പലരിലും രാത്രികാലങ്ങളിൽ കാലിന്റെ മസിലുകളിൽ വേദന അനുഭവപ്പെടാറുണ്ട്. ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും ഇത് അനുഭവപ്പെടുന്നത്. സാധാരണയായി കണങ്കാലിന്റെ പേശികളിലാണ് വേദന വരാറ്. അനിയന്ത്രിതമായ പേശി സങ്കോചങ്ങളാണ് ഈ വേദനയുണ്ടാകാൻ കാരണം. തുടയിലോ കാൽപ്പാദങ്ങളിലോ ഈ വേദന ഉണ്ടാകാം. രാത്രികാലത്ത് കാൽ വേദന വരുന്നതിന്റെ കൃത്യമായ കാരണം പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല, എന്നാൽ അവ സംഭവിക്കുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്.
രാത്രികാലങ്ങളിൽ കാലിൽ വേദന ഉണ്ടാകാൻ കാരണമായേക്കാവുന്ന ഘടകങ്ങൾ
നിർജ്ജലീകരണം:
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം, ഇത് പേശിവേദനയ്ക്ക് കാരണമാകും.
പേശികളുടെ അമിത ഉപയോഗം:
വ്യായാമത്തിലോ ശാരീരിക പ്രവർത്തനങ്ങളിലോ ഏർപ്പെടുമ്പോൾ അമിതമായി പേശികൾ ഉപയോഗപ്പെടുത്താറുണ്ട്. ഇത് പേശികൾ ക്ഷീണിക്കാനും പേശീവലിവ് അനുഭവപ്പെടാനും കാരണമാകും.
മോശം രക്തചംക്രമണം:
മോശം രക്തചംക്രമണം പേശികളിൽ വേദന വരാൻ കാരണമാകും, പ്രത്യേകിച്ച് കാലുകളിലാണ് ഇത് അനുഭവപ്പെടുക.
ധാതുക്കളുടെ അസന്തുലിതാവസ്ഥ:
മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ അളവ് കുറയുന്നത് പേശിവേദനയ്ക്ക് കാരണമാകും.
മരുന്നുകൾ:
ഡൈയൂററ്റിക്സ്, സ്റ്റാറ്റിനുകൾ, ബീറ്റാ ബ്ലോക്കറുകൾ തുടങ്ങിയ ചില മരുന്നുകളുടെ പാർശ്വഫലമായി പേശീവലിവ് ഉണ്ടാക്കാം.
ഇത് കൂടാതെ കാൽവേദന വരാൻ സാധ്യതയുള്ളത്:
- 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ
- കഠിനമായ പ്രതലങ്ങളിൽ ദീർഘനേരം നിൽക്കുന്നവരിൽ
- ഗർഭിണികളിൽ
- പ്രമേഹരോഗികളിൽ
- അമിതമായി മദ്യപിക്കുന്നവരിൽ
- ഹൈപ്പോതൈറോയിഡിസം ഉള്ളവരിൽ
- നാഡീതകരാറുകൾ ഉള്ളവരിൽ
രാത്രി കാലങ്ങളിൽ കാലിൽ ഉണ്ടാകുന്ന വേദന നിയന്ത്രിക്കാനുള്ള ചില വഴികൾ ഇതാ:
സ്ട്രെച്ചിംഗ്:
വേദന ബാധിച്ച പേശികളെ വലിച്ചുനീട്ടുന്നത് പേശീവലിവ് ഒഴിവാക്കാനും ഭാവിയിൽ ഉണ്ടാകുന്നത് തടയാനും സഹായിക്കും.
മസാജ്:
വേദന ബാധിച്ച പേശികൾ മസാജ് ചെയ്യുന്നത് അവയെ വിശ്രമിക്കാനും പേശികളിലെ മുറുക്കം ഒഴിവാക്കാനും സഹായിക്കും.
ചൂടോ തണുപ്പോ പ്രയോഗിക്കുന്നത്:
വേദനയുള്ള ഭാഗത്ത് ചൂടോ തണുപ്പോ പ്രയോഗിക്കുന്നത് പേശികൾക്ക് അയവ് വരുത്താനും പേശീവലിവ് ഒഴിവാക്കാനും സഹായിക്കും.
വെള്ളം കുടിക്കുക:
ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും പേശി വേദനയ്ക്ക് കാരണമാകുന്ന ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ തടയാൻ സഹായിക്കും.
ധാതു സപ്ലിമെന്റുകൾ:
മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ സപ്ലിമെന്റുകൾ കഴിക്കുന്നത് പേശിവലിവ് തടയാൻ സഹായിക്കും.
മരുന്നുകളുടെ ക്രമീകരണം:
നിങ്ങൾ കഴിക്കുന്ന മരുന്നുകൾ മൂലമാണ് നിങ്ങളുടെ കാലിലെ പേശികളിൽ മുറുക്കം ഉണ്ടാകുന്നതെങ്കിൽ, നിങ്ങളുടെ ഡോസ് ക്രമീകരിക്കാനോ മറ്റൊരു മരുന്നിലേക്ക് മാറ്റാനോ ഡോക്ടർക്ക് കഴിഞ്ഞേക്കും.
കംപ്രഷൻ സോക്സുകൾ:
കംപ്രഷൻ സോക്സുകളോ സ്റ്റോക്കിംഗുകളോ ധരിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും കാലിലെ പേശികളിൽ മുറുക്കം തടയാനും സഹായിക്കും.
നിങ്ങളുടെ കാലിൽ ഇടയ്ക്കിടെ അല്ലെങ്കിൽ കഠിനമായി പേശീവലിവ് അനുഭവപ്പെടുകയാണെങ്കിൽ വിദഗ്ദസഹായം തേടേണ്ടത് പ്രധാനമാണ്. ചിലപ്പോൾ ഇത് ഏതെങ്കിലും രോഗാവസ്ഥയുടെ ലക്ഷണമാകാം.
Content Summary: Reasons for nighttime leg cramps and know how to treat