അടുക്കള ജോലി എളുപ്പമാക്കാൻ വേണ്ടി തലേന്നോ ദിവസങ്ങൾക്ക് മുമ്പോ തയ്യാറാക്കിയ ഭക്ഷണം ഫ്രിഡ്ജിൽവെക്കുന്നതും അത് ചൂടാക്കി വീണ്ടും ഉപയോഗിക്കുന്നതും ഇക്കാലത്ത് മിക്കവരും ചെയ്യുന്ന കാര്യമാണ്. എന്നാൽ ചില ഭക്ഷണങ്ങളും ഭക്ഷ്യവസ്തുക്കളും ഇത്തരത്തിൽ രണ്ടാമത് ചൂടാക്കാൻ പാടില്ലെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. ഇത്തരത്തിൽ രണ്ടാമതും ചൂടാക്കി ഉപയോഗിക്കാൻ പാടില്ലാത്ത 10 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. പാചക എണ്ണ
പാചക എണ്ണ (വറുക്കാൻ ഉപയോഗിച്ച എണ്ണ) വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണ്. ക്യാൻസർ പോലെയുള്ള അസുഖങ്ങൾക്ക് ഇത്തരത്തിൽ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് കാരണമായേക്കാം. കൂടാതെ എണ്ണ വീണ്ടും ചൂടാക്കുമ്പോൾ എണ്ണയിൽ ട്രാൻസ് ഫാറ്റ് അംശം വർദ്ധിക്കുകയും അത് ശരീരത്തിലെ കൊളസ്ട്രോൾ കൂട്ടുകയും, ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
2. ചിക്കൻ
ചിക്കൻ തണുക്കുമ്പോൾ ഈർപ്പം നഷ്ടപ്പെടും, അതുകൊണ്ട് ഇത് ചൂടോടെ കഴിക്കുമ്പോഴാണ് കൂടുതൽ സ്വാദ് അനുഭവപ്പെടുക. ചിക്കൻ ഒരുകാരണവശാലും വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്ന് വിദഗ്ദർ നിർദേശിക്കുന്നു. ഇത്തരത്തിൽ ചിക്കൻ ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഹോട്ടലിൽനിന്ന് ചിക്കൻ വിഭവം കഴിക്കുന്നവരിൽ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത് ഈ കാരണംകൊണ്ടാണ്.
3. കക്ക, കല്ലുമ്മേക്കാ, കണവ
കക്ക, കല്ലുമ്മേക്കാ, കണവ എന്നിവ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് അപകടകരമാണ്. എന്തെന്നാൽ ഇവയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഭക്ഷണം ഏറെ ശ്രദ്ധയോടെ വേണം പാചകം ചെയ്ത് ഉപയോഗിക്കേണ്ടതും. നന്നായി വേവിച്ച് ഉപയോഗിക്കേണ്ടവയാണ് ഈ ഭക്ഷണങ്ങൾ. അതുപോലെ പാചകം ചെയ്തു ചൂടോടെ തന്നെ കഴിക്കാനും ശ്രദ്ധിക്കണം. തണുത്തുപോയാൽ ഇവ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.
4. കൂൺ
കൂൺ അതിലോലമാണ്. പാകം ചെയ്ത് സൂക്ഷിച്ചില്ലെങ്കിൽ വളരെ വേഗ കേടാകുകയും പിന്നീട് ഉപയോഗിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. 24 മണിക്കൂർ മുമ്പ് പാകം ചെയ്ത കൂൺ ആണെങ്കിൽ, അവ ഒരുകാരണവശാലും വീണ്ടും ചൂടാക്കരുത്.
5. ഉരുളക്കിഴങ്ങ്
പാചകം ചെയ്ത ഉരുളക്കിഴങ്ങ് വീണ്ടും ചൂടാക്കരുത്. മാരകമായ ഭക്ഷ്യവിഷബാധയായ ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയയായ ക്ലോസ്ട്രിഡിയം ബോട്ടുലിനം ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കാം. ഈ ബാക്ടീരിയകൾ വീണ്ടും ചൂടാക്കുമ്പോൾ വർദ്ധിക്കും, അതിനാൽ പാകം ചെയ്ത ഉടനെ ഉരുളക്കിഴങ്ങ് കഴിക്കുകയാണ് വേണ്ടത്.
6. ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വീണ്ടും ചൂടാക്കി അമിതമായി സംസ്കരിച്ചാൽ നൈട്രൈറ്റുകളായി വിഘടിക്കുന്നു. ബീറ്റ്റൂട്ട് പാചകം ചെയ്ത ഉടൻ കഴിക്കുന്നതാണ് ശരിയായ രീതി. ഒരു കാരണവശാലും ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ചശേഷം ചൂടാക്കി ബീറ്റ്റൂട്ട് ഉപയോഗിക്കരുത്.
7. ചോറ്
നമ്മുടെ നാട്ടിൽ തലേദിവസത്തെ ചോറ് പഴംകഞ്ഞിയായോ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുകയോ ചെയ്തുവരാറുണ്ട്. എന്നാൽ ചോറിൽ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ അംശങ്ങൾ അടങ്ങിയിരിക്കാം, ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. വേവിച്ച ചോറ് കൂടുതൽ സമയം ഫ്രിഡ്ജിൽവെച്ച് പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
8. ചീര
ചീരയിലും നൈട്രേറ്റ് കൂടുതലാണ്. പാകം ചെയ്ത ചീര വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ ആ നൈട്രേറ്റുകൾ വിഘടിക്കുകയും, ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഇത്തരത്തിൽ നൈട്രേറ്റുകൾ വിഘടിച്ച ഭക്ഷണം ക്യാൻസറുകൾക്ക് കാരണമാകുമെന്നും ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചീര പാകം ചെയ്തയുടൻ ചൂടോടെ കഴിക്കുന്നതാണ് ഉത്തമം.
9. സംസ്കരിച്ച മാംസങ്ങൾ
സംസ്ക്കരിച്ച മാംസം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് അവയിലെ കൊളസ്ട്രോൾ ഓക്സിഡേഷൻ ഉൽപ്പന്നങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നു, ഇത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.
10. കോഫി
ഒരു തവണ തയ്യാറാക്കിയ കോഫി വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത്തരത്തിൽ വീണ്ടും ചൂടാക്കുന്ന കോഫി അസിഡിറ്റി ഉള്ളതും പഴകിയ രുചിയുണ്ടാക്കുന്നതുമാണ്.
Content Summary: 10 Foods You Should never Reheat