വർത്തമാന പത്രത്തിലെയോ പുസ്തകങ്ങളിലെയോ ചെറിയ അക്ഷരങ്ങൾ വായിക്കുന്നതിന് ബുദ്ധിമുട്ടോ ദൂരെയുള്ള വസ്തുക്കൾ കാണുന്നതിന് പ്രയാസമോ നേരിടുന്നുണ്ടോ? ഇത്തരത്തിൽ കാഴ്ചശക്തിക്ക് കാര്യമായ തകാറുള്ളവരാണോ നിങ്ങൾ. എല്ലാ പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കാഴ്ചക്കുറവ്. കാഴ്ച പരിശോധിച്ച് ശരിയായ അളവിലെ ലെൻസുള്ള കണ്ണടയോ കോൺടാക്റ്റ് ലെൻസോ നൽകുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. എന്നാൽ ഇതെല്ലാം താൽക്കാലിക ആശ്വാസം മാത്രമാണ് നൽകുന്നത്. കാഴ്ചക്കുറവ് പരിഹരിക്കാൻ ജീവിതശൈലിയിലും ഭക്ഷണരീതിയിലും ചില മാറ്റങ്ങൾ വരുത്തുന്നത് ഏറെ ഫലപ്രദമാണ്. അത്തരത്തിൽ കാഴ്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ.
എ. ആരോഗ്യകരമായ ഭക്ഷണശീലം
പോഷകസമൃദ്ധമായ ഭക്ഷണശീലം കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും ഉത്തമമാണ്. അത്തരത്തിൽ കാഴ്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
- വിറ്റാമിൻ എ- കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധതയെ ചെറുക്കുന്നതിനും വിറ്റാമിൻ എ ഫലപ്രദമാണ്. കണ്ണിലെ റെറ്റിനയെ പ്രകാശത്തിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാനും രാത്രിക്കാഴ്ച മെച്ചപ്പെടുത്താനും ഇത് സഹായിക്കും. പ്രധാനമായും ഇലക്കറികളിലും കാരറ്റിലും മധുരക്കിഴങ്ങിലുമൊക്കെയാണ് വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ളത്.
- ഒമേഗ -3 ഫാറ്റി ആസിഡ്- മൽസ്യങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പോഷകഘടകമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് ഉൾപ്പടെ ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഇതിനുണ്ട്. പ്രധാനമായും നമ്മുടെ നാട്ടിൽ ലഭിക്കുന്ന ചൂര, അയല, മത്തി എന്നീ മത്സ്യങ്ങളിലാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ് കാണപ്പെടുന്നത്. ഇതുകൂടാതെ ഫ്ലാക്സ് സീഡ്, വാൽനട്ട് എന്നിവയിലും ഇത് അങ്ങിയിരിക്കുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് വരണ്ട കണ്ണുകൾ, കണ്ണുകളുടെ പേശികൾ നശിക്കുന്നത് തുടങ്ങിയ നേത്രരോഗങ്ങളെ ഫലപ്രദമായി ചെറുക്കാൻ സഹായിക്കും.
- ല്യൂട്ടിൻ, സീയാക്സാന്തിൻ ആന്‍റി ഓക്സിഡന്‍റുകൾ- ചീര, ബ്രൊക്കോളി തുടങ്ങിയ ഇലകളിലും പച്ചക്കറികളിലും കാണപ്പെടുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് ല്യൂട്ടിനും സീയാക്സാന്തിനും. അൾട്രാവയലറ്റ് രശ്മികൾ പോലുള്ള ഹാനികരമായ ഉയർന്ന ഊർജ്ജ പ്രകാശ തരംഗങ്ങളിൽ നിന്ന് കണ്ണിലെ റെറ്റിനയെ സംരക്ഷിക്കാൻ ഈ ആന്‍റി ഓക്സിഡന്‍റുകൾ സഹായിക്കുന്നു.
- വിറ്റാമിൻ സി- തിമിരരോഗത്തെ പ്രതിരോധിക്കാൻ ഏറെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള വിറ്റാമിൻ സിയ്ക്ക് കഴിയും. കൂടാതെ പ്രായം കൂടുന്നതിന് അനുസരിച്ച് കണ്ണുകളിലെ പേശികൾ നശിക്കുന്നത് വൈകിപ്പിക്കാനും വിറ്റാമിൻ സിയ്ക്ക് കഴിയും. നാരങ്ങ, ഓറഞ്ച് പോലെയുള്ള പുളിയുള്ള സിട്രസ് ഫലങ്ങൾ, സ്ട്രോബെറി, കുരുമുളക് എന്നിവ വിറ്റാമിൻ സി ധാരാളമായുണ്ട്.
