ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, തൈറോയിഡ്, പിസിഒഎസ് തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ തീർച്ചയായും ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇന്ന് എല്ലാ പ്രായത്തിലുമുള്ള സ്ത്രീപുരുഷന്മാരിലും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്.
കഴുത്തിന്റെ മുൻഭാഗത്ത് ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. വളർച്ചയെ സഹായിക്കുക, ഉപാപചയ പ്രവർത്തനത്തെ നിയന്ത്രിക്കുക തുടങ്ങി പ്രധാനപ്പെട്ട പല ശാരീരിക പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഹോർമോണുകൾ പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ശരീരവണ്ണം, മലബന്ധം, ദഹനപ്രശ്‌നങ്ങൾ, കുടലിന്റെ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയും തൈറോയ്ഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലാകുന്നത് മൂലം ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, ഗോയിറ്റർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
തൈറോയ്ഡ് പ്രശ്നങ്ങൾക്ക് മരുന്നിനൊപ്പം ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടതും അത്യാവശ്യമാണ്. തൈറോയ്ഡ് ഹോർമോൺ ബാലൻസ് നിലനിർത്താൻ കഴിക്കാവുന്ന മൂന്ന് സൂപ്പർ ഫുഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.
നാളികേരം
നിങ്ങളുടെ ശരീരത്തിന്റെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നതിന് നാളികേരം പ്രയോജനകരമാണ്. ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. തൈറോയ്ഡ് രോഗികൾക്ക് ഇത് പ്രയോജനകരമാകുന്ന രീതിയിൽ ശരീരത്തിനുള്ളിൽ ചൂട് ഉൽപ്പാദിപ്പിക്കുന്നതിന് നാളികേരം സഹായിക്കുന്നു. തേങ്ങാവെള്ളം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും ഹോർമോൺ നിയന്ത്രണത്തിനും സഹായിക്കും. രോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനത്തിനും തൈറോയ്ഡ് ലെവൽ നിയന്ത്രണത്തിനും കഴിയും. മാത്രമല്ല, ഹൈപ്പോതൈറോയിഡിസം കാരണമുണ്ടാകുന്ന കോശങ്ങളുടെ ഓക്സീകരണത്തെ തടയാനും തേങ്ങാവെള്ളം സഹായകരമാണ്.
മത്തങ്ങ വിത്തുകൾ
തൈറോയ്ഡ് പ്രവർത്തനത്തെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം മത്തങ്ങ വിത്തുകൾ ആണ്. ദിവസവും ഒരു ഔൺസ് ഉണങ്ങിയ മത്തങ്ങ വിത്തുകൾ കഴിച്ചാൽ തൈറോയ്ഡ് ഹോർമോണിന്റെ നിർമ്മാണത്തിന് ആവശ്യമായ സിങ്ക് ശരീരത്തിന് ലഭിക്കും. മാത്രമല്ല, ഉറക്കത്തെ സഹായിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാൻ മത്തങ്ങയിൽ സ്വാഭാവികമായി കാണപ്പെടുന്നുണ്ട്. മത്തങ്ങ വിത്തുകളിലെ ചെമ്പും സെലിനിയവും ഉറക്കത്തിന്റെ ദൈർഘ്യത്തെയും ഗുണനിലവാരത്തെയും ബാധിച്ചേക്കാം. വറുത്ത മത്തങ്ങ വിത്തുകൾ ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്.
നെല്ലിക്ക
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ പഴമാണ് നെല്ലിക്ക. ഓറഞ്ചിന്റെ എട്ട് മടങ്ങും മാതളനാരങ്ങയുടെ പതിനേഴു മടങ്ങും വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. മുടിയുടെ ടോണിക്കായി അറിയപ്പെടുന്ന ഫലം കൂടിയാണ് നെല്ലിക്ക. കഷണ്ടി കുറയ്ക്കുക, താരൻ ഒഴിവാക്കുക, രോമകൂപങ്ങളെ ശക്തിപ്പെടുത്തുക, തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുക എന്നിവയിലൂടെ ഇത് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
Also Read: പിസിഒഎസ് ഉള്ളവർ പാൽ പൂർണ്ണമായി ഉപേക്ഷിക്കേണ്ടതുണ്ടോ? വിദഗ്ദർ പറയുന്നത് കേൾക്കൂ
ഓർക്കുക, തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർ മരുന്ന് കഴിക്കുന്നത് മുടക്കാൻ പാടില്ല. മരുന്നിനൊപ്പം ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയാണ് ചെയ്യേണ്ടത്.
Content Summary: 3 Superfoods that improve thyroid function