ഈ പഴങ്ങളിൽ ഓറഞ്ചിനെക്കാൾ വിറ്റാമിൻ സി ഉണ്ട്

ആരോഗ്യമുള്ള ജീവിതത്തിന് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സുപ്രധാന പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ സി. ശരീരത്തിന്റെ വികാസത്തിനും ശരിയായ പ്രവർത്തനത്തിനും ആവശ്യമായ ഒരു പ്രധാന പോഷകമാണിത്. രോഗപ്രതിരോധ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ സി.

‘അസ്കോർബിക് ആസിഡ്’ എന്നും അറിയപ്പെടുന്ന വിറ്റാമിൻ സി വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്. ജോൺസ് ഹോപ്കിൻസ് മെഡിസിൻ പറയുന്നത് വിറ്റാമിൻ സി വെള്ളത്തിൽ ലയിക്കുകയും ശരീര കോശങ്ങളിലേക്ക് എത്തുകയും ചെയ്യുന്നുവെങ്കിലും ശരീരത്തിൽ വേണ്ടരീതിയിൽ സംഭരിക്കപ്പെടുന്നില്ല, അതിനാൽ ഇത് ദിവസവും ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ കഴിക്കണം. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായി പൊതുവെ കരുതപ്പെടുന്ന പഴമാണ് ഓറഞ്ച്. എന്നാൽ ഓറഞ്ചിനെക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയതും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ചേർക്കേണ്ടതുമായ ചില പഴങ്ങളുണ്ട്.

  1. പേരക്ക

ആരോഗ്യമുള്ള ശരീരത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പൊട്ടാസ്യം തുടങ്ങിയ വിവിധ പോഷകങ്ങൾ സമൃദ്ധമായി അടങ്ങിയിരിക്കുന്ന അസാധാരണമായ ഗുണം ചെയ്യുന്ന പഴമാണ് പേരക്ക. വിവിധ രോഗങ്ങളെ ചെറുക്കുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണിത്. പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ സിയുടെ ഇരട്ടിയിലധികം ഒരു പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

  1. കിവി

കിവിഫ്രൂട്ട് അല്ലെങ്കിൽ ചൈനീസ് നെല്ലിക്ക നാരുകളാൽ സമ്പുഷ്ടമായ പഴമാണ്. ഉയർന്ന നാരുകളും കുറഞ്ഞ കലോറി ഉള്ളടക്കവും കിവിയെ അമിത ഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നു. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ സിയുടെ ഏകദേശം 230% കിവി പഴത്തിൽ അടങ്ങിയിട്ടുണ്ട്.

  1. സ്ട്രോബെറി

സ്‌ട്രോബെറി രുചികരം മാത്രമല്ല, സുപ്രധാന പോഷകങ്ങളാൽ സമൃദ്ധവുമാണ്. ഇത് ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നത് വളരെ ആരോഗ്യകരമാണ്. സ്‌ട്രോബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മറ്റ് ആരോഗ്യ ഗുണങ്ങൾക്കൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി സ്ട്രോബെറിയിലുണ്ട്.

Also Read: നെല്ലിക്ക- പ്രതിരോധശേഷി കൂട്ടും; മറ്റ് ഒട്ടനവധി ആരോഗ്യഗുണങ്ങളും

  1. പപ്പായ

സമൃദ്ധമായ ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന വളരെ ആരോഗ്യകരമായ പഴമാണ് പപ്പായ. ഇതിൽ ധാരാളം വിറ്റാമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും പപ്പായ സഹായിക്കും.

  1. പൈനാപ്പിൾ

പൈനാപ്പിളിൽ സുപ്രധാന പോഷകങ്ങളും രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും വിട്ടുമാറാത്ത നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ നീർക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും.

Content Summary: 5 fruits that have more vitamin C than oranges