- സിങ്ക്- റെറ്റിനയുടെ ആരോഗ്യം നിലനിർത്താൻ ഏറെ പ്രധാനപ്പെട്ട പോഷകഘടകമാണ് സിങ്ക്. ബീൻസ്, പരിപ്പ്, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ സിങ്ക് അടങ്ങിയിട്ടുണ്ട്.
ബി. നേത്ര വ്യായാമം:
ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യം നിലനിർത്താൻ വ്യായാമം ഏറെ ഫലപ്രദമാണ്. അതുപോലെ തന്നെ കണ്ണിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നേത്രവ്യായാമം ഗുണം ചെയ്യും. കണ്ണിന്റെ ആയാസവും ക്ഷീണവും കുറയ്ക്കാൻ നേത്ര വ്യായാമങ്ങൾ സഹായിക്കും. എളുപ്പത്തിൽ പരിശീലിക്കാവുന്ന ഒരു നേത്രവ്യായാമം പരിചയപ്പെടാം…
20-20-20
കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവരും, പുസ്തകങ്ങൾ തുടർച്ചയായി വായിക്കുന്നവരും മറ്റ് ഓഫീസ് ജോലികൾ ചെയ്യുന്നവരും കണ്ണിന് വിശ്രമവും വ്യായാമവും നൽകണം. കംപ്യൂട്ടറിൽ നോക്കുന്ന, വായിക്കുന്ന ഓരോ 20 മിനിറ്റിലും, 20 സെക്കൻഡ് ഇടവേള എടുക്കണം. ഇതിനുശേഷം കുറഞ്ഞത് 20 അടി അകലെയുള്ള ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വ്യായാമം കണ്ണുകളുടെ പേശികളെ വിശ്രമിക്കാനും ദീർഘനേരം സ്‌ക്രീൻ സമയത്തിൽ നിന്ന് കണ്ണിന്റെ ഡിജിറ്റൽ ആയാസം കുറയ്ക്കാനും സഹായിക്കുന്നു.
Also Read- കാരറ്റ് മാത്രമല്ല, കാഴ്ചശക്തിക്ക് ഈ ഭക്ഷണങ്ങളും കഴിച്ചോളൂ
സി. നേത്രപരിചരണം
തിരക്കേറിയ ജീവിതശൈലിയ്ക്കും ജോലിത്തിരക്കിനുമിടയിൽ നേത്രപരിചരണത്തിന് മതിയായ സമയം മാറ്റിവെക്കേണ്ടത് പ്രധാനമാണ്. ഇത് കാഴ്ച നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വളരെയേറെ ഗുണം ചെയ്യും. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ…
- പതിവ് നേത്ര പരിശോധനകൾ- ഏതെങ്കിലും കാഴ്ച പ്രശ്നങ്ങൾ ഉണ്ടോയെന്ന് കണ്ടുപിടിക്കാനും അത് പരിഹരിക്കുന്നതിനുമായി ഒരു ഒപ്‌റ്റോമെട്രിസ്റ്റിനെയോ നേത്രരോഗവിദഗ്ധനെയോ സന്ദർശിച്ച് പതിവ് നേത്ര പരിശോധനകൾ വർഷത്തിൽ ഒരിക്കലെങ്കിലും നടത്തണം
- കണ്ണുകൾ സംരക്ഷിക്കുക- നല്ല സൂര്യപ്രകാശമുള്ള സാഹചര്യത്തിൽ പുറത്തേക്ക് ഇറങ്ങുമ്പോൾ ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ തടയുന്ന സൺഗ്ലാസുകൾ ധരിക്കുക. കൂടാതെ, കണ്ണിന് പരിക്കേറ്റേക്കാവുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സംരക്ഷണ കണ്ണടകൾ ധരിക്കുക.
- ശരിയായ പ്രകാശം ഉറപ്പാക്കണം- കംപ്യൂട്ടറിൽ ജോലി ചെയ്യുമ്പോഴോ പുസ്തകം വായിക്കുകയോ ചെയ്യുമ്പോൾ മുറിയിൽ മതിയായ വെളിച്ചവും സൗകര്യവും ഉറപ്പാക്കണം.
- ജലാംശം നിലനിർത്തുക- ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉറപ്പാക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് ഏറെ പ്രധാനമാണ്. അതുപോലെ കണ്ണിന്‍റെ ആരോഗ്യത്തിന് മതിയായ അളവിൽ വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. എന്തെന്നാൽ നിർജലീകരണം കണ്ണുകൾ വരണ്ടുപോകുന്നതിന് കാരണമാകും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
Content Summary- Low vision is a problem that affects people of all ages. Doctors test the vision and prescribe glasses or contact lenses with the correct lens size. But all this gives only temporary relief. Making certain changes in lifestyle and diet can be very effective in treating poor eyesight