രക്തത്തിലെ യൂറിയ, ക്രിയാറ്റിനിൻ, ആസിഡുകൾ തുടങ്ങിയവയെ അരിച്ചൊഴിവാക്കുന്ന പരമപ്രധാനമായ ധർമ്മമാണ് മനുഷ്യശരീരത്തിൽ വൃക്കകൾ നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ വൃക്കകളുടെ ആരോഗ്യം താളംതെറ്റിയാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മളെ നയിച്ചേക്കാം. ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ പലതരം വൃക്കരോഗങ്ങളുമായി ജീവിക്കുന്നു, എന്നാൽ അതിൽ മിക്കവർക്കും ഇതിനെക്കുറിച്ച് അറിയില്ല. വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ പലതാണ്.
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പാരമ്പര്യം, 60ന് മുകളിൽ പ്രായം
ഈ പറഞ്ഞ ഘടകങ്ങളുള്ളവർ വർഷംതോറും വൃക്കയുടെ പ്രവർത്തനം അറിയാനാകുന്ന പരിശോധനങ്ങൾ നടത്തണം. ഒരാൾക്ക് വൃക്കരോഗമുണ്ടോയെന്ന് അറിയുന്നതിൻറെ ചില ലക്ഷണങ്ങൾ ചുവടെ…
ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ
രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കണമെന്ന തോന്നൽ ചിലപ്പോഴെങ്കിലും വൃക്കരോഗത്തിന്റെ ലക്ഷണമാകാം. വൃക്കയുടെ അരിക്കൽ ശേഷി തകരാറിലാകുമ്പോൾ, അത് മൂത്രമൊഴിക്കാനുള്ള തോന്നൽ വർദ്ധിപ്പിക്കും. ചിലപ്പോൾ ഇത് മൂത്രാശയ അണുബാധയുടെ അല്ലെങ്കിൽ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് രോഗത്തിൻറെ ലക്ഷണവുമാകാം.
മൂത്രത്തിൽ രക്തം കാണപ്പെടുക
രക്തം അരിച്ചെടുത്ത് മലിനമായ വസ്തുക്കളാണ് മൂത്രത്തിലൂടെ പുറന്തള്ളുന്നത്. എന്നാൽ വൃക്കയുടെ അരിക്കൽ തകരാറിലാകുമ്പോൾ, രക്തകോശങ്ങൾ മൂത്രത്തിൽ കലരും. മൂത്രമൊഴിക്കുമ്പോൾ രക്തം കാണപ്പെടുന്നത് ഇങ്ങനെയാണ്. വൃക്കരോഗത്തെ സൂചിപ്പിക്കുന്നതിന് പുറമേ, മൂത്രത്തിൽ രക്തം മുഴകൾ, വൃക്കയിലെ കല്ലുകൾ അല്ലെങ്കിൽ അണുബാധയുടെ ലക്ഷണവുമാകാം.
കണ്ണിന് ചുറ്റും നീർക്കെട്ട്
വൃക്കകളുടെ അരിക്കൽ തകരാറിലായതിന്റെ ആദ്യ സൂചനയാണ് മൂത്രത്തിലെ പ്രോട്ടീൻ അളവ് കൂടുന്നത്. ഈ പ്രശ്നം നമ്മൾ തിരിച്ചറിയുന്നത് കണ്ണുകൾക്ക് ചുറ്റും നീർക്കെട്ട് അനുഭവപ്പെടുന്നതിലൂടെയാണ്.
വിശപ്പില്ലായ്മ
വൃക്കരോഗത്തിൻറെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണിത്. വൃക്കകളുടെ പ്രവർത്തനം കുറയുന്നതിന്റെ ഫലമായി വിഷവസ്തുക്കൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നതാണ് വിശപ്പില്ലായ്മ അനുഭവപ്പെടാൻ കാരണം.
പേശീവലിവ്
ശരീരത്തിലെ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ വൃക്കകളുടെ പ്രവർത്തന വൈകല്യത്തിന്റെ ഫലമായി ഉണ്ടാകാം. കുറഞ്ഞ കാൽസ്യത്തിന്റെ അളവും നിയന്ത്രിത ഫോസ്ഫറസും പേശിവലിവിന് കാരണമാകും.
Also Read: സുബി സുരേഷിൻറെ മരണത്തിന് ഇടയായത് കരൾ രോഗം; ഈ അസുഖത്തെക്കുറിച്ച് കൂടുതലറിയാം
Content Summary: Don’t avoid these early warning signs of kidney disease.