നല്ല ആരോഗ്യത്തിന് എത്ര സ്റ്റെപ് നടക്കണം? ഇത് 10k അല്ലെന്ന് വിദഗ്ദർ!

പതിവായി നടക്കുന്നത് ഒരു ആരോഗ്യകരമായ ശീലമാണ്. വ്യായാമം ചെയ്യാൻ സാധിക്കാത്ത ആളുകൾക്കും നടത്തമാണ് ആശ്വാസമാകുന്നത്. എത്ര സ്റ്റെപ് നടന്നു എന്നറിയാൻ സ്മാർട്ട് ഉപകരണങ്ങളും ഉണ്ട്. ഹൃദയാരോഗ്യം മുതൽ മാനസികാരോഗ്യം സംരക്ഷിക്കുന്നത് വരെയുള്ള ഗുണങ്ങൾ നടത്തം നൽകുന്നു. പലരും ലക്‌ഷ്യം വെക്കുന്നത് ദിവസവും പതിനായിരം സ്റ്റെപ് നടത്തമാണ്. എന്നാൽ ദിവസവും നടക്കേണ്ടത് പതിനായിരം സ്റ്റെപ് അല്ല എന്നാണ് വിദഗ്ദർ പറയുന്നത്.

ഒരു ദിവസം 4,000 ചുവടുകൾക്ക് താഴെ മാത്രം നടന്നാലും പല കാരണങ്ങളാലുള്ള മരണ സാധ്യത കുറയ്ക്കാൻ കഴിയുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വളരെ സാവധാനത്തിൽ വേണം നടത്തം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനെന്നാണ് ഫിറ്റ്നസ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പ്രായമായ ആളുകളെ സംബന്ധിച്ച് നടത്തം മികച്ച ഒരു വ്യായാമമാണ്.

ഒരു ദിവസം പതിനായിരം ചുവടുകൾ എന്നത് പലർക്കും സാധിക്കാത്ത ലക്ഷ്യമാണ്. എന്നാൽ ഇതാണ് പൊതുവായി പറയാറുള്ള മാർഗനിർദേശം. എന്നാൽ ദിവസേന ചെറിയ ചുവടുകൾ നടന്നാലും വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ ദിവസവും 3,867 ചുവടുകൾ നടന്നാൽ ആവശ്യത്തിന് ഗുണങ്ങൾ ലഭിക്കുമെന്ന് പറയുന്നു. ഹൃദ്രോഗം മൂലമുള്ള മരണം ഒഴിവാക്കാൻ ദിവസവും 2,337 ചുവടുകൾ നടന്നാൽ മതിയത്രേ. ഏത് ചുറ്റുപാടിൽ ജീവിക്കുന്നവർക്കും ലിംഗഭേദമന്യേ ഈ നേട്ടങ്ങൾ ലഭിക്കും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങൾ എത്ര കൂടുതൽ നടക്കുന്നുവോ അത്രയും നല്ലതാണ്. അധികം വെക്കുന്ന ഓരോ സ്റ്റെപ്പുകളും നിങ്ങളുടെ ആയുസ് വർദ്ധിപ്പിക്കും.

ഏത് പ്രായം മുതൽ നടത്തം ശീലമാക്കാം

നടക്കുന്നത് എല്ലാ പ്രായത്തിലുള്ളവർക്കും നിരവധി ആരോഗ്യഗുണങ്ങൾ നൽകും. 60 വയസിന് താഴെയുള്ളവരിൽ കൂടുതൽ ആരോഗ്യഗുണങ്ങൾ ഉണ്ടാകും. അതുകൊണ്ട് നടത്തം ദിവസത്തിന്റെ ഭാഗമാക്കാൻ വൈകരുത്. നേരത്തെ ആരംഭിക്കുന്നത് ഏറ്റവും നല്ലതാണ്.

തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ മിതമായ വേഗതയിൽ ഏകദേശം 15 മിനിറ്റ് നടക്കാനാണ് വിദഗ്ദർ ശുപാർശ ചെയ്യുന്നത്. ഇതിൽ ഓരോരുത്തരുടെയും ഫിറ്റ്നസ് നില അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം. ക്രമേണ നടത്തത്തിന്റെ സമയവും വേഗതയും വർദ്ധിപ്പിക്കണം. ഇങ്ങനെ ആഴ്‌ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് നടത്തം എന്ന ശീലത്തിലേക്ക് എത്താം.

ആയാസമില്ലാതെ നടക്കാൻ വാക്കിങ് ഷൂകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

പ്രതിദിന ചുവടുകളുടെ എണ്ണം എങ്ങനെ വർദ്ധിപ്പിക്കാം?

തിരക്കേറിയ ജീവിതത്തിൽ നടത്തത്തിന് പ്രത്യേകം സമയം കണ്ടെത്താൻ പലർക്കും ബുദ്ധിമുട്ടാണ്. angane ഉള്ളവർ നടക്കാൻ ലഭിക്കുന്ന അവസരണങ്ങൾ പാഴാക്കരുത്. ഉദാഹരണത്തിന്, ജോലിസ്ഥലത്തേക്ക് നടന്ന് പോകാൻ പറ്റുമെങ്കിൽ നടക്കുക. ലിഫ്റ്റിന് പകരം സ്റ്റെപ്പുകൾ കയറാൻ ശ്രമിക്കുക. ഓഫീസ്, റെസ്റ്റോറന്റ് എന്നിവയുടെ പ്രവേശന കവാടങ്ങളിൽ നിന്ന് വളരെ ദൂരെ പാർക്ക് ചെയ്തുകൊണ്ട് നടക്കാൻ ശ്രമിക്കുക.

ഇനിമുതൽ പതിനായിരം ചുവട് എന്ന ലക്‌ഷ്യം ഓർത്ത് നടക്കാൻ മടി കാണിക്കേണ്ട. എത്ര സാധിക്കുമോ അത്രയും നടക്കുക!

Also Read: ദിവസവും പത്ത് മിനിട്ട് നടന്നാൽ ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ?