ഹൃദ്രോഗമുള്ളവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമോ?

ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതമുണ്ടാകുന്നുവെന്ന തരത്തിൽ ചില വാർത്തകൾ നമ്മൾ മാധ്യമങ്ങളിൽ കാണാറുണ്ട്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണോയെന്ന ആശങ്ക അടുത്ത കാലത്തായി വർദ്ധിച്ചിവരുന്നു. എന്നാൽ ഹൃദ്രോഗമുള്ളവർ ലൈംഗികത ഒഴിവാക്കേണ്ടതില്ലെന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം.

“സാധാരണയായി പറഞ്ഞാൽ, ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികൾക്ക് ലൈംഗിക പ്രവർത്തനങ്ങൾ സുരക്ഷിതമാണ്,” നോർത്ത് കരോലിന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ കാർഡിയോളജി വിഭാഗത്തിലെ മെഡിസിൻ അസിസ്റ്റൻ്റ് പ്രൊഫസർ ലിൻഡ്സെ റോസ്മാൻ, വെരിവെൽ ഹെൽത്ത് മാഗസിനോട് പറഞ്ഞു.

ഹൃദ്രോഗമുള്ളവർ വ്യായാമം ചെയ്യുന്നതുപോലെ തന്നെ ലൈംഗികതയുടെ അപകടസാധ്യതകളെയും നേട്ടങ്ങളെയും കുറിച്ച് വ്യക്തമായി മനസിലാക്കിയിരിക്കണമെന്ന് മാത്രം. “ലൈംഗിക പ്രവർത്തനത്തെ മറ്റേതൊരു ശാരീരിക പ്രവർത്തനത്തെയും പോലെ കരുതുന്നു- അതിൽ ഏർപ്പെടുന്നവരുടെ രക്തസമ്മർദ്ദം വർദ്ധിക്കുന്നു, ഇതിലൂടെ ഹൃദയമിടിപ്പ് വർദ്ധിക്കും, ലൈംഗികബന്ധം ഹൃദയത്തെ സ്വാധീനിക്കുന്നത് ഇങ്ങനെയാണ്,”- ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെക്സ്നർ മെഡിക്കൽ സെൻ്ററിലെ ഇൻ്റേണൽ മെഡിസിൻ ക്ലിനിക്കൽ അസിസ്റ്റൻ്റ് പ്രൊഫസർ ജിം ലിയു പറയുന്നു.

നിങ്ങൾ ഹൃദ്രോഗത്തോടെയാണ് ജീവിക്കുന്നതെങ്കിൽ സെക്‌സ് സുരക്ഷിതമാണ്. എന്നാൽ ലൈംഗിക ബന്ധത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി ഇക്കാര്യം ഡോക്ടറുമായി സംസാരിക്കണം. ഡോക്ടറുടെ ഉപദേശങ്ങളും നിർദേശങ്ങളും വളരെ പ്രധാനമാണ്.

“ലൈംഗികതയെക്കുറിച്ച് ചോദിക്കാൻ രോഗികളും അവരുടെ പങ്കാളികളും വിമുഖത കാട്ടാറുണ്ട്, മാത്രമല്ല വിഷയം സ്വമേധയാ അവതരിപ്പിക്കുന്നതിൽ ഡോക്ടർമാരും പിന്നോട്ടാണ്,” ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ കാർഡിയോളജി വിഭാഗത്തിലെ മെഡിസിൻ പ്രൊഫസറായ ഗ്ലെൻ ലെവിൻ പറഞ്ഞു. “രോഗികളും പങ്കാളികളും ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം കൂടാതെ രോഗിയുടെയും അവരുടെ പങ്കാളിയുടെയും ഭാഗത്തുനിന്ന് ഈ വിഷയം ഡോക്ടറോട് അവതരിപ്പിക്കുന്നതിൽ ആശങ്കയോ ഭയമോ പാടില്ല.”

ഹൃദ്രോഗവുമായി ജീവിക്കുന്നവർക്ക് ലൈംഗികത “അപകടകരമാണ്” എന്ന് അർഥമില്ല. ഇത് അത്തരം ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും നല്ലതാണ്. “ലൈംഗികത ഹൃദയത്തെ ശക്തിപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു വ്യായാമമാണ്,” റോസ്മാൻ പറഞ്ഞു.

ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടോ?

ഹൃദ്രോഗമുള്ളവരിൽ ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. വ്യായാമം ചെയ്യുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇത്തരക്കാരിൽ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നത് പോലെ ലൈംഗികതയ്ക്ക് ഇടയിലും ഇത് സംഭവിച്ചേക്കാം. എന്നാൽ ലൈംഗികതയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുന്നത് വളരെ അപൂർവമാണെന്ന് വിദഗ്ദർ പറയുന്നു. ലോകത്ത് ആകെ സംഭവിക്കുന്ന ഹൃദയാഘാതങ്ങളിൽ ഒരു ശതമാനത്തിൽ താഴെയാണ് ലൈംഗികതയ്ക്കിടെയുണ്ടാകുന്നത്.

Also Read: വർക്കൌട്ടിനിടെ ഹാർട്ട് അറ്റാക്ക്; കാരണങ്ങൾ അറിയാം

ഹൃദ്രോഗമുള്ളവർ ലൈംഗിക ബന്ധത്തിനിടെ താഴെ പറയുന്ന ലക്ഷണങ്ങളുണ്ടോയെന്ന് ശ്രദ്ധിക്കണം

  • നെഞ്ച് വേദന
  • ശ്വാസം മുട്ടൽ
  • ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്
  • ക്രമരഹിതമായ ഹൃദയമിടിപ്പ്
  • തലകറക്കം
  • ലൈംഗിക ബന്ധത്തിന് ശേഷം ഉറക്കമില്ലായ്മ
  • ലൈംഗിക ബന്ധത്തിൻ്റെ പിറ്റേന്ന് ക്ഷീണം

ഇതിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ കണ്ട് മതിയായ ചെക്കപ്പുകൾ ചെയ്യാൻ വൈകരുത്

ഹൃദ്രോഗം ലൈംഗിക പ്രവർത്തനത്തെ ബാധിക്കുമോ?

ഹൃദ്രോഗ നിർണയം ഒരാളുടെ ലൈംഗിക ജീവിതത്തെ പല തരത്തിൽ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. അസുഖവും അതിന് നൽകുന്ന മരുന്നുകളും പലരീതിയിൽ ലൈംഗികതയെ സ്വാധീനിച്ചേക്കാം. ഹൃദ്രോഗവും അതിൻ്റെ ചികിത്സയും ശരീരത്തിലുടനീളം രക്തചംക്രമണം നടത്തുന്ന രീതിയിൽ മാറ്റം വരുത്തും. ഇത് ജനനേന്ദ്രിയ മേഖല ഉൾപ്പെടെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഹൃദയം നൽകുന്ന രക്തത്തിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യും, രക്തയോട്ടം കുറയുന്നത് പുരുഷന്മാരിൽ ഉദ്ധാരണക്കുറവിനും സ്ത്രീകളിൽ ലൈംഗിക ഉത്തേജന ബുദ്ധിമുട്ടുകൾക്കും ഇടയാക്കും. ഇതിന് അർത്ഥം ഹൃദ്രോഗമുള്ളവർക്കും അതിന് മരുന്ന് കഴിക്കുന്നവർക്കും രതിമൂർച്ഛയിലെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം എന്നാണ്.

ഹൃദ്രോഗം ഒരാളുടെ മാനസികാരോഗ്യത്തെ ബാധിക്കാറുണ്ട്. അതുപോലെ തന്നെ ലൈംഗികാരോഗ്യത്തെ പരോക്ഷമായി ബാധിക്കും.

ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികളിൽ വൈകാരിക സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവ സാധാരണമാണ്. ഇതുവഴി ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും.

ഹൃദ്രോഗം ലൈംഗികതയെ മാത്രമല്ല, ദാമ്പത്യബന്ധത്തെയും ബാധിച്ചേക്കും. ഹൃദ്രോഗം രോഗികളുടെ പങ്കാളികളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും, ഇത് ബന്ധങ്ങളെ ബാധിക്കും.

ഹൃദയാഘാതം, നെഞ്ചുവേദന, ശ്വാസതടസ്സം, ക്ഷീണം തുടങ്ങി ഹൃദ്രോഗത്തോടൊപ്പം വരുന്ന ലക്ഷണങ്ങൾ – അവ അനുഭവിക്കുന്ന ആളുകളെ ലൈംഗികതയിലുള്ള താൽപര്യമില്ലായ്മ വർദ്ധിപ്പിക്കും.

ഹൃദ്രോഗമുള്ളവർ ലൈംഗിക ഉത്തേജന മരുന്നുകൾ കഴിക്കാമോ?

ഹൃദ്രോഗം ഉണ്ടെന്ന് കണ്ടെത്തിയാൽ, ലൈംഗിക ഉത്തേജനമുള്ള മരുന്നുകൾ കഴിക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കണം. പൊതുവെ ലൈംഗിക ഉത്തേജനം വർദ്ധിപ്പിക്കുന്ന മിക്ക മരുന്നുകളും സുരക്ഷിതമാണ്. എന്നിരുന്നാലും, ഉദ്ധാരണക്കുറവിനുള്ള മരുന്നുകൾ കഴിക്കുന്ന ചില ആളുകൾ സാധ്യമായ പാർശ്വഫലങ്ങളെക്കുറിച്ചോ സങ്കീർണതകളെക്കുറിച്ചോ അറിഞ്ഞിരിക്കണം. “വയാഗ്ര, സിയാലിസ്, ലെവിട്ര തുടങ്ങിയ മരുന്നുകൾ പൊതുവെ ഹൃദ്രോഗമുള്ള രോഗികൾക്ക് സുരക്ഷിതമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

Also Read: നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ടോ? മുൻകൂട്ടി എങ്ങനെ അറിയാം

Content Summary: Heart attack and sex; Things to consider when people with heart disease have sex.