മഴക്കാലമെത്തി; അലർജിയെ ചെറുക്കുന്ന 5 ഭക്ഷണങ്ങൾ ഇതാ

കാലവർഷം ശക്തമായതോടെ മഴക്കാല രോഗങ്ങളും നമ്മുടെ നാട്ടിൽ സജീവമാണ്. മഴക്കാലത്ത് അലർജി റിയാക്ഷനുകളും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും സർവസാധാരണമാണ്. പൊള്ളെൻസ് പോലെയുള്ള അലർജനുകൾ മഴക്കാലത്ത് ആസ്തമയും ശ്വാസതടസവും ഗുരുതരമാകാണ് കാരണമാകും. കാലം മാറുന്നതിനൊപ്പമുള്ള അലർജികളെ ചെറുക്കാൻ ശരിയായ രോഗപ്രതിരോധശേഷി വേണം. മഴക്കാലത്തെ അലർജി പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയെന്ന് നോക്കാം…

1. ഇഞ്ചി

ഇഞ്ചിക്ക് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ ഇൻഫ്ലേഷനുകൾ അഥവാ നീർക്കെട്ടുകൾ കുറയ്ക്കാൻ സഹായിക്കുകയും അതുവഴി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. അലർജി മൂലം മൂക്കിലും തൊണ്ടയിലും കണ്ണിലുമൊക്കെ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നവരിൽ ഏറെ ഫലപ്രദമാണ് ഇഞ്ചി. ഇഞ്ചിയുടെ ആന്‍റി ഓക്സിഡേറ്റീവ് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഈ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും. 

2. സിട്രസ് പഴങ്ങൾ

വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ വിറ്റാമിൻ സി അടങ്ങിയ സിട്രസ് പഴങ്ങൾ മഴക്കാലത്ത് അലർജിയെ ചെറുക്കാൻ വളരെ ഫലപ്രദമാണ്. മഴക്കാലത്തുണ്ടാകുന്ന ചുമയെയും ജലദോഷത്തെയും പ്രതിരോധിക്കാൻ സിട്രസ് പഴങ്ങൾക്ക് കഴിയും. ഓറഞ്ചിലും നാരങ്ങയിലും ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. 

3. മഞ്ഞൾ

ഇന്ത്യക്കാരുടെ പരമ്പരാഗതമായ ഭക്ഷണരീതികളിൽ അത്യന്താപേക്ഷിതമായ ഘടകമാണ് മഞ്ഞൾ. ഇതിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന ഘടകത്തിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ചുമയും ജലദോഷവും കുറയ്ക്കാൻ മഞ്ഞൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും. 

4. ഉള്ളി

ഒരു ആന്‍റി ഹിസ്റ്റാമിനായി പ്രവർത്തിക്കുന്ന ബയോഫ്ലാവനോയിഡാണ് ഉള്ളിയും സവാളയുമൊക്കെ. സീസണൽ അലർജിയെ ചെറുക്കാൻ സാധിക്കുന്ന ഏറ്റവും ഫലപ്രദമായ ഗുണമാണ് ഭക്ഷ്യവസ്തുക്കളിലെ ആന്‍റിഹിസ്റ്റാമിനുകൾ. അതുപോലെ തന്നെ ഉള്ളിയ്ക്ക് ആന്‍റിഓക്സിഡേന്‍റീവ് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. അലർജിയും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെയും ഏറെ ഫലപ്രദമായി ചെറുക്കാൻ ഇതിന് കഴിയും. പ്രീബയോട്ടിക് ഗുണങ്ങളുള്ള ഉള്ളി ദഹനത്തിനും ഏറെ നല്ലതാണ്. 

5. തക്കാളി

തക്കാളിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഒരു മികച്ച ആന്‍റിഹിസ്റ്റാമിനായി തക്കാളി പ്രവർത്തിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ സീസണൽ അലർജിയെ ചെറുക്കാൻ ആന്‍റിഹിസ്റ്റാമിൻ ഭക്ഷണങ്ങൾക്ക് സാധിക്കും. അതുപോലെ തക്കാളിയിൽ ആന്‍റി ഓക്സിഡന്‍റുകളും ധാരാളമുണ്ട്. കൂടാതെ ഇൻഫ്ലമേഷൻ കുറയ്ക്കുന്ന ലൈസോപീൻ പോലെയുള്ള ഘടകങ്ങളും തക്കാളിയിലുണ്ട്. തക്കാളി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ അലർജിയും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും. 

Disclaimer- മുകളിൽ നൽകിയിരിക്കുന്ന നിർദേശങ്ങളും നുറുങ്ങുകളും ഒരു പൊതുവിവരത്തിന്‍റെ ഭാഗമായുള്ളതാണ്. ഇത് ഒരിക്കലും ഒരു പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവർ തീർച്ചയായും ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. 

Content Summary: 5 foods that fight allergies during Monsoon