ഒരാൾക്ക് എത്ര തവണ കോവിഡ് 19 പിടിപെടാൻ സാധ്യതയുണ്ട്?

ലോകവ്യാപകമായി ജീവിതക്രമമാകെ മാറ്റിമറിച്ച മഹാമാരിയാണ് കോവിഡ് 19. നോവൽ കൊറോണ വൈറസ് എന്ന രോഗാണുവാണ് ലോകം മുഴുവൻ സ്തംഭിപ്പിച്ച കോവിഡ് 19ന് കാരണമായത്. വൈറസിൻറെ വകഭേദങ്ങൾ ഇപ്പോഴും ഭീഷണിയായി ഭൂമുഖത്ത് തുടരുന്നു. 2020, 2021 വർഷങ്ങളിൽ ലക്ഷകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ കോവിഡ് 19 മറ്റൊരു രൂപത്തിൽ വീണ്ടും വ്യാപിക്കുന്നുവെന്ന ആശങ്കയാണ് ഈ ദിവസങ്ങളിൽ പുറത്തുവരുന്ന റിപ്പോർട്ടുകളിലുള്ളത്.

വാക്സിനെടുത്തവരിൽ ഉൾപ്പടെ വീണ്ടും കോവിഡ് പിടിമുറുക്കുമ്പോൾ ജനങ്ങളുടെ ആശങ്ക വർദ്ധിക്കുകയാണ്. കോവിഡ് കൂടാതെ എച്ച്3എൻ2 ഇൻഫ്ലുവെൻസയും നാട്ടിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. കോവിഡിനും എച്ച്3എൻ2-നും പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളാണുള്ളത്. ഈ ഘട്ടത്തിൽ കോവിഡ് ഒരാൾക്ക് എത്ര തവണ പിടിപെടാമെന്നതിനെക്കുറിച്ച് ഉത്തരം നൽകുകയാണ് കൊൽക്കത്തയിലെ പ്രശസ്ത ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. അനിതാ മുഖർജി.

ഒരാൾക്ക് എത്ര തവണ കോവിഡ് പിടിപെടും?

ഈ ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. ഒരുതവണ രോഗബാധിതരാകുകയോ വാക്സിനേഷൻ എടുക്കുകയോ ചെയ്യുമ്പോൾ ശരീരത്തിന് പ്രതിരോധശേഷി ലഭിക്കും. എന്നാൽ രോഗപ്രതിരോധശേഷി നിലനിൽക്കുന്നത് ഓരോരുത്തരുടെയും ശരീരപ്രകൃതത്തിന് അനുസരിച്ച് ആറ് മാസം മുതൽ ഒന്നോ രണ്ടോ വർഷം വരെയാണ്. ഈ കാലയളവിന് ശേഷം ആ വ്യക്തി വീണ്ടും രോഗബാധിതനാകാൻ സാധ്യതയുണ്ട്.

ഇനി നോവൽ കൊറോണ വൈറസ് അതീവ ബുദ്ധിശാലിയാണെന്ന് അറിഞ്ഞിരിക്കുകയെന്നത് പ്രധാനമാണ്. ഒരു തവണ രോഗബാധിതനായാൽ ആൻറിബോഡി ശരീരത്തിൽ വികസിക്കുന്നു. അതിനൊപ്പം തന്നെ വൈറൽ ഘടനയും വികസിക്കുന്നു. മനുഷ്യ പ്രതിരോധ സംവിധാനത്തിന് വൈറസിനെ മുമ്പ് നേരിട്ടതുപോലെ തിരിച്ചറിയാൻ കഴിയാത്തവിധം ഈ വൈറൽ ഘടനയിൽ മാറ്റമുണ്ടാകുന്നു. ശരീരം തിരിച്ചറിയാത്ത വിധം രൂപാന്തരം സംഭവിച്ച് വൈറസ് മാറുന്നതോടെയാണ് വീണ്ടും വീണ്ടും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നത്. കൊറോണ വൈറസ്, ഒമിക്രോൺ പോലെയുള്ള നിരവധി വകഭേദങ്ങളായി വന്നതാണ് ഉദാഹരണം.

വാക്സിൻ എടുത്തവരിൽ വീണ്ടും കോവിഡ് പിടിപെടുന്നതുകൊണ്ട് വാക്സിന് ഗുണനിലവാരമില്ല എന്ന് അർത്ഥമാക്കേണ്ടതില്ല. രോഗം ഗുരുതരമാകാതിരിക്കാനാണ് വാക്സിനേഷൻ സഹായിക്കുന്നത്. വാക്സിനേഷനിലൂടെ ഒരു കവചം നമ്മുടെ ശരീരത്തിന് ലഭിക്കുന്നു. ഇത് കോവിഡ് മൂലമുള്ള സങ്കീർണതകളിലേക്ക് രോഗി പോകുന്നില്ലെന്ന് ഉറപ്പാക്കുന്നു. ചിലരിലെങ്കിലും ആശുപത്രിവാസമോ ഐസിയു പ്രവേശനമോ, ഓക്സിജൻ സഹായമോ ഇല്ലാതെതന്നെ രോഗം സുഖപ്പെടാൻ സഹായിക്കും.

Content Summary: How many times can coronavirus infect a person?