പുരുഷൻമാരിലെ വന്ധ്യത: ബീജത്തിന്‍റെ എണ്ണവും ഗുണവും എങ്ങനെ വർദ്ധിപ്പിക്കാം?

ഇക്കാലത്ത് ലോകത്താകമാനം ദമ്പതികൾ നേരിടുന്ന വലിയ പ്രശ്നമായി വന്ധ്യത മാറിയിട്ടുണ്ട്. അടുത്തിടെ എൻ‌സി‌ബി‌ഐ നടത്തിയ സർവേ പ്രകാരം, വന്ധ്യതയുടെ പ്രധാനകാരണമായി ‘പുരുഷൻമാരുടെ പ്രശ്നം’ മാറിയിട്ടുണ്ട്. വന്ധ്യതയുടെ 40-45 ശതമാനവും പുരുഷൻമാരുടെ പ്രശ്നമാണ് കാരണം. ബീജത്തിന്‍റെ കുറഞ്ഞ അളവും ഗുണനിലവാരമില്ലായ്മയുമാണ് പുരുഷ വന്ധ്യതയ്ക്ക് കാരണം. 

പുരുഷ വന്ധ്യതയുടെ കാരണങ്ങൾ

ഗർഭധാരണം സാധ്യമാക്കുന്നതിന് ആവശ്യമായ ബീജം ഉൽപ്പാദിപ്പിക്കാനുള്ള വൃഷണങ്ങളുടെ കഴിവില്ലായ്മയാണ് വന്ധ്യതയുടെ പ്രധാന കാരണം. ബീജത്തിന്‍റെ എണ്ണക്കുറവ്(കൌണ്ട്), ചലനശേഷി ഇല്ലായ്മ(മോട്ടിലിറ്റി), അസാധാരണമായ ആകൃതിയിലുള്ള ബീജം(മോർഫോളജി) എന്നിവയാണ് ഗർഭധാരണം തടസപ്പെടുത്തുന്ന പുരുഷ വന്ധ്യതയുടെ ഘടകങ്ങൾ. വിദഗ്ദ്ധ പഠനം അനുസരിച്ച്, കഴിഞ്ഞ 46 വർഷത്തിനിടയിൽ ബീജങ്ങളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 50%-ത്തിലധികം കുറവുണ്ടായിട്ടുണ്ട്.

ജനിതക വൈകല്യങ്ങൾ, അണുബാധകൾ, വൃഷണങ്ങൾക്കുണ്ടാകുന്ന ആഘാതം എന്നിവ ബീജത്തിന്‍റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കാം. കൂടാതെ, അനുചിതമായ ലൈംഗിക പ്രവർത്തനമോ ഉദ്ധാരണക്കുറവോ സ്ഖലനവൈകല്യമോ പുരുഷ വന്ധ്യതയ്ക്ക് കാരണമാകും. ഇതിനെല്ലാം പുറമെ അനാരോഗ്യകരമായ ജീവിതശൈലി, അന്തരീക്ഷ മലിനീകരണം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങളും പുരുഷവന്ധ്യതയ്ക്ക് കാരണമാകും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഇറുകിയ അടിവസ്ത്രങ്ങളും പാന്റും ഒഴിവാക്കുക. ഇത് വൃഷണസഞ്ചി കൂടുതൽ ആയാസരഹിതമായിരിക്കാനും മികച്ച താപനില നിലനിർത്താനും സഹായിക്കുന്നു
  • ഉയർന്ന താപനിലയുള്ള അന്തരീക്ഷം ഒഴിവാക്കുക. ചൂട് വർദ്ധിക്കുന്ന സാഹചര്യം ബീജങ്ങളുടെ എണ്ണത്തെ ബാധിക്കും.
  • പുകവലി പൂർണമായും ഒഴിവാക്കുക. പുകയില ബീജങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നു.
  • മദ്യപാനം നിയന്ത്രിക്കുക. മദ്യം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും ബീജ ഉത്പാദനം കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു. 
  • കീടനാശിനികൾ, ലെഡ് അടങ്ങിയ രാസവസ്തുക്കൾ ചേർത്ത ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക. പ്രത്യേകിച്ചും കീടനാശിനി തളിച്ച പഴങ്ങളും പച്ചക്കറികളും. 
  • ലൈംഗികമായി പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ ഒന്നിലധികം പങ്കാളികളുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക

ബീജത്തിന്റെ എണ്ണവും ഗുണവും വർദ്ധിപ്പിക്കാം

ഇതിനായി ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുകയാണ് ഏറെ പ്രധാനപ്പെട്ട കാര്യം. പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുക. 

ആന്റിഓക്‌സിഡന്റ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കുക. 

ശരീരഭാരം ആരോഗ്യകരമായ അളവിൽ നിലനിർത്തുക. വർദ്ധിച്ച മാസ് ബോഡി ഇൻഡക്‌സ് ബീജങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമാകും. 

മാനസിക സമ്മർദ്ദം ശരീരത്തെ മോശമായി ബാധിക്കും. ഇത് നിങ്ങളുടെ ലൈംഗിക പ്രവർത്തനത്തെ ബാധിക്കുകയും ബീജം സൃഷ്ടിക്കാൻ ആവശ്യമായ ഹോർമോണുകളെ സ്വാധീനിക്കുകയും ചെയ്യും. മാനസികസമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ് ഏറെ പ്രധാനം.