നമുക്ക് വീട്ടിൽ ലഭ്യമാക്കാവുന്ന ചില മെഡിക്കൽ ഉപകരണങ്ങളുണ്ട്. ഓക്സിജൻ, ഷുഗർ, പ്രഷർ തുടങ്ങിയവ നമുക്ക് വീട്ടിൽ തന്നെ നോക്കാവുന്നതാണ്. പ്രത്യേകിച്ച് കോവിഡ് രൂക്ഷമാകുന്ന ഈ കാലത്ത് ഇത്തരം ഉപകരണങ്ങൾ വീട്ടിൽ തന്നെ ഉണ്ടാകുന്നത് വളരെ നല്ലതാണ്. എന്നുവെച്ച് സ്വയം ചികിത്സ ആരംഭിക്കണം എന്നല്ല. കൊറോണ പോലുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാൻ മെഡിക്കൽ ഗാഡ്ജറ്റുകൾ എന്ന് വിളിക്കുന്ന ഈ നൂതന ഉപകരണങ്ങൾ നമ്മെ സഹായിക്കും. എന്തെങ്കിലും ചികിത്സ ആരംഭിക്കും മുൻപ് വിദഗ്ധ ഡോക്ടറുടെ സേവനം ഉറപ്പാക്കണം എന്ന് മാത്രം. നമ്മൾ വീട്ടിൽ കരുതേണ്ട അത്യാവശ്യ മെഡിക്കൽ ഗാഡ്ജറ്റുകൾ ഏതൊക്കെയെന്ന് നോക്കാം.
പൾസ് ഓക്സിമീറ്റർ
രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. കൊറോണക്കാലത്ത് എല്ലാവർക്കും സുപരിചിതമാണ് മാറിയ ഒരു ഉപകരണമാണിത്. കൈവിരലുകൾ വെച്ച് എളുപ്പം ഇത് കണ്ടെത്താം. വേദനയോ അസ്വസ്ഥതകളോ ഒന്നും ഉണ്ടാകില്ല. തീർച്ചയായും വീട്ടിൽ ഉണ്ടാകേണ്ട ഒരു ഗാഡ്ജറ്റാണിത്. മെഡിക്കൽ സ്റ്റോറുകളിലും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ഈ ഗാഡ്ജെറ്റ് ലഭ്യമാണ്. 500 രൂപ മുതൽ 2500 രൂപവരെയാണ് വില.
ഹാർട്ട് റേറ്റ് മോണിറ്റർ
ഹൃദയമിടിപ്പ് അല്ലെങ്കിൽ പൾസ് റേറ്റ് കണ്ടെത്താനുള്ള ഉപകരണങ്ങളാണ് ഹാർട്ട് റേറ്റ് മോണിറ്ററുകൾ. വ്യായാമം ചെയ്യുമ്പോഴും മറ്റ് പ്രവർത്തികളിൽ ഏർപ്പെടുമ്പോഴും ഹൃദയമിടിപ്പ് അളക്കാൻ ഈ ഗാഡ്ജറ്റ് സഹായിക്കും. ഉറക്കത്തിന്റെ തോത് അളക്കാനും ഈ ഉപകരണം ഉപയോഗിക്കാറുണ്ട്. 2000 രൂപക്ക് മുകളിലാണ് ഹാർട്ട് റേറ്റ് മോണിറ്ററുകളുടെ വില.
ഗ്ലൂക്കോമീറ്റർ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കാനാണ് ഈ ഗാഡ്ജറ്റ് ഉപയോഗിക്കുന്നത്. പ്രമേഹമുള്ളവരുടെ വീട്ടിൽ തീർച്ചയായും ഉണ്ടാകേണ്ട ഒരു ഉപകരണമാണിത്. 500 രൂപ മുതൽ വിലയുള്ള ഗ്ലൂക്കോമീറ്ററുകൾ വിപണിയിൽ ലഭ്യമാണ്.
ഡിജിറ്റൽ ബ്ലഡ് പ്രഷർ മോണിറ്റർ
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഭാരം കുറഞ്ഞ ഒരു ഉപകരണമാണിത്. ഇത് വെച്ച് ബ്ലഡ് പ്രഷർ, പൾസ് എന്നിവ നോക്കാവുന്നതാണ്. യാത്രകളിൽ ഒപ്പം കരുതാവുന്ന പ്രഷർ മോണിറ്ററാണ് ഇത്. രക്തസമ്മർദ്ദം കൂടിയവരും കുറഞ്ഞവരും ഈ ഉപകരണം കയ്യിൽ കരുതുന്നത് ഉപകാരപ്രദമാണ്. രണ്ടായിരത്തിനും മൂവായിരത്തിനുമിടക്കാണ് ഇതിന്റെ വില.
ഡിജിറ്റൽ ഐആർ തെർമോമീറ്റർ
ഇതൊരു കോൺടാക്ട്ലെസ്സ് ഉപകരണമാണ്. 1-2 ഇഞ്ച് ദൂരത്തിൽ നിന്ന് ശരീര താപനില അളക്കാൻ ഈ ഗാഡ്ജറ്റ് സഹായിക്കും. 1000 രൂപയിൽ കുറഞ്ഞ ഡിജിറ്റൽ ഐആർ തെർമോമീറ്ററുകൾ ലഭ്യമാണ്.
ഇവയിൽ ചില ഗാഡ്ജെറ്റുകൾ ഒരുമിച്ച് ലഭ്യമാകുന്ന സ്മാർട്ട് വാച്ചുകളോ ബാന്റുകളോ വാങ്ങുന്നതും മികച്ച തീരുമാനമാണ്.