ആരോഗ്യത്തെ ഏറെ ഹാനികരമായി ബാധിക്കുന്ന ഒന്നാണ് പുകവലി. ഹൃദ്രോഗം, ശ്വാസകോശരോഗം, വിവിധതരം ക്യാൻസറുകൾ, വന്ധ്യത തുടങ്ങി പുകവലി മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. സ്ഥിരമായി പുകവലിക്കുന്നവരിൽ ചിലരെങ്കിലും അത് ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുമെങ്കിലും എത്ര എളുപ്പമുള്ള കാര്യമല്ല. പുകവലി നിർത്താൻ സഹായികുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ഒരു തീയതി നിശ്ചയിക്കുക
പുകവലി എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ഉറച്ച തീരുമാനം എടുക്കുക. അത് നടപ്പിലാക്കാനായി ഒരു തീയതിയും നിശ്ചയിക്കുക. ആ ദിവസം മുതൽ പുകവലി ഉപേക്ഷിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും വേണം. ഇങ്ങനെ ഒരു തീയതി നിശ്ചയിക്കുന്നത് മാനസികമായും ശാരീരികമായും സ്വയം തയ്യാറാകാൻ വേണ്ടത്ര സമയം നൽകും.
2. ഉറ്റവരുടെ പിന്തുണ പ്രധാനം
പുകവലി ഉപേക്ഷിക്കുകയാണെന്ന കാര്യം കുടുംബാംഗങ്ങളോടും ഉറ്റ സുഹൃത്തുക്കളോടും പറയുക. തീരുമാനം നടപ്പിലാക്കാൻ അവരുടെ പിന്തുണ പ്രധാനമാണ്. പുകവലിക്ക് അടിപ്പെട്ട ഒരാൾ പെട്ടെന്ന് പുകവലി നിർത്തുമ്പോൾ, മാനസികവും ശാരീരികവുമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇവിടെയാണ് ഉറ്റവരുടെ പിന്തുണ ഏറെ ഗുണം ചെയ്യുന്നത്.
3. പുകവലിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യം തിരിച്ചറിയുക
സാധാരണയായി പുകവലിക്ക് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം മാനസികസമ്മർദ്ദമാണ്. കൂടാതെ പുകവലിക്കാരായ സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ അടുത്തിടപഴകുന്നത് പ്രേരണാഘടകമാണ്. ഇത്തരത്തിൽ പുകവലിക്ക് പ്രേരണയാകുന്ന ഘടകങ്ങൾ മനസിലാക്കി, അതിൽനിന്ന് വിട്ടുനിൽക്കുകയോ, മാനസികസമ്മർദ്ദം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്യുക.
4. പുകവലി നിർത്താനുള്ള ആസൂത്രണം
പുകവലി നിർത്താനായി കൃത്യമായ ഒരു പദ്ധതി ആസൂത്രണം ചെയ്യുക. കാലങ്ങളായി പുകവലിക്കുന്നവർക്ക് ഒരു സുപ്രഭാതത്തിൽ നിർത്താനാകുന്ന കാര്യമല്ല ഇത്. അതുകൊണ്ടുതന്നെ കൃത്യമായി വലിക്കുന്ന സിഗരറ്റുകളുടെ എണ്ണവും ഇടവേളയും കുറച്ചുകൊണ്ടുവരണം. അതിനൊപ്പം നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പി പോലുള്ള പുകവലി ഉപേക്ഷിക്കാനുള്ള ഏറ്റവും നല്ല രീതി തീരുമാനിക്കുക. ആവശ്യമെങ്കിൽ പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന മരുന്നുകളെക്കുറിച്ച് ഡോക്ടറെ കണ്ട് സംസാരിക്കുകയും, ആവശ്യമെങ്കിൽ മരുന്ന് കഴിക്കുകയും വേണം.
5. ശീലം മാറ്റാം
പുകവലിക്ക് പകരം ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുക. വ്യായാമം, ധ്യാനം, യോഗ അല്ലെങ്കിൽ മനസിന് സന്തോഷവും സംതൃപ്തിയും നൽകുന്ന മറ്റെന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുക എന്നിവയൊക്കെ പുകവലി ഉപേക്ഷിക്കാൻസഹായിക്കും.
Also Read: പുകവലി നിർത്തണോ? ഈ സ്മാർട്ട് നെക്ലേസ് സഹായിച്ചേക്കും
6. ജീവിതത്തെ പോസിറ്റീവായി കാണുക
മെച്ചപ്പെട്ട ആരോഗ്യം, കൂടുതൽ ഊർജം, പണം ലാഭിക്കൽ എന്നിവയൊക്ക പുകവലി ഉപേക്ഷിക്കുമ്പോൾ ഒരാൾക്ക് ലഭിക്കുന്ന മെച്ചപ്പെട്ട ഗുണങ്ങളാണ്. ഇവ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാൻമാരാകുക. പുകവലിക്കാൻ പ്രലോഭനം തോന്നുമ്പോഴെല്ലാം അത് ഉപേക്ഷിക്കാനുള്ള കാരണങ്ങളെക്കുറിച്ച് സ്വയം ഓർമ്മിപ്പിക്കുക.
7. ആരോഗ്യവിദഗ്ദൻറെ സഹായം നേടുക
പലർക്കും പുകവലി നിർത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ആവശ്യമെങ്കിൽ പുകവലി നിർത്താൻ വിദഗ്ദനായ ഡോക്ടറെയോ കൗൺസിലറെയോ കണ്ട് സംസാരിക്കുക. ഒരു മികച്ച കൗൺസിലിങ് പുകവലി അവസാനിപ്പിക്കാൻ സഹായിക്കും.
പുകവലി ഉപേക്ഷിക്കുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അതിന് കൂടുതൽ സമയവും കഠിനമായ പരിശ്രമവും വേണ്ടിവരുമെന്നും ആദ്യംതന്നെ ഓർത്തിരിക്കുക. എന്നാൽ ദൃഢനിശ്ചയവും പിന്തുണയും ഉണ്ടെങ്കിൽ, തീർച്ചയായും പുകവലി ഉപേക്ഷിക്കാൻ കഴിയും.
Content Summary: There are many health problems caused by smoking like heart disease, lung disease, various types of cancer, infertility etc. At least some regular smokers would like to quit, but it is not an easy task. Let’s take a look at some of the things that can help you quit smoking.