നിങ്ങൾക്കറിയാമോ? തണുത്ത കാലാവസ്ഥ നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതല്ല. ശൈത്യകാലത്ത് ചർമ്മവും കണ്ണുകളും വരണ്ടുണങ്ങുന്നു. ചർമ്മത്തിന് പ്രത്യേക സംരക്ഷണമൊരുക്കുന്ന പോലെ ശൈത്യകാലത്ത് കണ്ണുകൾക്കും സംരക്ഷണം നൽകണം. കണ്ണുകൾക്ക് വരൾച്ച അനുഭവപ്പെടുന്നതാണ് പ്രധാന പ്രശ്നം. ശൈത്യകാലത്ത് കണ്ണുകളെ സംരക്ഷിക്കാൻ നേത്രരോഗ വിദഗ്ദർ എന്തൊക്കെ ശുപാർശ ചെയ്യുന്നു എന്ന് നോക്കാം.
ധാരാളം വെള്ളം കുടിക്കുക
ശൈത്യകാലത്ത് ചർമ്മത്തിന് വരൾച്ചയുണ്ടാകുന്നത് പോലെ കണ്ണുകളും വരളുന്നു. ഇത് തടയാൻ ധാരാളം വെള്ളം കുടിക്കുക. ഈർപ്പം നിലനിർത്താൻ ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
ഭക്ഷണം നിയന്ത്രിക്കുക
കണ്ണുകൾക്ക് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കേണ്ടതും അത്യാവശ്യമാണ്. കണ്ണുകൾക്ക് ആരോഗ്യം നൽകുന്ന ക്യാരറ്റ്, നട്സ്, ചീര തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കണ്ണടകൾ ധരിക്കുക
മഞ്ഞുകാലത്ത് സൂര്യപ്രകാശത്തിന് തീക്ഷ്ണത കൂടുതലായിരിക്കും. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സൺ ഗ്ലാസ് ഉപയോഗിക്കുക.
മുറിയിലെ താപനില ക്രമീകരിക്കുക
വരണ്ട അന്തരീക്ഷം ഒഴിവാക്കാൻ മുറിയിലെ താപനില ക്രമീകരിക്കുക. ഈർപ്പം ലഭിക്കാൻ ഹ്യുമിഡിഫയറുകൾ ഉപയോഗിക്കാം. മുറിയിലെ ജനാലകൾ ആവശ്യമുള്ളപ്പോൾ തുറന്നിടുക.
വെളിച്ചം ക്രമീകരിക്കുക
വീടിനകത്ത് ജോലി ചെയ്യുമ്പോൾ ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കുക.
കണ്ണുകൾ വരളുന്നതിന് കൃത്രിമ ലൂബ്രിക്കന്റുകളും ഉപയോഗിക്കാവുന്നതാണ്.