ഫാറ്റി ലിവർ വരുന്നതിന് 5 കാരണങ്ങൾ

Last Updated on July 26, 2023

കരൾ കോശങ്ങൾക്കുള്ളിൽ കൊഴുപ്പ് ക്രമാതീതമായി അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. അടുത്ത കാലത്തായി കൂടുതൽ സാധാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണിത്. ഇത് അപകടകരവുമാണ്. എന്തൊക്കെ കാരണങ്ങളാണ് ഫാറ്റി ലിവറിലേക്ക് നയിക്കുന്നത് എന്ന് മനസിലാക്കി അതിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ബുദ്ധിപരമായ മാർഗം.

പൊണ്ണത്തടി

ഫാറ്റി ലിവറിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ് പൊണ്ണത്തടി. അമിതവണ്ണമുള്ള വ്യക്തികളുടെ ശരീരത്തിലെ കൊഴുപ്പ് ശേഖരം വർദ്ധിക്കുകയും അധിക കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന അവസ്ഥയിലേക്ക് നയിക്കും.

മോശം ഭക്ഷണക്രമം

പാശ്ചാത്യ ഭക്ഷണക്രമം, അനാരോഗ്യകരമായ കൊഴുപ്പുകൾ, പഞ്ചസാര ചേർത്ത ഭക്ഷണം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉയർന്ന ഉപഭോഗം ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമിതമായ കലോറി ഉപഭോഗവും അവശ്യ പോഷകങ്ങളുടെ അഭാവവും കാരണം കൊഴുപ്പുകളെ കാര്യക്ഷമമായി മെറ്റബോളിസ് ചെയ്യാൻ കരളിന് സാധിക്കാതെ വരുന്നു. ഇത് കരൾ കോശങ്ങളിൽ കൊഴുപ്പ് സംഭരിക്കുന്നതിന് കാരണമാകുന്നു.

ഇൻസുലിൻ പ്രതിരോധവും ടൈപ്പ് 2 പ്രമേഹവും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനോട് ശരീരകോശങ്ങൾ പ്രതികരിക്കുന്നത് കുറയുന്ന അവസ്ഥയാണ് ഇൻസുലിൻ പ്രതിരോധം. ഇത് പലപ്പോഴും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുന്ന കാരണമാണിത്. ഇൻസുലിൻ പ്രതിരോധവും പ്രമേഹവും ഫാറ്റി ലിവറിന് കാരണമാകും.

മദ്യപാനം

അമിതമായ മദ്യപാനം ഫാറ്റി ലിവർ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. മിതമായ മദ്യപാനം പോലും കരളിനെ ദോഷകരമായി ബാധിക്കുകയും രോഗബാധിതരായ വ്യക്തികളിൽ ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും.

Also Read: World Liver Day: ഫാറ്റി ലിവർ ലക്ഷണങ്ങൾ എന്തൊക്കെ?

ഉപാപചയ തകരാറുകൾ

ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ്, അസാധാരണമായ ലിപിഡ് പ്രൊഫൈലുകൾ എന്നിവ ഉള്ള ആളുകൾക്ക് കരളിന്റെ പ്രവർത്തനത്തിലും പ്രശ്നങ്ങൾ ഉണ്ടാകാം. ഇവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കൽ, ചില മരുന്നുകൾ, വൈറൽ ഹെപ്പറ്റൈറ്റിസ്, ജനിതക പ്രവണത എന്നിവ ഫാറ്റി ലിവറിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്. കൂടാതെ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പോലുള്ള ചില അസുഖങ്ങളും ഫാറ്റി ലിവറിന്റെ സാധ്യത വർദ്ധിപ്പിക്കും.

Content Summary: 5 Causes of Fatty Liver