കുട്ടികളിലെ കണ്ണിന്‍റെ കാഴ്ചശക്തി സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടിവിയും ലാപ്ടോപ്പും മൊബൈൽഫോണുമൊക്കെ കൊച്ചുകുട്ടികൾ പോലും കൂടുതലായി ഉപയോഗിക്കുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികളിൽ പോലും കാഴ്ച സംബന്ധിച്ചതും മറ്റ് നേത്രരോഗങ്ങളും കൂടുതലായി കണ്ടുവരുന്നു. 

ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയെന്നതാണ് പ്രധാനം. അടുത്തിടെ പുറത്തുവന്ന ഒരു പഠനറിപ്പോർട്ട് അനുസരിച്ച് ഏകദേശം 20 ശതമാനം കുട്ടികൾക്കും ഒന്നോ അതിലധികമോ കാഴ്ച സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്, അവയിൽ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി എന്നിവ ഉൾപ്പെടുന്നു. ഗ്ലോക്കോമ, തിമിരം, റെറ്റിനോബ്ലാസ്റ്റോമ – അപൂർവമായ റെറ്റിന ക്യാൻസർ തുടങ്ങി കാഴ്ചസംബന്ധമല്ലാത്ത നേത്ര ആരോഗ്യപ്രശ്നങ്ങളും ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. 

കുട്ടികളിൽ ഏറ്റവും സാധാരണമായ നേത്ര പ്രശ്നങ്ങൾ

“കുട്ടികളുടെ നേത്ര പരിശോധനയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അകാല റെറ്റിനോപ്പതി, റിഫ്രാക്റ്റീവ് പിശകുകൾ (പ്രത്യേകിച്ച് മയോപിയ), ആസ്റ്റിഗ്മാറ്റിസം, സ്ക്വിന്റ്, ആംബ്ലിയോപിയ എന്നിവയൊക്കെയാണ്. കോർണിയ ഡിസ്ട്രോഫി, റെറ്റിന ഡിസ്ട്രോഫി, റെറ്റിനോബ്ലാസ്റ്റോമ തുടങ്ങിയ ജനിതക രോഗങ്ങൾ. പാരമ്പര്യരോഗങ്ങൾക്ക് പ്രത്യേക ജനിതക പരിശോധന ആവശ്യമായി വന്നേക്കാം”- കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലെ ഒഫ്താൽമോളജി ഡിപ്പാർട്ട്മെന്റ് മേധാവി പ്രൊഫസർ ഡോ ഗോപാൽ എസ് പിള്ള പറയുന്നു. 

നേരത്തെയുള്ള റെറ്റിനോപ്പതി

ഈ അവസ്ഥ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇത് അന്ധതയിലേക്ക് നയിച്ചേക്കും. ഭാരക്കുറവുള്ള നവജാതശിശുക്കൾക്കും (2000 ഗ്രാമിൽ താഴെ) അല്ലെങ്കിൽ മാസം തികയാതെ ജനിച്ചവർക്കും (32 ആഴ്ചയിൽ താഴെയുള്ള ഗർഭധാരണം) ഇതുസംബന്ധിച്ച നേത്രപരിശോധന തീർച്ചയായും നടത്തണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. 

കാഴ്ചശക്തി

വളർച്ചയ്ക്ക് അനുസരിച്ച് നാഡി വികസനത്തിൽ കാലതാമസമുള്ള കുട്ടികളിൽ കണ്ണ്, കാഴ്ച പ്രശ്നങ്ങൾ എന്നിവ പരിശോധിക്കണം. പീഡിയാട്രിക് ന്യൂറോളജിസ്റ്റുകളെയോ പീഡിയാട്രീഷ്യന്മാരെയോ കാണുമ്പോൾ ഇതേക്കുറിച്ച് സംസാരിക്കണം. 

Also Read: കാരറ്റ് മാത്രമല്ല, കാഴ്ചശക്തിക്ക് ഈ ഭക്ഷണങ്ങളും കഴിച്ചോളൂ

സ്കൂളിലെ പരിശോധന

സ്കൂളുകളിൽ സമഗ്രമായ കാഴ്ച പരിശോധന നടത്തുക. സാധാരണയായി ഏകദേശം 4 മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് ഇത് ആദ്യം വേണ്ടത്. കുട്ടിക്ക് 7 വയസ്സ് തികയുന്നതിന് മുമ്പ് ആംബ്ലിയോപിയ പോലുള്ള അവസ്ഥകൾ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തണം. പരിശീലനം ലഭിച്ച സ്കൂൾ അധ്യാപകർക്ക് കാഴ്ചശക്തി വിലയിരുത്താൻ കഴിയും. അതോടൊപ്പം സ്കൂളുകളിൽ ഒപ്റ്റോമെട്രിസ്റ്റുകളെയോ നേത്രരോഗവിദഗ്ദ്ധരെയോ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാംപുകളും സംഘടിപ്പിക്കണം. ഇതിലൂടെ കാഴ്ച സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ അത് നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സയോ കണ്ണടയോ ലഭ്യമാക്കാനും കഴിയും. 

ഫലപ്രദമായ സ്‌ക്രീനിംഗ് നേരത്തേ കണ്ടെത്തലും സമയബന്ധിതമായ ഇടപെടലും ഉറപ്പാക്കുന്നു. ഇത് കുട്ടികൾക്ക് അവരുടെ ജീവിതത്തിലുടനീളം നല്ല കാഴ്ചശക്തി നിലനിർത്താൻ സഹായകരമാണ്.

Content Summary: It is important to identify vision problems in children early and get the necessary treatment. A recent study suggests that nearly 20 per cent of children have one or more vision-related health problems.