇടയാക്കും. കൂടാതെ കരളിന്‍റെ ആരോഗ്യവും നശിപ്പിക്കും. 

2. വ്യായാമം 

ആരോഗ്യത്തോടെ ജീവിക്കാൻ നല്ല ഭക്ഷണത്തിനൊപ്പം മുടങ്ങാതെയുള്ള വ്യായാമവും പ്രധാനമാണ്. ഭാരം ഉയർത്തുന്ന വ്യായാമം ഏറെ ഗുണം ചെയ്യും. ഭാരം ഉയർത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് കുറയ്ക്കുകയും കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുകയും ട്രൈഗ്ലിസറൈഡ് കുറയ്ക്കുകയും ചെയ്യുന്നു. അതിനൊപ്പം ദിവസവും രാവിലെ അരമണിക്കൂർ നടക്കുകയോ ജോഗിങ്ങോ ചെയ്യുക. എയിറോബിക്സ് വ്യായാമവും നല്ലതാണ്. മസ്തിഷ്ക്കത്തിന്‍റെ ആരോഗ്യം, ഹോർമോണുകളുടെ ശരിയായ പ്രവർത്തനം എന്നിവ ഉറപ്പാക്കാൻ ദിവസേനയുള്ള വ്യായാമം മുടക്കരുത്. വ്യായാമം ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെയും വളർച്ചാ ഹോർമോണുകളുടെയും അളവ് വർദ്ധിപ്പിക്കുന്നു. കൂടാതെ വിഷാദരോഗം കുറയ്ക്കാനും അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, അൽഷിമേഴ്‌സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും വ്യായാമത്തിന് കഴിയും 

3. ഉറക്കം ഏറ്റവും പ്രധാനം

ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങൾ പോലെ തന്നെ പ്രധാനമാണ് ഉറക്കവും. ശരീരത്തിന്‍റെ ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്കക്കുറവ് പൊണ്ണത്തടിയും ഹൃദ്രോഗവും ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. ആരോഗ്യത്തോടെ ജീവിക്കാൻ നല്ലതുപോലെ ഉറങ്ങണമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. കാപ്പിയും ചായയും അമിതമായി കുടിക്കുന്നത് ഒഴിവാക്കിയാൽ ഉറക്കക്കുറവ് പരിഹരിക്കാനാകും. എല്ലാദിവസവും ഒരേസമയ ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിന് വളരെ മുമ്പ് തന്നെ മുറിയിലെ അമിതവെളിച്ചമുള്ള ലൈറ്റുകൾ ഓഫാക്കുക. ഉറക്കക്കുറവ് ഒരു പ്രശ്നമായി അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കാണുക. ചിലരിലെങ്കിലും സ്ലീപ് അപ്നിയ പോലുള്ള അസുഖങ്ങൾ കാണപ്പെടുന്നുണ്ട്. ഇത് വളരെ സാധാരണവും എളുപ്പത്തിൽ ചികിത്സിക്കാവുന്നതുമാണ്.

4. മാനസികസമ്മർദ്ദം ഒഴിവാക്കുക

ആരോഗ്യകരമായ ജീവിതശൈലിയിൽ ആരോഗ്യകരമായ ഭക്ഷണക്രമം, നല്ല ഉറക്കം, വ്യായാമം എന്നിവ പോലെ തന്നെ മാനസികസമ്മർദ്ദം ഇല്ലാതാക്കുകയും വേണം. അമിത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ശരീരത്തിലെ ചയാപചയപ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും. സമ്മർദ്ദം വർദ്ധിക്കുന്നത് ആസക്തി, വയറ്റിൽ കൊഴുപ്പ് അടിയുന്നത്, വിവിധ രോഗങ്ങളുടെ സാധ്യത എന്നിവ വർദ്ധിപ്പിക്കുന്നു. ഇക്കാലത്ത് അമിതമായി കണ്ടുവരുന്ന മാനസികാരോഗ്യപ്രശ്നമായ വിഷാദരോഗത്തിന് സമ്മർദ്ദം ഒരു പ്രധാന കാരണമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സമ്മർദ്ദം കുറയ്ക്കാൻ, ജീവിതം ലളിതമാക്കാൻ ശ്രമിക്കുക – വ്യായാമം ചെയ്യുക, നടത്തം, ആഴത്തിലുള്ള ശ്വസന വ്യായാമം, യോഗ, ധ്യാനം എന്നിവ പരിശീലിക്കുക. അമിതമായ സമ്മർദ്ദം കൂടാതെ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാരം കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ഒരു സൈക്കോളജിസ്റ്റിനെ കാണുക.