ഹൃദയത്തിലെ കോശങ്ങൾക്കും കലകൾക്കും ഒരു പ്രത്യേകതയുണ്ട്, ശരീരത്തിലെ മറ്റ് കോശങ്ങളെ അപേക്ഷിച്ച് ഹൃദയത്തിലെ കോശങ്ങൾക്ക് പുനരുജ്ജീവന ശേഷിയില്ല. അതുകൊണ്ടാണ് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം പലപ്പോഴും മരണകാരണമായ ഒരു ആരോഗ്യപ്രശ്നമായി മാറുന്നത്. ഹാർട്ട് അറ്റാക്കിനെ അതിജീവിച്ചവരിലും ഹൃദയകോശങ്ങളുടെ ഈ തകർച്ച തുടർന്നുള്ള വർഷങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്കോ മരണത്തിനോ കാരണമായേക്കാമെന്നാണ് വിദഗ്ദർ പറയുന്നത്.
ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ നശിച്ചുപോകുന്ന ഹൃദയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമോയെന്നത് സംബന്ധിച്ച് നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ പ്രത്യാശ നൽകുന്ന ഒരു പഠനത്തിലേക്ക് ഗവേഷകർ എത്തിയിട്ടുണ്ട്. ഹാർട്ട് അറ്റാക്ക് ഉണ്ടാകാൻ ഇടയുള്ള എലികളിലെ ഹൃദയ കോശങ്ങളെ ചികിത്സിക്കാൻ അനുവദിക്കുന്ന ഒരു സംവിധാനമാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയത്. ഭൂരിഭാഗം ആളുകളും തുടക്കത്തിൽ ഹൃദയാഘാതത്തെ അതിജീവിക്കുന്നുണ്ടെങ്കിലും, തുടർന്നുള്ള വർഷങ്ങളിൽ മരണസാധ്യത ഗണ്യമായി വർദ്ധിക്കുന്നു.
Also Read: നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ടോ? മുൻകൂട്ടി എങ്ങനെ അറിയാം
യഥാർത്ഥത്തിൽ, 65 വയസ്സിനു മുകളിലുള്ള ഹൃദയാഘാതമുള്ള 65% ആളുകളും ആദ്യ സംഭവത്തിന്റെ എട്ട് വർഷത്തിനുള്ളിൽ മരിക്കുന്നതായാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഒരു വ്യക്തിക്ക് ആദ്യ ഹൃദയാഘാതത്തെ അതിജീവിക്കാൻ കഴിയുമെങ്കിലും, പിന്നീടുണ്ടാകുന്ന ഹൃദയാഘാതങ്ങൾ അതിജീവിക്കാൻ കഴിയാതെ വരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഹൃദയകോശങ്ങൾ തുടർച്ചയായി നശിക്കുന്നതുമൂലം ഹൃദയ കോശങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരുന്നതോടെയാണ് ഇത് സംഭവിക്കുന്നത്.
അടുത്തിടെ നേച്ചർ കാർഡിയോവാസ്കുലർ റിസർച്ച് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഹൃദയാഘാതത്തെ ചെറുക്കുന്നതിന് പ്രത്യാശ നൽകുന്ന വിവരങ്ങൾ മുന്നോട്ടുവെക്കുന്നത്. ഹൃദയ കോശങ്ങളെ ചികിത്സിക്കാനും ഹൃദയാഘാതത്തിന് മുമ്പ് ഹൃദയത്തെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കാനും അനുവദിക്കുന്ന ഒരു സംവിധാനം ഗവേഷകർ മുന്നോട്ടുവെക്കുന്നു.
ഹൃദയാഘാതവും പേശികളുടെ മരണവും
ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും യുകെയിലെ ഗ്ലാസ്‌ഗോ സർവകലാശാലയിലെ സ്‌കൂൾ ഓഫ് കാർഡിയോവാസ്‌കുലർ ആൻഡ് മെറ്റബോളിക് ഹെൽത്തിലെ മോളിക്യുലാർ മെഡിസിൻ പ്രൊഫസറുമായ പ്രൊഫ. ജെയിംസ് ലീപ്പർ ഈ പഠനത്തെക്കുറിച്ച് മെഡിക്കൽ ന്യൂസ് ടുഡേയോട് പറഞ്ഞത് ഇപ്രകാരമാണ്, “മിക്ക ഹൃദയാഘാതങ്ങളും കൊറോണറി ആർട്ടറി രോഗം മൂലമാണ് ഉണ്ടാകുന്നത്, ഇത് കൊറോണറി ധമനികൾ ഇടുങ്ങിയതാക്കാൻ കാരണമാകും. അഥെറോമ എന്നറിയപ്പെടുന്ന ഫാറ്റി ഡിപ്പോസിറ്റുകൾ കാലക്രമേണ അടിഞ്ഞുകൂടിയാണ് ധമനികൾ സങ്കോചിക്കുന്നതിന് കാരണമാകുന്നത്. ധമനിയുടെ ഭിത്തിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനായി ഇതിന് ചുറ്റും രക്തം കട്ടപിടിക്കുന്നു. ഈ കട്ടപിടിക്കുന്നത് കൊറോണറി ധമനികളിൽ ബ്ലോക്ക് ഉണ്ടാക്കും, ഇത് ഹൃദയപേശികൾക്ക് രക്തം, ഓക്സിജൻ, സുപ്രധാന പോഷകങ്ങൾ എന്നിവ ലഭിക്കുന്നത് തടസപ്പെടുത്തും. ഇത് ഹൃദയപേശികളുടെ നാശത്തിലേക്ക് നയിക്കുന്നു”.
ഹൃദയപേശികൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് കാരണമായി മാറുന്നത് ധമനികളിലെ ബ്ലോക്കാണ്. ധമനികളിലെ ബ്ലോക്ക് എത്രത്തോളമുണ്ടോ, അതിന് ആശ്രയിച്ചായിരിക്കും ഹൃദയപേശികളിലെ കേടുപാടുകളുടെ വലുപ്പവും. ഹൃദയപേശികൾക്ക് പുനരുജ്ജീവിക്കാൻ കഴിയാത്തതിനാൽ അത് ഒരിക്കലും പൂർണമായി നന്നാക്കാനാകില്ല.
പേശികളുടെ സങ്കോചത്തിന് കാരണമാകുന്ന ഹൃദയത്തിലെ ഒരു തരം കോശമാണ് കാർഡിയോമയോസൈറ്റുകൾ. ഹൃദയമിടിപ്പ് നിലനിറുത്തുന്ന വൈദ്യുത സിഗ്നലിംഗിന് പ്രതികരണമായി, ശരീരത്തിന് ചുറ്റും രക്തം ഞെരുക്കാൻ ഹൃദയത്തിന് കഴിയുന്നതിന് പേശികളുടെ ഈ സങ്കോചം അത്യന്താപേക്ഷിതമാണ്. ഹൃദയാഘാതത്തിൽ ഈ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ, ശരീരത്തിന് ചുറ്റുമുള്ള രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ശേഷി ഹൃദയത്തിന് നഷ്ടപ്പെടും.
ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് മുമ്പ് ചികിത്സിക്കാനാകുമോ?
ഹൃദയാഘാതത്തെ അതിജീവിക്കാൻ സഹായിക്കുന്ന ഒരു പഠനം വെയ്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മോളിക്യുലാർ സെൽ ബയോളജി ഡിപ്പാർട്ട്‌മെന്റിലെ ഡോ. എൽദാദ് സാഹോറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കോശപുനരൂജ്ജീവനത്തെ സഹായിക്കുന്ന ERBB2 ജീനിലെ പ്രത്യേക പ്രോട്ടീനാണ് ഇതിന് സഹായകരമാകുന്നത്. കാർഡിയോമയോസൈറ്റുകൾ പുനർവിഭജനത്തിന് വിധേയമാവുകയും അവയുടെ യഥാർത്ഥ സങ്കോച ശേഷിയിലേക്ക് മടങ്ങുകയും ഹൃദയത്തിന്റെ പ്രകടനം മെച്ചപ്പെടുകയും ചെയ്തതായാണ് ഗവേഷകർ കണ്ടെത്തിയത്.
Also Read: ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക്; കാരണമെന്ത്?
ഇതേ ലാബിൽ നടത്തിയ ഏറ്റവും പുതിയ ഗവേഷണത്തിൽ, ഡോ. അവ്‌റഹാം ഷാക്കെഡിൻറെ നേതൃത്വത്തിൽ, ഈ ജീനിന്റെയും പ്രോട്ടീനിന്റെയും പിന്നിലെ മെക്കാനിസത്തെക്കുറിച്ചും അതിന്റെ ഫലങ്ങളുടെ ദീർഘായുസ്സിനെക്കുറിച്ചുമാണ് പഠനം നടത്തിയത്. 3 മാസം പ്രായമുള്ളപ്പോൾ ERBB2 ജീൻ താൽക്കാലികമായി പ്രവർത്തനക്ഷമമാക്കിയ ട്രാൻസ്ജെനിക് എലികളിൽ അഞ്ചു മാസത്തിനുശേഷം ഹൃദയാഘാതമുണ്ടായപ്പോൾ സുഖം പ്രാപിച്ചതായി പഠനത്തിൽ വ്യക്തമായതായാണ് ഗവേഷകരുടെ അവകാശവാദം. പുനർവിഭനമുണ്ടായ കാർഡിയോമയോസൈറ്റുകൾ ഹൃദയാഘാതത്തെ അതീജിവിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുമെന്നാണ് പഠനത്തിൽ വ്യക്തമായത്.
Content Summary: Can heart attack be prevented before it happens? New study suggests ways to prevent heart attack before it happens.