യൂറിക് ആസിഡ് കൂടുതലാണോ? ഭക്ഷണത്തിലൂടെ നിയന്ത്രിക്കാം

ഭക്ഷണത്തിൽ അടങ്ങിയ ഒരു തരം പ്രോട്ടീനാണ് പ്യൂരിൻ. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡ് കൂടാൻ കാരണമാകും. ദഹനപ്രക്രിയയുടെ ഭാഗമായി പ്യൂരിൻ വിഘടിച്ചാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ചുവന്ന മാംസം, ചൂര, മത്തി തുടങ്ങിയ മത്സ്യങ്ങൾ, ബിയർ എന്നിവയിൽ ഉയർന്ന അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മാത്രമല്ല, മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറംതള്ളപ്പെടാത്തതും ശരീരത്തിൽ യൂറിക് ആസിഡ് നില ഉയരാൻ കാരണമാകും. ഹൈപ്പർയൂറിസെമിയ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. വിട്ടുമാറാത്ത പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.

ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നതിന്റെ ലക്ഷണങ്ങൾ

  • ശരീരത്തിൽ വേദന
  • സന്ധികളിൽ നീർക്കെട്ട്
  • സന്ധികൾക്ക് ചുറ്റുമുള്ള ചർമ്മത്തിന്റെ നിറവ്യത്യാസം
  • പുറം വേദന
  • മുട്ടുവേദന
  • ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
  • മൂത്രക്കല്ല്
  • മൂത്രത്തിന് അസാധാരണമായ മണം
  • ഓക്കാനം അല്ലെങ്കിൽ ഛർദ്ദി

യൂറിക് ആസിഡ് കൂടുന്നതിന്റെ കാരണങ്ങൾ

  • പ്യൂരിൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡ് കൂടാൻ കാരണമാകും. പ്രധാനമായും കരൾ, കുടൽ, തലച്ചോറ് തുടങ്ങിയ അവയവ മാംസങ്ങൾ കഴിക്കുന്നത്. അയല, ചൂര, മത്തി തുടങ്ങിയ മത്സ്യങ്ങളിലും ധാരാളം പ്യൂരിൻ അടങ്ങിയിട്ടുണ്ട്.
  • മദ്യം, ബിയർ, സോഡ തുടങ്ങിയവ ഉപയോഗിക്കുന്നത് യൂറിക് ആസിഡ് അളവ് കൂട്ടും.
  • റിഫൈൻഡ് ഷുഗർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങൾ കഴിച്ചാൽ യൂറിക് ആസിഡ് ഉയരും.
  • ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറംതള്ളപ്പെടില്ല. ഇത് ശരീരത്തിൽ യൂറിക് ആസിഡ് കൂടാൻ കാരണമാകും.

ഉയർന്ന അളവിലുള്ള യൂറിക് ആസിഡിനെ ഭക്ഷണത്തിലൂടെ എങ്ങനെ നിയന്ത്രിക്കാം?

  • പഞ്ചസാരയുടെ ഉപയോഗം ഹൈപ്പർയൂറിസെമിയയിലേക്ക് നയിക്കും. പഞ്ചസാര അടങ്ങിയ സംസ്കരിച്ചതും പാക്ക് ചെയ്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • യൂറിക് ആസിഡ് വേഗത്തിൽ പുറന്തള്ളാൻ ധാരാളം വെള്ളം കുടിക്കുക.
  • മദ്യം വളരെ എളുപ്പത്തിൽ നിങ്ങളുടെ ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിപ്പിക്കും. മദ്യപാനം നിർത്തുക.
  • അമിതവണ്ണം യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം. അധിക ഭാരം കുറയ്ക്കാൻ ശ്രമിക്കുക.
  • നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവുകളുടെയും സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.
  • വൈറ്റമിൻ സി കൂടുതലടങ്ങിയ ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ കഴിക്കുക.

രക്തപരിശോധനയിലൂടെയാണ് യൂറിക് ആസിഡ് കണ്ടെത്തുന്നത്. ശ്രദ്ധിക്കപ്പെടാതെപോയാൽ മറ്റ് ശാരീരികപ്രശനങ്ങളിലേക്ക് നയിക്കുന്ന അവസ്ഥയാണിത്.

Content Summary: Uric Acid: How to Control Hyperuricemia.