ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും എല്ലാവർക്കും മികച്ചതും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിലാണ് ലോകാരോഗ്യ ദിനം ആചരിക്കുന്നത്. ‘എല്ലാവർക്കും ആരോഗ്യം’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ശരീരത്തിലെ പ്രതിരോധസംവിധാനങ്ങളാണ്. കോവിഡിന് ശേഷം പ്രത്യേകിച്ചും പ്രതിരോധശേഷി ഉയർത്തേണ്ടത് അത്യാവശ്യമായി വന്നിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ പല അസുഖങ്ങളെയും ചെറുക്കാൻ സാധിക്കും. പ്രതിരോധശേഷി വർധിപ്പിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ചില ഭക്ഷണങ്ങൾ ഇതാ.
ഇഞ്ചി
സൂപ്പർ ഫുഡുകളിലൊന്നായാണ് ഇഞ്ചിയെ കണക്കാക്കുന്നത്. വളരെ ഉയർന്ന പോഷകമൂല്യമുള്ളതും ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതുമായ ഭക്ഷണങ്ങളാണ് സൂപ്പർ ഫുഡുകൾ. ഇഞ്ചിക്ക് രോഗപ്രതിരോധശേഷിയുണ്ട്. ഇത് ശരീരത്തെ അസുഖങ്ങളിൽ നിന്നും രോഗകാരികളിൽ സംരക്ഷിക്കാൻ സഹായിക്കുന്നു. പഴങ്ങളോ പച്ചക്കറികളോ ജ്യൂസാക്കുമ്പോൾ കുറച്ച് ഇഞ്ചി കൂടി കലർത്തി കഴിച്ചുനോക്കൂ. പാകം ചെയ്യുന്ന ഭക്ഷണങ്ങളിലും ഇഞ്ചി ചേർത്ത് ഉപയോഗിക്കാം.
പുളിയുള്ള പഴങ്ങൾ
പുളിയുള്ള പഴങ്ങളിൽ വിറ്റാമിൻ എ, ബി6, സി എന്നിവയും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
ഗ്രീൻ ടീ
ചായയും കാപ്പിയും പോലുള്ള ചൂടുള്ള പാനീയങ്ങൾക്ക് പകരമായി ഗ്രീൻ ടീ കുടിക്കുന്നത് ഇന്ന് സാധാരണമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗ്രീൻ ടീ സഹായിക്കുന്നു.
തൈര്
തൈരും തൈരുകൊണ്ടുള്ള പാനീയങ്ങളും വേനൽക്കാലത്ത് നമ്മുടെ ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കുന്നവയാണ്. തൈര് പ്രോബയോട്ടിക് ഭക്ഷണമാണ്. പ്രോബയോട്ടിക്‌സിന് പ്രതിരോധശേഷി വർധിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല മെച്ചപ്പെട്ട ദഹനത്തിനും സഹായിക്കുന്നു.
വെളുത്തുള്ളി
ഇഞ്ചി പോലെ വെളുത്തുള്ളിയും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച സൂപ്പർ ഫുഡായി കണക്കാക്കപ്പെടുന്നു. വെളുത്തുള്ളിക്ക് മികച്ച രോഗശാന്തി ഗുണങ്ങളുണ്ട്, കൂടാതെ ബാക്ടീരിയ, ഫംഗസ് മുതലായ വിവിധ രോഗകാരികളെ ചെറുക്കാനും സഹായിക്കുന്നു.
മഞ്ഞൾ
മഞ്ഞളിന്റെ രോഗപ്രതിരോധശേഷി പ്രസിദ്ധമാണ്. എല്ലാ ഭക്ഷണങ്ങളിലും ചേർത്ത് കഴിക്കാവുന്ന സുഗന്ധവ്യഞ്ജനമാണിത്. ആന്റിഓക്സിഡന്റുകൾ അടങ്ങിയ മഞ്ഞളിന് പല അസുഖങ്ങളെയും പ്രതിരോധിക്കാൻ കഴിവുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.
ചീര
ചീരയിലെ സസ്യ സംയുക്തങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ കരോട്ടിനോയിഡുകൾ പ്രായവുമായി ബന്ധപ്പെട്ട കാഴ്ച രോഗങ്ങളായ മാക്യുലർ ഡീജനറേഷൻ, അതുപോലെ ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.
ബദാം
ബദാമിൽ അടങ്ങിയ ഉയർന്ന അളവിലുള്ള വൈറ്റമിൻ ഇ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
Content Summary: Immunity-boosting foods to stay healthy